ഗുരുവായൂര്‍: ഒമ്പതുമാസം തുടര്‍ച്ചയായ കളിക്കുശേഷം ഒരുമാസം വിശ്രമവും രണ്ടുമാസം അഭ്യാസകാലവുമാണ് കൃഷ്ണനാട്ടം കലാകാരന്മാര്‍ക്കുള്ളത്. ഒരുമാസത്തെ വിശ്രമത്തിനു ശേഷമാണ് ഞായറാഴ്ച ക്ഷേത്രസന്നിധിയിലെ കലാനിലയം ഹാളില്‍ അഭ്യാസം തുടങ്ങിയത്. ആഗസ്ത് 31 വരെ തുടരും. സപ്തംബര്‍ ഒന്നിന് ക്ഷേത്രത്തില്‍ കൃഷ്ണനാട്ടം കളി തുടങ്ങും.
രാവിലെ ഏഴുമണിയോടെ കന്നിമൂലയില്‍ മാടമ്പിവിളക്ക് കത്തിച്ചുവെച്ച് കലാകാരന്മാര്‍ കൈകൂപ്പി വണങ്ങി. ആശാന്മാര്‍ ശിഷ്യന്മാര്‍ക്ക് കച്ചയും എണ്ണയും നല്‍കി അഭ്യാസത്തിന് തുടക്കം കുറിച്ചു.
ദിവസവും പുലര്‍ച്ചെ മൂന്നിന് അഭ്യാസം ആരംഭിക്കും. രാത്രിവരെ നീളും. കണ്ണ് സാധകം, കച്ചകെട്ടി എണ്ണയിട്ട് മെയ്‌സാധകം, കാല്‍സാധകം, ചവിട്ടി ഉഴിച്ചില്‍, കഥാരംഗങ്ങള്‍, വായ്ത്താരി ചൊല്ലിപ്പഠിപ്പിക്കല്‍, കൊട്ട്, പാട്ട് എന്നിവയോടെ ചൊല്ലിയാട്ടം, കൈമുദ്ര അഭ്യസിപ്പിക്കല്‍ എന്നിവയാണ് അഭ്യാസകാലത്ത് നടക്കുക.
സന്ധ്യാനേരം നാമജപം ഉണ്ടാകും. ക്ഷേത്രത്തില്‍ നാമം ചൊല്ലി പ്രദക്ഷിണം വെച്ചശേഷം കളരിയിലും നാമം ഉറക്കെ ചൊല്ലും. ഇതിനുശേഷം അഭിനയങ്ങള്‍ പഠിപ്പിക്കും. പ്രത്യേക ചവിട്ടി ഉഴിച്ചില്‍ ജൂലായ് 17ന് ആരംഭിക്കും. ആശാന്മാരാണ് ചവിട്ടി ഉഴിയുക. ഇരുപതോളം വിദ്യാര്‍ഥികളടക്കം 60 ഓളം കലാകാരന്മാരാണ് കൃഷ്ണനാട്ടം കളിയോഗത്തിലുള്ളത്.
വേഷം ആശാന്മാരായ എം. ശങ്കരനാരായണന്‍, വി. ഉണ്ണികൃഷ്ണന്‍, വി.ആര്‍. കൃഷ്ണന്‍ നമ്പൂതിരി, എം. ഗോപാലകൃഷ്ണന്‍, കെ.സുകുമാരന്‍, പാട്ട് ആശാന്മാരായ മൂത്തേടത്ത് വാസുദേവന്‍ നമ്പൂതിരി, മേച്ചേരി വാസുദേവന്‍ നമ്പൂതിരി, ശാസ്ത്രീയസംഗീതം ആശാന്‍ പി.ഇ. നാരായണന്‍, ശുദ്ധമദ്ദളം ആശാന്‍ കെ.വി. ഹരിനാരായണന്‍, തൊപ്പി മദ്ദളം ആശാന്‍ കെ. രവീന്ദ്രന്‍, ചുട്ടി ആശാന്‍ കെ. ചന്ദ്രശേഖരന്‍ എന്നിവരാണ് അഭ്യാസത്തിന് നേതൃത്വം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.