പേജുകള്‍‌

2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച

പുന്നയൂര്‍ പഞ്ചായത്തിനെ വിഭജിച്ച് എടക്കഴിയൂര്‍ ആസ്ഥാനമായി തീരദേശ പഞ്ചായത്ത് രൂപീകരിക്കണം

ചാവക്കാട്: പുന്നയൂര്‍ പഞ്ചായത്തിനെ വിഭജിച്ച് എടക്കഴിയൂര്‍ ആസ്ഥാനമായി തീരദേശ പഞ്ചായത്ത് രൂപീകരിക്കണമെന്നു താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. എന്‍സിപി പ്രതിനിധി എം.കെ. ഷംസുദ്ദീനാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. താലൂക്ക് വികസന സമിതിയില്‍ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു.

ചാവക്കാട്, വടക്കേക്കാട് പോലീസ് സ്റ്റേഷനുകളെ ഗുരുവായൂര്‍ അസി. പോലീസ് കമ്മീഷണറുടെ കാര്യാലയത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും അശാസ്ത്രീയമായി നിശ്ചയിച്ചിട്ടുള്ള പരിധികളില്‍ ഭേദഗതി വരുത്തണമെന്നും താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് (എം) പ്രതിനിധി തോമസ് ചിറമ്മലാണ് ഇതു സംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചത്.

ഒരുമനയൂര്‍ പഞ്ചായത്തില്‍ കുടിവെളള വിതരണം മുഴുവന്‍ പ്രദേശങ്ങളിലും നടക്കുന്നില്ലെന്നു പറഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് റജീന മൊയ്നുദ്ദീനാണു വിഷയം സമിതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.

ജല അതോറിറ്റി ഉദ്യോഗസ്ഥരെ നേരത്തെ പഞ്ചായത്തിലെ ജനപ്രതിനിധികളും നാട്ടുകാരും തടഞ്ഞുവയ്ക്കുകയും വിജിലന്‍സില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ഉദ്യോഗസ്ഥര്‍ തീര്‍ക്കുന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ അഭിപ്രായപ്പെട്ടു. തൃത്താലയില്‍ നിന്നാണു പമ്പിങ് നടക്കുന്നതെന്നും എത്തുന്ന വെളളം കടപ്പുറം, ഒരുമനയൂര്‍ പഞ്ചായത്തുകള്‍ക്കു നല്‍കുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ഏങ്ങണ്ടിയൂര്‍ പഞ്ചായത്തില്‍ ചേറ്റുവ സ്കൂളിനടുത്ത് ഉണങ്ങി നില്‍ക്കുന്ന രണ്ടു മരങ്ങള്‍ വെട്ടിമാറ്റാന്‍ തയാറാവാത്ത അധികൃതരുടെ നടപടിക്കെതിരെ ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശുഭ രാജീവ് പരാതി ഉയര്‍ത്തി.

മരം വെട്ടിമാറ്റേണ്ടത് എന്‍എച്ച് അധികൃതരാണെന്നും ഇതിനു വനംവകുപ്പിന്റെ അനുമതി വേണമെന്നും തഹസില്‍ദാര്‍ യോഗത്തെ അറിയിച്ചു.

പുന്നയൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജലാശയങ്ങളും പാടശേഖരങ്ങളും പരസ്യമായി തൂര്‍ക്കുന്നതായും ഇവയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ. കമറുദ്ദീന്‍ പറഞ്ഞു.

ഗുരുവായൂര്‍ ക്ഷേത്രനഗരിയുടെ ഒരുകിലോമീറ്റര്‍ ചുറ്റവളവില്‍ ബാറുകള്‍ ഉള്‍പ്പടെയുള്ള മദ്യവിതരണകേന്ദ്രങ്ങള്‍ സമ്പൂര്‍ണ്ണമായി നിരോധിക്കണമെന്നും ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍നിന്ന് മുതുവട്ടൂരിലേയ്ക്ക് വരുന്ന പൊതുമരാമത്ത് റോഡിന് അരികിലുള്ള തോടിന് കൈവരികെട്ടുവാന്‍ നടപടി സ്വീകരിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.

റേഷന്‍കടകളില്‍ രണ്ടുരൂപ അരിവിതരണത്തിലെ ക്രമക്കേടുകള്‍ ഒഴിവാക്കുവാന്‍ സ്റ്റോക്കുകള്‍ കൃത്യമായി പ്രദര്‍ശിപ്പിക്കണമെന്നും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന വസ്തുക്കളുടെ അളവുകള്‍ രേഖപ്പെടുത്തി, പ്രദര്‍ശിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നു.

പുതുപൊന്നാനി റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ തുടര്‍ച്ചയായി മിന്നല്‍ പണിമുടക്ക് നടത്തി യാത്രക്കാരെ ദ്രോഹിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി. ബസ് റൂട്ടുകള്‍ അനുവദിക്കുക, എന്നീ വിഷയങ്ങളും യോഗത്തില്‍ ഉയര്‍ന്നുവന്നു. 

ഉദ്യോഗസ്ഥന്‍മാര്‍ കൃത്യമായി യോഗത്തില്‍ പങ്കെടുക്കണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കു വ്യക്തമായ തെളിവുണ്ടാകണമെന്നും നഗരസഭാധ്യക്ഷ എ.കെ. സതീരത്നം പറഞ്ഞു.

ചാവക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ.കെ. സതീരത്‌നം അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ റെജീന മൊയ്‌നുദ്ദീന്‍, കെ. കമറുദ്ദീന്‍, ശുഭാ രാജീവ്, അഡീ. തഹസില്‍ദാര്‍ കെ. സുധാകരന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ രാധാമണി, തോമസ് ചിറമ്മല്‍, ജോയ്‌സി, പ്രീജ എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.