പേജുകള്‍‌

2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

ഇന്‍റര്‍നെറ്റിലൂടെ നാലുകോടിയോളം രൂപ വെട്ടിപ്പുനടത്തിയതായി പരാതി: ഒരാള്‍ അറസ്റ്റില്‍

ചിറ്റൂര്‍: നിലവിലില്ലാത്ത കമ്പനിയുടെ പേരില്‍ ഇന്‍റര്‍നെറ്റിലൂടെ പാലക്കാട്ജില്ലയില്‍ നാലുകോടിയോളം രൂപയുടെ വെട്ടിപ്പുനടത്തിയെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍.

പരുത്തിപ്പുള്ളി കാര്യാട്ട്‌വീട്ടില്‍ പരമേശ്വരന്റെ മകന്‍ സ്വാമിനാഥന്‍ (36) ആണ് അറസ്റ്റിലായത്. ചിറ്റൂര്‍ സി.ഐ. ജോണിചാക്കോ, എസ്.ഐ. എം.ജെ.ജിജോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച രാവിലെ പരുത്തിപ്പുള്ളിയിലെ വീട്ടില്‍നിന്നാണ് സ്വാമിനാഥനെ അറസ്റ്റുചെയ്തത്. മണിചെയിന്‍പദ്ധതിയില്‍ നിക്ഷേപം നടത്തി 35 ലക്ഷംരൂപ നഷ്ടപ്പെട്ട അമ്പാട്ടുപാളയം സ്വദേശി ചന്ദ്രന്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍നിന്നായി നാല്‍വര്‍സംഘം കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് വേറെ നടത്തിയിട്ടുള്ളതായും പോലീസ് പറഞ്ഞു. തട്ടിപ്പിനെക്കുറിച്ച് പോലീസ് വിശദീകരണം ഇങ്ങനെ:

തിരുവനന്തപുരംസ്വദേശി ശക്തിപ്രകാശ് മാനേജിങ് ഡയറക്ടറായി 2009 ജൂണില്‍ പ്രവര്‍ത്തനമാരംഭിച്ച 'അസെന്‍റ് ഫോറെക്‌സ്' എന്ന കമ്പനിയുടെ പേരിലാണ് തട്ടിപ്പ് അരങ്ങേറിയത്. ഇയാള്‍ക്ക് കൂട്ടാളികളായി തിരുവനന്തപുരംസ്വദേശി റജിപ്രസാദ്, ആലത്തൂര്‍ സ്വദേശി വേണു, പരുത്തിപ്പുള്ളി സ്വദേശി സ്വാമിനാഥന്‍ എന്നിവരാണ് പ്രധാനമായുണ്ടായിരുന്നത്. നിക്ഷേപകര്‍ നല്കുന്ന തുക ഓസ്‌ട്രേലിയന്‍ ഡോളറില്‍ നിക്ഷേപിച്ച് ഡോളറിന്റെ വിലവര്‍ധനയ്ക്കനുസരിച്ചുള്ള ലാഭം നിക്ഷേപകര്‍ക്ക് ആഴ്ചതോറും നല്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ദിവസം ഒരുശതമാനം എന്ന തോതിലായിരുന്നു നിരക്ക്. 12,100 രൂപ നിക്ഷേപിക്കുന്നവര്‍ക്ക് ഒരുവര്‍ഷത്തില്‍ 34,000 രൂപ തിരിച്ചുനല്കുമെന്നും വാഗ്ദാനംചെയ്തു.

തുക തിരിച്ചുനല്കുന്നതിന് തെളിവായി ഇന്‍റര്‍നെറ്റില്‍ കമ്പനിയുടെ ഒരു വെബ്‌സൈറ്റ് www.asendforex.info എന്ന പേരില്‍ തുടങ്ങുകയും ചെയ്തു. നിക്ഷേപകര്‍ക്ക് ഇതുമൂലം വീട്ടിലിരുന്ന് തങ്ങളുടെ ലാഭവിഹിതം എത്രയെന്ന് ദിനംപ്രതി മനസ്സിലാക്കാനും അവസരമൊരുക്കി. തുടക്കത്തില്‍ രണ്ടുമാസത്തോളം 600 രൂപവീതം ലാഭവിഹിതം നിക്ഷേപകര്‍ക്ക് നല്കിയത് കമ്പനിയിലുള്ള വിശ്വാസം വര്‍ധിപ്പിച്ചു. പിന്നീട് തുകനല്കാതെ ലാഭം വീണ്ടും ഡോളറില്‍ നിക്ഷേപിക്കുന്നതായി വെബ്‌സൈറ്റിലൂടെ അറിയിക്കുകയും ചെയ്തു.

നിക്ഷേപകര്‍ക്ക് ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ അഡ്രസിലുള്ള ഒരു സര്‍ട്ടിഫിക്കറ്റും കോഡ്‌നമ്പറും നല്കിയിരുന്നു. കൂടാതെ, ഓരോനിക്ഷേപകനും പുതുതായി 10 പേരെ ചേര്‍ത്താല്‍ ലാഭത്തിന്റെ അഞ്ചുശതമാനം കമ്മീഷനുംകൂടി ലഭിക്കുമെന്നും കമ്പനി ഭാരവാഹികള്‍ അറിയിച്ചു. എറണാകുളം കടവന്ത്രയിലെ വ്യാപാരഭവന്‍, ഗിരിനഗര്‍ എന്നിവിടങ്ങളില്‍ ഓഫീസുകള്‍ സ്ഥാപിച്ച് പഞ്ചനക്ഷത്രഹോട്ടലുകളില്‍ മാസംതോറും നിക്ഷേപകരുടെ യോഗങ്ങള്‍ വിളിച്ചുകൂട്ടുകയും ചെയ്തതോടെ കമ്പനിയിലേക്ക് നിക്ഷേപകരുടെ ഒഴുക്കായിരുന്നു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് കോടിക്കണക്കിന് രൂപയാണ് കമ്പനിയുടെ പേരിലെത്തിയത്. 10 കോടിയിലേറെ രൂപയുടെ നിക്ഷേപം സംസ്ഥാനത്തുനിന്ന് കമ്പനി സ്വീകരിച്ചിട്ടുണ്ടെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു.

പാലക്കാട്ജില്ലയില്‍നിന്നുമാത്രം അഞ്ചുമാസത്തിനിടെ ആറുകോടിരൂപ സമാഹരിച്ചതായും രണ്ടുകോടി രൂപ നിക്ഷേപകര്‍ക്ക് മടക്കിനല്കിയതായും സ്വാമിനാഥന്‍ പോലീസിനോട് പറഞ്ഞു. കുത്തനൂര്‍ സ്വദേശി ശശികുമാര്‍, കുഴല്‍മന്ദം സ്വദേശി പ്രഭാകരന്‍ എന്നിവരുടെ 35 ലക്ഷംരൂപവീതവും നിക്ഷേപത്തില്‍ ഉള്‍പ്പെടും.

അസെന്‍റ് ഫോറക്‌സ് എന്ന പേരിലുണ്ടായിരുന്ന കമ്പനി 2010 ജനവരിയില്‍ പവര്‍ എന്ന് പേരുമാറ്റിയതോടെയാണ് ആദ്യകാലനിക്ഷേപകര്‍ തട്ടിപ്പ് തിരിച്ചറിയുന്നത്. കമ്പനിയുടെ പേരിലുണ്ടായിരുന്ന വെബ്‌സൈറ്റും അപ്രത്യക്ഷമായി. ഇതേത്തുടര്‍ന്ന് പരാതിയുമായെത്തിയവര്‍ക്ക് കമ്പനി എം.ഡി. ശക്തിപ്രകാശ് അടക്കമുള്ള ഭാരവാഹികള്‍ തുക മടക്കി നല്കാമെന്ന് അനുനയിപ്പിച്ച് പറഞ്ഞയയ്ക്കുകയായിരുന്നെന്ന് നിക്ഷേപകര്‍ പറഞ്ഞു. ഏറെ കഴിഞ്ഞും തുക ലഭിക്കാത്തതിനാല്‍ പരാതിയുമായെത്തിയവര്‍ക്ക് വണ്ടിച്ചെക്ക്‌നല്കി കബളിപ്പിക്കുകയും ചെയ്തു.

നിക്ഷേപകരായ ചന്ദ്രന്‍, ശശികുമാര്‍, പ്രഭാകരന്‍ എന്നിവര്‍ക്കുമാത്രം 1.05 കോടി രൂപയുടെ ചെക്ക് കൊച്ചിയിലെ പുതുതലമുറബാങ്കിലേക്ക് നല്കിയെങ്കിലും ചെക്ക് മടങ്ങി. ഇതോടെ ചന്ദ്രന്റെ നേതൃത്വത്തില്‍ നിക്ഷേപകര്‍ ചിറ്റൂര്‍ പോലീസില്‍ പരാതി നല്കുകയായിരുന്നു. നിക്ഷേപകനായ ശശികുമാറിന്റെ കീഴില്‍മാത്രം 294 പേര്‍ മണിചെയിനില്‍ ചേര്‍ന്നിട്ടുണ്ട്. എറണാകുളത്തെ കമ്പനിയുടെ ഓഫീസുകളും അടച്ചുപൂട്ടി.

പ്രതികളിലൊരാളായ ആലത്തൂര്‍സ്വദേശി വേണു ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം സ്വദേശിയും എം.ഡി.യുമായ ശക്തിപ്രകാശ്, റജിപ്രസാദ് എന്നിവരെക്കുറിച്ച് അന്വേഷണം നടത്തിവരുന്നതായും പോലീസ് അറിയിച്ചു. തുക നിക്ഷേപിച്ച കമ്പനി നിലവിലില്ലാത്തതാണെന്നും ശക്തിപ്രകാശിനെതിരെ തേവര പോലീസില്‍ കേസുള്ളതായും പോലീസ് പറയുന്നു.

കേസില്‍ അറസ്റ്റിലായ സ്വാമിനാഥന്‍ പ്ലസ്ടു തോറ്റ ആളാണെന്നും പോലീസ് പറഞ്ഞു. മുമ്പ് ഇയാള്‍ ആര്‍.എം.പി. മണിചെയിനില്‍ ജോലിചെയ്തിരുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.