പേജുകള്‍‌

2011, ജൂലൈ 15, വെള്ളിയാഴ്‌ച

പകര്‍ച്ചപ്പനി: നൂറുകണക്കിനാളുകള്‍ ചികിത്സ തേടിയെത്തുന്നു

ഗുരുവായൂര്‍: പകര്‍ച്ചപ്പനി ബാധിച്ച് നൂറുകണക്കിനാളുകള്‍ ചികിത്സ തേടിയെത്തിയതോടെ ആശുപത്രികളില്‍ വന്‍ തിരക്ക്. ദിനംപ്രതി പനിബാധിച്ചെത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. മേഖലയിലെ പ്രധാന ആശുപത്രികളെല്ലാം പനിബാധിതരെക്കൊണ്ടു നിറഞ്ഞു.

ചാവക്കാട് താലൂക്ക് ആശുപത്രിയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടെ പ്രതിദിനം നൂറോളം രോഗികളാണെത്തുന്നത്. പനി ബാധിച്ചവര്‍ ഒരാഴ്ചയോളം ആശുപത്രിയില്‍ കഴിഞ്ഞാലും ശാരീരികക്ഷീണം മാറാന്‍ വീണ്ടും ദിവസങ്ങള്‍ വേണ്ടിവരും. നൂറുകണക്കിനു വിദ്യാര്‍ഥികളും ചികിത്സയിലുണ്ട്. ഇതുമൂലം സ്കൂളുകളില്‍ ഹാജര്‍നിലയും കുറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന തലയെണ്ണലില്‍ പങ്കെടുപ്പിക്കാന്‍ സ്കൂള്‍ അധികൃതര്‍ പല വിദ്യാര്‍ഥികളെയും വീട്ടിലും ആശുപത്രിയിലുമെത്തി കൊണ്ടുവരേണ്ട സ്ഥിതിയുമുണ്ടായി. ശരീരവേദന, തലവേദന, ശക്തമായ ചുമ എന്നിവയാണ് പനിബാധിതര്‍ക്കു അനുഭവപ്പെടുന്ന ലക്ഷണം. പനിയോടൊപ്പം രക്തത്തിലെ അളവ് കുറയുന്നതും പതിവാണ്. ഇതോടെ രക്തബാങ്കുകള്‍ തേടി ആളുകള്‍ നെട്ടോട്ടം തുടങ്ങി. തീരദേശ മേഖലയിലെ ചില സ്ഥലങ്ങളില്‍ മഞ്ഞപ്പിത്തവും ചിക്കന്‍പോക്സും ചെങ്കണ്ണും പടര്‍ന്നുപിടിക്കുന്നുണ്ട്.

ഇത്തവണ മഴക്കാലം ശക്തമാകുന്നതിനുമുമ്പേ പകര്‍ച്ചവ്യാധികള്‍ തടയുന്നതിനു ആരോഗ്യവകുപ്പും തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളും ബോധവല്‍ക്കരണ പരിപാടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു.

എന്നാല്‍ ഏതാനും ആഴ്ചകളായി പനി പടര്‍ന്നുപിടിക്കുകയാണ്. താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ ചികിത്സാ സൌകര്യമൊരുക്കി പകര്‍ച്ചപ്പനി ബാധിച്ചവരെ ചികിത്സിക്കുന്നതിനു ആവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.