കുന്നംകുളം: പാറേമ്പാടം പമ്പ് ജങ്ഷനു സമീപം ബസ്സുകള്‍ കൂട്ടിയിടിച്ച് 42 പേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. 32 പേരെ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കുപറ്റി.
പരിക്കേറ്റവരെക്കൊണ്ട് ആസ്പത്രിയിലേക്ക് തിരിച്ച കുന്നംകുളം പോലീസിന്റെ ജീപ്പും അപകടത്തില്‍പ്പെട്ടെങ്കിലും ആര്‍ക്കും പരിക്കില്ല. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് ദേശീയപാതയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ചത്. എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി.യും പഴഞ്ഞിക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സുമാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടിയിടിയില്‍ ബസ്സിനുള്ളില്‍ അരമണിക്കൂറോളം കുടുങ്ങിയ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ എറണാകുളം തൃപ്പൂണിത്തുറ ഏരൂര്‍ പുതിയേടത്ത് വീട്ടില്‍ ജയദേവന്‍ (51) റോയല്‍ ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
മറ്റൊരു വാഹനത്തെ മറികടന്നുവന്ന സ്വകാര്യബസ് കെ.എസ്.ആര്‍.ടി.സി.യില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബസ്സിലുണ്ടായിരുന്ന ഊരകം പടിക്കപുത്തന്‍പടം വീട്ടില്‍ കൃഷ്ണന്റെ മകന്‍ രാമചന്ദ്രനെ (41) ഗുരുതരപരിക്കുകളോടെ അമല ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കു പറ്റിയവരെയുംകൊണ്ട് ആസ്പത്രിയിലേക്ക് പായുമ്പോഴാണ് കേച്ചേരി ആക്ട്‌സിന്റെ ആംബുലന്‍സിന് പട്ടാമ്പി റോഡില്‍ അപകടം പിണഞ്ഞത്. കുറുകെ ചാടിയ ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ആംബുലന്‍സ് നിയന്ത്രണംവിട്ട് ഓട്ടോറിക്ഷാ പാര്‍ക്കിങ് പ്രദേശത്തേക്ക് കുതിച്ചത്. ആംബുലന്‍സിന്റെ വരവ് കണ്ട് ഓട്ടോറിക്ഷകളില്‍ ഉണ്ടായിരുന്നവര്‍ ചാടിയിറങ്ങുമ്പോഴാണ് ആംബുലന്‍സ് തട്ടി ഓട്ടോഡ്രൈവര്‍ കക്കാട് കോടക്കുന്ന് സുനിലിന് പരിക്കു പറ്റിയത്. കാലിന് ഗുരുതരപരിക്കേറ്റ് സുനിലിനെ താലൂക്ക് ആസ്പത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ആംബുലന്‍സ് തട്ടി നാല് ഓട്ടോറിക്ഷകള്‍ക്ക് തകരാര്‍ സംഭവിച്ചു.
ഇതിനിടയില്‍ പരിക്കേറ്റവരെയുംകൊണ്ട് ആസ്പത്രിയിലേക്ക് പോകുമ്പോഴാണ് പോലീസ് ജീപ്പിന് കുന്നംകുളം മാര്‍ക്കറ്റ് ജങ്ഷന് സമീപം അപകടം ഉണ്ടായത്. ഓട്ടോറിക്ഷയില്‍ തട്ടുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
34 പേരാണ് താലൂക്ക് ആസ്പത്രിയില്‍ ചികിത്സയ്ക്ക് എത്തിയത്. ഇതില്‍ 30 പേരെ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. യാത്രക്കാരായ ശാന്തി, ഷാഫി, രാധാമണി, സുനില്‍ എന്നിവരെ വിദഗ്ധചികിത്സയ്ക്ക് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മറ്റുള്ളവര്‍ റോയല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. കുന്നംകുളം എസ്‌ഐ എം. മഹേന്ദ്രസിംഹന്റെയും അഗ്‌നിശമനസേനാ മേധാവി പ്രസന്നകുമാറിന്റെയും നേതൃത്വത്തിലുള്ള സംഘം നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
അപകടത്തില്‍ പരിക്കേറ്റവര്‍: പഴഞ്ഞി ഗുരുപ്രഭാവാശ്രമം സെക്രട്ടറി സ്വാമി അവ്യയാനന്ദ, കാട്ടകാമ്പാല്‍ സ്വദേശി സജീഷ് (18), ഭാസ്‌കരന്‍ ചെറായി (54), വിന്‍സെന്റ് വയനാട് (50), മധുസൂദനന്‍ പൊന്നാനി (41), വടമുക്ക് ആസിഫ് (25), ജ്യോതി ഇടുക്കി (19), പോര്‍ക്കുളം വേലായുധന്‍ (41), സന്തോഷ് കുമാര്‍ തിരുവാണിയൂര്‍ (28), പോര്‍ക്കുളം രാഗി (21), ബാബുരാജ് കൂറ്റനാട് (47), ചാലക്കുടി ഷിബു (35), വട്ടംകുളം സുര്‍ജിത് (20), വയനാട് കൃഷ്ണ (21), തിരുവാണിക്കല്‍ പാര്‍വതി (39), കോടയ്ക്കല്‍ മുളയാട്ടിപ്പറമ്പില്‍ സജീവ് (22), ഗുരുവായൂര്‍ രതീഷ് (30), ഗുരുവായൂര്‍ വിജയലക്ഷ്മി (28), ഒറ്റപ്പിലാവ് കരിച്ചാലപറമ്പില്‍ ജിഷ (30), പഴഞ്ഞി ചെറുതുരുത്തി കരുവത്തില്‍ രാധാമണി (45), പോര്‍ക്കുളം കിഴക്കേതില്‍ ഫാത്തിമ (55), വയനാട് പുല്‍പ്പള്ളി വലിയമേല്‍ സുധാകരന്‍ (57), എടപ്പാള്‍ പ്രസന്ന (35)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.