പേജുകള്‍‌

2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകന്‍ ജോണ്‍സണ്‍ നിര്യാതനായി


ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകന്‍ ജോണ്‍സണ്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ രാത്രി 8.30 നായിരുന്നു അന്ത്യം. 58 വയസായിരുന്നു. വീട്ടില്‍ വച്ച് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സമീപത്തെ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. 

അഞ്ച് തവണ മികച്ച സംഗീത സംവിധാനത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം നേടിയിട്ടുണ്ട്. രണ്ടു തവണ ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്. 1953 മാര്‍ച്ച് 26 ന് തൃശൂരിലെ നെല്ലിക്കുന്നില്‍ ജനിച്ച ജോണ്‍സണ്‍ തൃശൂര്‍ സെന്റ് തോമസ് കോളജില്‍ നിന്നും ധനതത്വശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷമാണ് സംഗീതലോകത്ത് എത്തിയത്. സാധാരണ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച ജോണ്‍സണ്‍ സ്വദേശമായ നെല്ലിക്കുന്നിലെ സെന്റ് സെബാസ്റ്യന്‍സ് ചര്‍ച്ചിലെ സംഗീത സംഘത്തില്‍ നിന്നായിരുന്നു സംഗീതത്തിന്റെ ബാലപാഠങ്ങള്‍ മനസിലേറ്റിയത്. 

നന്നേ ചെറുപ്പത്തില്‍ തന്നെ ഗിറ്റാറും, ഹാര്‍മോണിയവും അഭ്യസിച്ച ജോണ്‍സണ്‍ യൂത്ത് ഫെസ്റിവലുകളിലും പിന്നീട് പ്രാദേശിക ഗാനമേള ട്രൂപ്പുകളിലും സജീവസാന്നിധ്യമായി സംഗീതത്തിന്റെ ലോകത്തേക്ക് കൂടുതല്‍ അടുത്തു. മുന്നൂറിലധികം സിനിമാഗാനങ്ങള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട്. 1968 ല്‍ ജോണ്‍സണും സുഹൃത്തുക്കളും ചേര്‍ന്ന് രൂപം നല്‍കിയ വോയ്സ് ഓഫ് തൃശൂര്‍ എന്ന ക്ളബ്ബിലൂടെ ഗായകന്‍ ജയചന്ദ്രനാണ് സംഗീത സംവിധായകന്‍ ജി. ദേവരാജന് ജോണ്‍സനെ പരിചയപ്പെടുത്തിക്കൊടുക്കുന്നത്. ആ പരിചയം ജോണ്‍സന്റെ സംഗീത ജീവിതത്തിലും വഴിത്തിരിവായി. 

1970 കളില്‍ ജി. ദേവരാജന്റെ അസിസ്റന്റായിട്ടായിരുന്നു സിനിമയില്‍ ജോണ്‍സന്റെ തുടക്കം. 1978 ല്‍ പുറത്തിറങ്ങിയ ഭരതന്റെ ആരവം എന്ന ചിത്രത്തില്‍ പശ്ചാത്തല സംഗീതമൊരുക്കി. 80 ല്‍ പുറത്തിറങ്ങിയ തകരയിലും ചാമരത്തിലും പ്രവര്‍ത്തിച്ചു. ആന്റണി ഈസ്റ്മാന്റെ ഇണയെ തേടി എന്ന ചിത്രത്തിലാണ് ആദ്യമായി സ്വതന്ത്ര സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 

ഭരതന്റെ പാര്‍വതിയിലും ബാലചന്ദ്രമേനോന്റെ പ്രേമഗീതങ്ങളിലും തുടര്‍ന്ന് പ്രവര്‍ത്തിച്ചു. പ്രേമഗീതങ്ങളിലെ നാല് ഗാനങ്ങള്‍ ജോണ്‍സന് സംഗീതസംവിധാന രംഗത്ത് പുത്തന്‍ മേല്‍വിലാസം നല്‍കി. പത്മരാജന്‍ ചിത്രമായ 'കൂടെവിടെ' ജോണ്‍സനെ പ്രശസ്തിയിലേക്ക് ഉയര്‍ത്തുന്നത്. ചിത്രത്തിലെ ആടിവാ കാറ്റേ... എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. പത്മരാജന്‍, ഭരതന്‍, സത്യന്‍ അന്തിക്കാട്, ടി.വി. ചന്ദ്രന്‍, കമല്‍, ലോഹിതദാസ്, ബാലചന്ദ്രമേനോന്‍ തുടങ്ങി മലയാളി സിനിമയിലെ വിവിധ തലത്തിലുള്ള സംവിധായകര്‍ക്കൊപ്പം സംഗീതത്തില്‍ ഹിറ്റുകളൊരുക്കിയ പ്രതിഭയായിരുന്നു ജോണ്‍സണ്‍. അവസാന ചിത്രമായ ഞാന്‍ ഗന്ധര്‍വന്‍ ഉള്‍പ്പെടെ പത്മരാജനൊപ്പം 17 ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചു. 

നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ (1986) ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം (1987) നൊമ്പരത്തിപ്പൂവ് (1987) പെരുന്തച്ചന്‍ (1990) തുടങ്ങിയ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങള്‍ ജോണ്‍സന് സംഗീത സംവിധായകരുടെ ഇടയില്‍ പുതിയ സിംഹാസനം നേടിക്കൊടുത്തു. എണ്‍പതുകളിലും തൊണ്ണൂറുകളുടെ ആദ്യവുമായിരുന്നു ജോണ്‍സന്റെ മാസ്റര്‍പീസുകള്‍ പുറത്തുവന്നത്. 

1991 ല്‍ 31 ഗാനങ്ങള്‍ക്ക് ജോണ്‍സണ്‍ സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. ഇതില്‍ 29 പാട്ടുകളും കൈതപ്രത്തിന്റെ രചനയായിരുന്നു. 1994 ല്‍ പൊന്തന്‍മാടയിലെയും പിറ്റേ വര്‍ഷം സുകൃതത്തിലെയും സംഗീത സംവിധാനത്തിനായിരുന്നു അദ്ദേഹത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചത്. 1982 ല്‍ ഓര്‍മയ്ക്കായി എന്ന ചിത്രത്തിനാണ് സംസ്ഥാന അവാര്‍ഡ് ആദ്യമായി ലഭിക്കുന്നത്. തുടര്‍ന്ന് 89 ല്‍ വടക്കുനോക്കിയന്ത്രത്തിലെയും മഴവില്‍കാവടിയിലെയും ഗാനങ്ങള്‍ക്ക് ഈണങ്ങളൊരുക്കി ജോണ്‍സണ്‍ വീണ്ടും സംസ്ഥാന പുരസ്കാരം നേടി. 1999 ല്‍ അങ്ങനെ ഒരു അവധിക്കാലത്ത് എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കും സംസ്ഥാന പുരസ്കാരം ലഭിച്ചു. 

1992 ല്‍ സദയത്തിലൂടെയും 1996 ല്‍ സല്ലാപത്തിലൂടെയും മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന ബഹുമതിയും ജോണ്‍സണ് ലഭിച്ചു. ചെങ്കോലിലെ മധുരം ജീവാമൃത ബിന്ദു, കിരീടത്തിലെ കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി തുടങ്ങി ഒട്ടേറെ ജനപ്രിയ ഈണങ്ങള്‍ ബാക്കിയാക്കിയാണ് ജോണ്‍സണ്‍ വിടപറയുന്നത്. റാണി ജോണ്‍സണ്‍ ആണ് ഭാര്യ, ഷാന്‍ റെന്‍ എന്നിവര്‍ മക്കളാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.