പേജുകള്‍‌

2010, ഒക്‌ടോബർ 31, ഞായറാഴ്‌ച

തീര്‍ത്ഥാടന നഗരമായ ഗുരുവായൂരില്‍ ഹെലിപോര്‍ട്ട്‌

കെ എം അക്ബര്‍
ഗുരുവായൂര്‍: തീര്‍ത്ഥാടന നഗരമായ ഗുരുവായൂരിനടുത്ത് ഹെലിപോര്‍ട്ടും ചെറു വിമാനത്താവളവും സ്ഥാപിക്കാന്‍ യോജിച്ച സ്ഥലംതേടി എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വിദഗ്ധസംഘം സന്ദര്‍ശനം നടത്തി. ചാവക്കാട്ട് ഗുരുവായൂര്‍ ദേവസ്വത്തിനുള്ള 12 ഏക്കര്‍ സ്ഥലമായ ദ്വാരക ബീച്ചില്‍, ദേവസ്വത്തിന്റെ അനുമതി കിട്ടിയാല്‍ ആറു മാസത്തിനകം ഹെലിപോര്‍ട്ടിന്റെ നിര്‍മ്മാണം തുടങ്ങുമെന്ന് പി.സി. ചാക്കോ എം.പി. പറഞ്ഞു.

കണ്ടാണശ്ശേരി ചൊവ്വല്ലൂര്‍ പാടം, പാവറട്ടി പെരുവല്ലൂര്‍ പാടം, പൂക്കോട് കുട്ടാടന്‍ പാടം, ചാവക്കാട് ദ്വാരകാ ബീച്ച് എന്നിവിടങ്ങളിലാണ് സംഘം പരിശോധനയ്‌ക്കെത്തിയത്. പി.സി. ചാക്കോ എം.പി., കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. എന്നിവരുമായി ഗുരുവായൂര്‍ ഗസ്റ്റ് ഹൗസില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് സംഘം സ്ഥലപരിശോധനയ്ക്കിറങ്ങിയത്.

എയര്‍പോര്‍ട്ട് അതോറിറ്റി ജനറല്‍ മാനേജര്‍ ആര്‍. രാജശേഖരന്‍, ജോയിന്റ് ജനറല്‍ മാനേജര്‍ വികാസ് ഭല്ല, കോഴിക്കോട് എയര്‍പോര്‍ട്ടിലെ എന്‍ജിനീയറിങ് വിഭാഗം സീനിയര്‍ മാനേജര്‍ പി.എസ്. ദേവകുമാര്‍ എന്നിവരാണ് ശനിയാഴ്ച സ്ഥലസന്ദര്‍ശനത്തിനും സാധ്യതാ പഠനത്തിനുമായി എത്തിയത്.

നിര്‍ദ്ദിഷ്ട കൊച്ചി-ശബരിമല സര്‍വീസ് മാതൃകയില്‍ ഗുരുവായൂരില്‍നിന്ന് ഹെലികോപ്റ്റര്‍ ഷട്ടില്‍ സര്‍വീസ് നടത്താനാകുമെന്ന് എം.പി. പറഞ്ഞു. ദ്വാരകാ ബീച്ചില്‍ ഹെലിപോര്‍ട്ട് വന്നാല്‍ നെടുമ്പാശ്ശേരിയില്‍ നിന്നും ശബരിമലയില്‍നിന്നും തീര്‍ത്ഥാടകര്‍ക്ക് എളുപ്പത്തില്‍ ഗുരുവായൂരില്‍ എത്താനാകും. ഗുരുവായൂരിലേക്കുള്ള വി.വി.ഐ.പി.കള്‍ക്കും ഇതു സൗകര്യപ്രദമാകും.

ചെറു വിമാനത്താവളം (എയര്‍സ്ട്രിപ്പ്) നിര്‍മ്മിക്കാന്‍ 250മുതല്‍ 400വരെ ഏക്കര്‍ സ്ഥലമാണ് ആവശ്യം. 2000 മീറ്റര്‍ റണ്‍വേ ആവശ്യമുണ്ട്. കാറ്റിന്റെ ഗതി മനസ്സിലാക്കി, വിശദമായ പഠനം നടത്തിയശേഷമേ ഏതു സ്ഥലമെന്ന് തീരുമാനിക്കുകയുള്ളൂവെന്ന് ഉദ്യോഗസ്ഥ സംഘം അറിയിച്ചു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിക്കും.

സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തി സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെ കമ്പനി രൂപവത്കരിച്ചാണ് വിമാനത്താവള നിര്‍മ്മാണ പദ്ധതി നടപ്പാക്കുക.

ചാവക്കാട് ദ്വാരക ബീച്ചില്‍ ഗുരുവായൂര്‍ ഹെലിപോര്‍ട്ടിനുള്ള സ്ഥലം പരിശോധിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിട്ടിയുടെ സംഘം വന്നപ്പോള്‍ പി.സി. ചാക്കോ എം.പി., കെ.വി. അബ്ദുള്‍ഖാദര്‍ എംഎല്‍എ, മുന്‍ നഗരസഭാ ചെയര്‍മാന്‍ എം.ആര്‍. രാധാകൃഷ്ണന്‍, നിയുക്ത നഗരസഭാ കൗണ്‍സിലര്‍മാരായ പി. യതീന്ദ്രദാസ്, ഇ.എം. സാജന്‍, കെ.വി. ഷാനവാസ്, പത്മജ ടീച്ചര്‍, കെ.പി.എ. റഷീദ്, പൊതുപ്രവര്‍ത്തകരായ വി.ടി. ബല്‍റാം, എന്‍.വി. സോമന്‍, പി.കെ. ജമാല്‍, ലൈല മജീദ്, ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗം എ.വി. ചന്ദ്രന്‍, ചാവക്കാട് തഹസില്‍ദാര്‍ കെ.കെ. തിലകം, അഡീഷണല്‍ തഹസില്‍ദാര്‍ കെ. ആനന്ദന്‍, ഗുരുവായൂര്‍ ദേവസ്വം ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ കെ. ദേവകി എന്നിവരും സ്ഥലത്തെത്തിയിരുന്നു.



.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.