ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇല്ലംനിറ ഭക്തിആദരപൂര്‍വം ആഘോഷിച്ചു. കര്‍ക്കടക കെടുതിയില്‍നിന്ന് കാര്‍ഷിക സമൃദ്ധിയുടെ ചിങ്ങത്തെ വരവേല്‍ക്കുന്ന ആഘോഷമാണ് ഇല്ലംനിറ.
പുതുതായി കൊയ്തെടുത്ത നെല്‍ക്കതിര്‍കറ്റകള്‍ ലക്ഷ്മീപൂജ നടത്തി പട്ടില്‍ പൊതിഞ്ഞ് ഗുരുവായൂര്‍ ശ്രീകോവിലില്‍ സമര്‍പ്പിച്ച് ഇന്നലെ രാവിലെ 7.10 ഓടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്.
കിഴക്കെ ഗോപുരത്തിനുമുമ്പില്‍ അരിമാവ് അണിഞ്ഞ് പാരമ്പര്യ അവകാശികളായ അഴീക്കല്‍, മനയം കുടുംബങ്ങളിലെ അംഗങ്ങള്‍ കതിര്‍ക്കറ്റകള്‍ നാക്കിലയില്‍ നിരത്തി. തുടര്‍ന്ന് തീര്‍ഥം തളിച്ച് കതിര്‍ക്കറ്റകള്‍ ശുദ്ധിയാക്കി. ശാന്തിയേറ്റ കീഴ്ശാന്തി പേരംമ്പറ്റ നാരായണന്‍ നമ്പൂതിരി ഓട്ടുരുളിയിലാക്കിയ കതിര്‍ക്കറ്റകള്‍ ശിരസിലേറ്റി. കീഴ്ശാന്തിയുടെ പിറകിലായി ക്ഷേത്രത്തിലെ മറ്റു കീഴ്്ശാന്തിക്കാര്‍ കതിര്‍ക്കറ്റകള്‍ ശിരസിലേറ്റി പ്രദക്ഷിണംവച്ചു. കുത്തുവിളക്ക്, ശംഖനാദം, വാദ്യം എന്നിവ അകമ്പടിയായി.
കതിര്‍ക്കറ്റകള്‍ നാലമ്പലത്തിനകത്തെ നമസ്കാരമണ്ഡപത്തില്‍ എത്തിച്ചശേഷം തന്ത്രിമാരായ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ നേതൃത്വത്തില്‍ മേല്‍ശാന്തി വടക്കേടത്ത് ഗിരീശന്‍ നമ്പൂതിരി കതിര്‍കറ്റകള്‍ക്ക് ലക്ഷ്മീപൂജ നടത്തി. കതിര്‍ക്കറ്റകളില്‍ ഒരുകെട്ട് മേല്‍ശാന്തി ശിരസിലേറ്റി ശ്രീകോവിലെത്തിച്ചു. തുടര്‍ന്ന് പട്ടില്‍ പൊതിഞ്ഞ കതിരുകള്‍ ഗുരുവായൂരപ്പന് സമര്‍പ്പിച്ചു. തുടര്‍ന്ന് ഭക്തജനങ്ങള്‍ക്ക് സൌജന്യമായി വിതരണം ചെയ്തു. ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍മാരായ പി.വി. സോമസുന്ദരന്‍, കെ. കൃഷ്ണന്‍കുട്ടി, പി. വിജയന്‍ നമ്പ്യാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 15നാണ് ക്ഷേത്രത്തില്‍ തൃപ്പുത്തരി. തൃപ്പുത്തരി ദിവസം പുതിയ നെല്ലിന്റെ അരികൊണ്ട് ഉണ്ടാക്കിയ പുത്തരിപ്പായസം ഭഗവാന് നിവേദിക്കുന്നതാണ് ചടങ്ങ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.