പാവറട്ടി: പഞ്ചായത്തിന്റെ തീരപ്രദേശത്തു വന്‍ പരിഭ്രാന്തി പരത്തി പുഴയില്‍ തിരമാല ഉയര്‍ന്നുപൊങ്ങി. ഇന്നലെ രാത്രി എട്ടരയോടെയാണു നാട്ടുകാരെ ഭീതിയിലാഴ്ത്തിയ സംഭവം ഉണ്ടായത്. കൂരിക്കാട് മേഖലയില്‍ പുഴയില്‍നിന്നു വന്‍ ശബ്ദം കേട്ടു തീരദേശത്തെ വീടുകളില്‍നിന്ന് ആളുകള്‍ ഇറങ്ങിയോടി. പൈങ്കണ്ണിയൂര്‍ ജുമ മസ്ജിദില്‍ നിസ്കാരത്തിനായി എത്തിയവരും പരിഭ്രാന്തിയില്‍ ഇറങ്ങിയോടി.
ശക്തമായ ചുഴലിക്കാറ്റില്‍ പുഴയിലെ വെള്ളം ഉയര്‍ന്നതാണു സംഭവത്തിനു കാരണമെന്നു കരുതുന്നു. പാവറട്ടി പഞ്ചായത്തിലെ കോന്നന്‍ ബസാറില്‍ വെള്ളാങ്കില്‍ താഴത്ത് നിന്നാണു പുഴയിലെ വെള്ളം ഉയര്‍ന്നു പൊങ്ങിയതെന്നു ദൃക്സാക്ഷികള്‍ പറയുന്നു. ഇതു കിഴക്കോട്ട് പെരിങ്ങാട് പുഴ കടന്ന് ഇടിയഞ്ചിറ പാലം വരെ വന്നു. ഇടിയഞ്ചിറ പാലത്തിനു മുന്‍പുള്ള ചെമ്മീന്‍ ബണ്ടുകളിലെ കണ്ടല്‍ക്കാടുകളില്‍ തടഞ്ഞു തിരമാലകളുടെ ശക്തി ക്ഷയിച്ചു. ഇതിനു സമീപമുള്ള രണ്ടു വീടുകളില്‍ നാശനഷ്ടങ്ങളുണ്ടായി.
ഇടിയഞ്ചിറ പാലത്തിനു സമീപം പള്ളത്ത് മംഗലത്ത് വീട്ടില്‍ മുഹമ്മദിന്റെ വീടിന്റെ ഒാടുകള്‍ ശക്തമായ കാറ്റില്‍ പറന്നുപോയി. തെങ്ങില്‍നിന്നു പട്ടകളും തേങ്ങാക്കുലകളും അടര്‍ന്നുവീണു വീടിനു നാശനഷ്ടങ്ങളുണ്ട്. സമീപത്തെ കറുംകൊള്ളി ഹസന്റെ വീട്ടില്‍നിന്നു ഷീറ്റുകള്‍ പറന്നു പോയി. ജനങ്ങളുടെ പരിഭ്രാന്തിയെ തുടര്‍ന്നു ഗുരുവായൂര്‍ എസ്ഐ എസ്. ശ്രീജിത്ത്, പാവറട്ടി എഎസ്ഐ സജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി.
ജിയോളജി വകുപ്പുമായി പൊലീസ് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ടൊര്‍ണാഡോ തിരമാലകളുടെ ചെറിയ പതിപ്പാണെന്നാണ് അനുമാനം. പരിഭ്രാന്തരായ തീരവാസികളില്‍ പലരും ബന്ധുവീടുകളില്‍ അഭയം തേടിയിരിക്കയാണ് ഇപ്പോള്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.