പേജുകള്‍‌

2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

വിസ തട്ടിപ്പ്: പ്രധാന കണ്ണിയെ അറസ്റ്റ് ചെയ്തു

കൊച്ചി: പതിനേഴ് ലക്ഷത്തോളം രൂപയുടെ വിസ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാന കണ്ണിയെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം, മംഗലത്ത് വീട്ടില്‍ രാധാകൃഷ്ണന്റെ ഭാര്യ രാജി (41)യാണ് പോലീസ് പിടിയിലായത്.

എറണാകുളം നോര്‍ത്ത് പരമാര റോഡിലെ ഇംപക്‌സ് എന്‍റര്‍പ്രൈസസ് സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. ദുബായിലെ അഡ്‌ഹോക് എണ്ണ കമ്പനിയില്‍ ജോലി വാഗ്ദാനം നല്‍കി 25-ഓളം പേരില്‍ നിന്നും 75,000ത്തോളം രൂപ വീതം വാങ്ങി കബളിപ്പിക്കുകയായിരുന്നു. എറണാകുളത്തെ ഒരു സ്ഥാപനത്തില്‍ വച്ച് ഉദ്യോഗാര്‍ഥികളുടെ മെഡിക്കല്‍ പരിശോധന നടത്തിയിരുന്നു. ദുബായിലേയ്ക്കുള്ള എയര്‍ടിക്കറ്റ് ഓരോരുത്തരുടേയും പേരില്‍ എടുത്തതിന്റെ കോപ്പിയും മറ്റും കാണിച്ച് വിശ്വാസ്യത നേടിയശേഷമായിരുന്നു തട്ടിപ്പ്.

ഓഫീസ് അടഞ്ഞു കിടക്കുന്നതായും ഓഫീസിന്റെ മുന്നില്‍ സ്ഥാപിച്ചിരുന്ന നെയിംബോര്‍ഡ് ഇളക്കിമാറ്റിയിരിക്കുന്നതായും കാണപ്പെട്ട ചില ഉദ്യോഗാര്‍ഥികള്‍ നടത്തിയ അന്വേഷണത്തിലാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

അറസ്റ്റിലായ രാജി തയ്യല്‍ ജോലിക്കായി ഗള്‍ഫില്‍ എത്തി രണ്ട് മാസത്തിനകം നാട്ടില്‍ തിരിച്ചെത്തി വിസ കച്ചവടത്തില്‍ ഏര്‍പെടുകയായിരുന്നു. ദുബായില്‍ ഉള്ള ചിലര്‍ ഇവര്‍ക്ക് ഒത്താശ ചെയ്യുന്നതായി തെളിഞ്ഞിട്ടുണ്ട്. മുമ്പ് നഴ്‌സിങ് ജോലിക്കായി വിദേശത്ത് വിടാന്‍ പലരില്‍ നിന്നും 30,000 ത്തോളം രൂപ വീതം വാങ്ങിയശേഷം പരാതി ഉയര്‍ന്നപ്പോള്‍ തിരികെ നല്‍കി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ മറ്റ് പലരില്‍ നിന്നും പൈസ വാങ്ങിയതായി തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഓഫീസില്‍ വച്ച് പൈസ വാങ്ങിയ മുഹമ്മദ് എന്നയാളും തൃശ്ശൂര്‍ സ്വദേശി ബാബുവും ഒളിവിലാണ്.

എറണാകുളം നോര്‍ത്ത് സിഐ രമേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നോര്‍ത്ത് എസ്‌ഐ വിജയശങ്കര്‍, അസി. എസ്‌ഐ ആന്‍റണി ജോസഫ്, എഎസ്‌ഐമാരായ സെബാസ്റ്റ്യന്‍, പോലീസുകാരനായ മാണി, വനിതാ പോലീസ് രഹ്‌ന എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.