പേജുകള്‍‌

2011, ഓഗസ്റ്റ് 13, ശനിയാഴ്‌ച

ചാവക്കാട് നഗരത്തിലെ ടൌണ്‍ പള്ളിക്കു മുന്നിലുളള ഒാട്ടോറിക്ഷ പാര്‍ക്ക് മാറ്റി സ്ഥാപിക്കാന്‍ തീരുമാനമായി

ചാവക്കാട്: നഗരത്തിലെ ടൌണ്‍ പള്ളിക്കു മുന്നിലുളള ഒാട്ടോറിക്ഷ പാര്‍ക്ക് മാറ്റി സ്ഥാപിക്കാന്‍ നഗരസഭാധ്യക്ഷ വിളിച്ചുചേര്‍ത്ത ട്രാഫിക് പരിഷ്കരണ യോഗത്തില്‍ തീരുമാനമായി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഒാട്ടോ പാര്‍ക്ക് മാറ്റാനുള്ള തീരുമാനമെന്നു നഗരസഭാധ്യക്ഷ എ.കെ. സതീരത്നം യോഗത്തെ അറിയിച്ചു. പൊന്നാനി, മുനക്കക്കടവ് ഭാഗത്തുനിന്നു വരുന്ന ബസുകള്‍ മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ നിര്‍ത്തണമെന്നും അതിനുശേഷം മാത്രം ടൌണില്‍ പ്രവേശിക്കണമെന്നും തീരുമാനിച്ചു. എല്ലാ ബസുകളും രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ സ്റ്റാന്‍ഡില്‍ കയറണമെന്നും നിര്‍ദേശിച്ചു. 

ട്രാഫിക് നിയമം ലംഘിക്കുന്ന എല്ലാ വാഹനങ്ങള്‍ക്കെതിരെയും റോഡിലേക്കു സാധനങ്ങള്‍ ഇറക്കിവച്ചു കച്ചവടം നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കും. ടൌണില്‍ ഏറ്റവും അധികം അപകടം നടക്കുന്ന ചേറ്റുവ റോഡില്‍ വാഹനക്കുരുക്ക് ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. നിയമപരമല്ലാത്ത ബസ് സ്റ്റോപ്പുകളില്‍ ബസുകള്‍ നിര്‍ത്തി ആളെ കയറ്റുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു. നഗരത്തിലെ ഇടുങ്ങിയ റോഡായ ഏനാമാവ് റോഡില്‍ കടകള്‍ക്കു മുന്നില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതുമൂലം വ്യാപാരികള്‍ക്ക് ഏറെ ബുദ്ധിമുട്ടുളളതിനാല്‍ അകലം പാലിച്ചു വാഹനങ്ങള്‍ ഒരുവശം മാത്രം പാര്‍ക്ക് ചെയ്യണമെന്നും യോഗം നിര്‍ദേശിച്ചു. 

ജോലിസമയത്തു ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്ന ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകും. കയ്യില്‍ വളകളും ചരടുകളും ഇട്ട് മേനി കാണിക്കുന്ന ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നു പൊലീസ് അറിയിച്ചു. ബസ് സ്റ്റാന്‍ഡില്‍ വര്‍ക്ക്ഷോപ്പ് ജോലികള്‍ നടത്തുന്ന ബസ് ഉടമകള്‍ക്കെതിരെയും ജീവനക്കാര്‍ക്കെതിരെയും കേസെടുക്കും. വൈസ് ചെയര്‍മാന്‍ മാലിക്കുളം അബാസ്, കൌണ്‍സിലര്‍മാരായ കെ.കെ. കാര്‍ത്യായനി, പി.വി. സുരേഷ്, കെ.എം. അലി, ടി.എസ്. ബുഷറ, രാജലക്ഷ്മി, മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഭാരവാഹികളായ കെ.വി. അബ്ദുല്‍ ഹമീദ്, വി. ഉസ്മാന്‍, ബസ് ഒാണേഴ്സ് അസോസിയേഷന്‍ ഭാരവാഹികളായ കെ.കെ. സേതുമാധവന്‍, സലിംകുമാര്‍, ഷാഫി, എംവിഐ കെ.ആര്‍. രാജു, അഡീഷനല്‍ എസ്ഐ ജനാര്‍ദനന്‍, എം.കെ. ഷംസുദ്ദീന്‍, എം.കെ. സെയ്തലവി പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.