പേജുകള്‍‌

2011, ജൂലൈ 22, വെള്ളിയാഴ്‌ച

ഗുരുവായൂര്‍ ദേവസ്വം ലാന്റ് അക്വിസിഷന്‍- പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു


ഗുരുവായൂര്‍: ക്ഷേത്രത്തിനു ചുറ്റുമുള്ള ഭൂമിയെടുപ്പിന്റെ ഭാഗമായി ക്ഷേത്രക്കുളത്തിനു വടക്കുഭാഗത്തുള്ള സ്ഥലം അളക്കാന്‍ എത്തിയ ദേവസ്വം ലാന്റ് അക്വിസിഷന്‍- പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരെ നഗരവികസനസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു.

വടക്കേനടയിലെ മഞ്ചിറ വിഷ്ണുനമ്പൂതിരിയുടെ വിട് അളക്കുന്നതിനായാണ് ദേവസ്വം ലാന്റ് വാല്യു അസിസ്റ്റന്റ് ഓഫീസര്‍ സി.കെ. ദാസന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ എത്തിയത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കീഴ്ശാന്തിയാണ് വിഷ്ണുനമ്പൂതിരി. 75 വര്‍ഷമായി അവിടെ താമസിക്കുന്നവരാണ് അവര്‍. സര്‍വേ സംഘം എത്തിയ വിവരമറിഞ്ഞ് ക്ഷേത്രനഗരവികസനസമിതിയുടെ നേതാക്കളായ ടി.എന്‍. മുരളി, രവി ചങ്കത്ത്, ടി. നിരാമയന്‍, മാധവന്‍കുട്ടി കോങ്ങാശ്ശേരി, വിജയകുമാര്‍, വീട്ടിക്കിഴി നന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ എത്തി.

ഭൂമിയെടുപ്പുമായി ബന്ധപ്പെട്ട് പുനരധിവാസ പാക്കേജും ഭൂമിക്ക് കമ്പോളവിലയും നിശ്ചയിക്കാനായി രൂപവത്കരിച്ച കമ്മിറ്റി, യോഗം ചേര്‍ന്ന് തീരുമാനങ്ങളൊന്നും എടുക്കാത്ത സാഹചര്യത്തില്‍ സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്ന് നഗരവികസനസമിതി തുറന്നു പറഞ്ഞു. എന്നാല്‍ നടപടി ക്രമങ്ങളുടെ ഭാഗം മാത്രമാണ് സര്‍വെ എന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. പുനരധിവാസം ഉറപ്പിക്കാതെയുള്ള യാതൊരു സര്‍വേകളും ഗുരുവായൂരില്‍ അനുവദിക്കുന്നതല്ലെന്ന് നഗരവികസനസമിതി ഭാരവാഹികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥസംഘം മടങ്ങിപ്പോകുകയായിരുന്നു. കഴിഞ്ഞയാഴ്ച ഗുരുവായൂരിലെത്തിയ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ്താവനയും അവര്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി. ഭൂമിക്ക് കമ്പോളവിലയും പുനരധിവാസവും ലഭിച്ചശേഷമേ ആരെയും കുടിയൊഴിപ്പിക്കൂ എന്നാണ് റവന്യൂമന്ത്രി അറിയിച്ചിരുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.