നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ബഹ്റിനില്‍ നിന്നു വന്ന ഗള്‍ഫ് എയര്‍ വിമാനം റണ്‍വേയില്‍ നിന്നു തെന്നിമാറി ചതുപ്പില്‍ മൂക്കുകുത്തി. ഗള്‍ഫ് എയറിന്റെ ജിഎഫ് 270 ഫ്ളൈറ്റാണ് അപകടത്തില്‍പ്പെട്ടത്. ഏഴു യാത്രക്കാര്‍ക്കു പരിക്കേറ്റു. സംഭവത്തെത്തുടര്‍ന്നു പത്തു മണിക്കൂറോളം വിമാ ന സര്‍വീസ് തടസപ്പെട്ടു. ഇന്നലെ പുലര്‍ച്ചയ്ക്ക് 3.50-നാണു സംഭവം. വിമാനം 31 മീറ്റര്‍ അകലെ ചതുപ്പില്‍ മൂക്കുകുത്തി നിന്നതുകൊണ്ടു മാത്രം വന്‍ ദുരന്തം ഒഴിവായി.
ഭയപ്പെട്ട് എമര്‍ജന്‍സി വാതിലിലൂടെ പുറത്തേക്കു ചാടിയ യാത്രക്കാരില്‍ ചിലര്‍ക്കാണു പരിക്കേറ്റത്. ഒരു കുട്ടി ഉള്‍പ്പെടെ 137 യാത്രക്കാരാണു വിമാനത്തില്‍ ഉണ്ടായിരുന്നത്. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിനു വഴിവച്ചതെന്നാണു സൂചന. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്കു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അസിസ്റന്റ് കമ്മീഷണര്‍ എസ്. ദ്വരൈരാജിന്റെ നേതൃത്വത്തിലുള്ള സംഘം നെടുമ്പാശേരിയില്‍ എത്തി അന്വേഷണം തുടങ്ങി. മൂന്നു വര്‍ഷം മുമ്പു ജെറ്റ്ലൈറ്റ് ഫ്ളൈറ്റ് റണ്‍വേയില്‍നിന്നു തെന്നിമാറിയെങ്കിലും സര്‍വീസുകള്‍ കാര്യമായി തടസപ്പെട്ടില്ല. ഒന്‍പതു വര്‍ഷം മുമ്പ് എയര്‍ ഇന്ത്യാ വിമാനത്തിന്റെ ടയര്‍ പൊട്ടിയപ്പോള്‍ മാത്രമാണ് ഇവിടെ റണ്‍വേ അടച്ചിടേണ്ടിവന്നിട്ടുള്ളത്.
പരിക്കേറ്റ പാലക്കാട് തണ്ണിത്തോടു തേക്കന്‍കാടു വീട്ടില്‍ സെയ്ദ് മുഹമ്മദിനെ (47) അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട സ്വദേശി അബ്ദുള്‍ റഹിം, തൊടുപുഴ സ്വദേശി പരീത് ഇബ്രാഹിം, പി. ജയകുമാര്‍, മുഹമ്മദു കുട്ടി, അഷ്റഫ്, മുഹമ്മദ് എന്നിവരാണു പരുക്കേറ്റ മറ്റുള്ളവര്‍. ഇവരെ പ്രാഥമികശുശ്രൂഷ നല്കിയശേഷം വിട്ടയച്ചു.
ചെളിയില്‍ പുതഞ്ഞു കിടന്ന വിമാനം കൊച്ചി കപ്പല്‍ശാലയില്‍ നിന്നു കൊണ്ടുവന്ന 100 ടണ്ണിന്റെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വിമാനത്തിന്റെ ചിറകിനും ചക്രങ്ങള്‍ക്കും മുന്‍വശത്തുള്ള നോസിലിനും പ്രധാന എന്‍ജിനും തകരാറുണ്ട്. രാത്രിയില്‍ മുംബൈയില്‍ നിന്നു വിമാനം ഉയര്‍ത്താനുള്ള ഉപകരണങ്ങള്‍ പ്രത്യേക വിമാനത്തില്‍ എത്തിച്ചിട്ടുണ്ട്.
റണ്‍വേ അടച്ചിട്ടതുകൊണ്ട്, ഇവിടേക്കു വന്ന കെയു 351, 9 ഡബ്ള്യു 561, ഐഎക്സ് 434, 9 ഡബ്ള്യു 555, ഐഎക്സ് 452, ഡബ്ള്യുവൈ 223, എഐ 934, ക്യുആര്‍ 266, ഇകെ 532 എന്നീ വിമാനങ്ങള്‍ തിരുവനന്തപുരം, കോഴിക്കോട്, ബാംഗളൂര്‍ എന്നിവിട ങ്ങളിലേക്കു തിരിച്ചുവിട്ടു. ഈ വിമാനങ്ങള്‍ ഉച്ചയ്ക്കു 12.05-നുശേഷം ഓരോന്നായി തിരികെ എത്തി. അര്‍ധരാത്രിയോടെ എല്ലാ സര്‍വീസുകളും സാധാരണ നിലയിലായി. ആഭ്യന്തര സര്‍വീസുകളും റണ്‍വേ തുറക്കുന്നതുവരെ സ്തംഭിച്ചു. റണ്‍വേയിലെ 2,050 മീറ്റര്‍ ഭാഗത്തെ ചെളി ആദ്യം നീക്കം ചെയ്തു. ശേഷിച്ചതു രാത്രി വൈകി നീക്കം ചെയ്തു.
സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ഇ.കെ. ഭരത്ഭൂഷണ്‍ അറിയിച്ചു. അപ്രതീക്ഷിതമായി ഉണ്ടായ പ്രതികൂല കാലാവസ്ഥയാണ് അപകടത്തിനു കാരണമായതെന്നു കൊച്ചി വിമാനത്താവള കമ്പനി (സിയാല്‍) മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ ആ സമയത്തു മഴയുണ്ടായിരുന്നില്ലെന്നാണു യാത്രക്കാര്‍ പറയുന്നത്. വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ മഴയും മറ്റും മൂലം പൈലറ്റിനു റണ്‍വേ ശരിക്കു കാണാന്‍ കഴിയാതെ പോയതാണ് അപകടകാരണമെന്നു റിപ്പോര്‍ട്ടുണ്ട്. വിശദമായ അന്വേഷണത്തിനു ശേഷമേ കാരണം വ്യക്തമാകൂ. വിമാനത്താവളത്തിലെ ക്രമീകരണങ്ങളില്‍ പാളിച്ചകളൊന്നും ഉണ്ടായിട്ടില്ലെന്നാണു സിയാല്‍ അധികൃതരുടെ നിലപാട്. മുന്നറിയിപ്പില്ലാതെ അപകടകരമായ സാഹചര്യത്തിലാണു വിമാനം ഇറക്കിയിട്ടുള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആഭ്യന്തര ഫ്ളൈറ്റുകളെല്ലാം റദ്ദാക്കിയതുമൂലം ആയിരക്കണക്കിനു യാത്രക്കാര്‍ ടെര്‍മിനലിന്റെ മുന്നില്‍ രോഷാകുലരായി നില്‍ക്കുന്നതു കാണാമായിരുന്നു. യാത്ര മുടങ്ങിയവരുടെ പ്രതിഷേധം പലപ്പോഴും അതിരുകടക്കുകയും ചെയ്തു. ഓഫീസിലേക്കു തള്ളിക്കയറാനും ശ്രമമുണ്ടായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.