പേജുകള്‍‌

2011, മാർച്ച് 20, ഞായറാഴ്‌ച

കരകാണാക്കടലലമേലേ.... മോഹപ്പൂങ്കുരുവി പറന്നേ....

കെ.എം.അക്ബര്‍
ചേറ്റുവ അഴിമുഖം. തൃശൂര്‍ ജില്ലയിലെ ചാവക്കാടിനടുത്തെ ഈ അഴിമുഖം പ്രാചീന തുറമുഖങ്ങളിലൊന്നായിരുവെന്ന് ലോകം സാക്ഷ്യപ്പെടുത്തുന്നു. കൊളോണിയല്‍ കാലഘട്ടത്തിലെ വാണിജ്യ മല്‍സരങ്ങളില്‍ ചേറ്റുവയുടെ ആധിപത്യത്തിനായുള്ള യുദ്ധങ്ങള്‍ നിര്‍ണായകമായിരുന്നു. ടിപ്പു സുല്‍ത്താനും ഡച്ചുകാരും ഇംഗ്ളീഷുകാരും സാമൂതിരിയും അങ്ങനെ ചേറ്റുവ തുറമുഖത്തിന്റെ അധിപന്‍മാരായി.
 തേങ്ങ, ഉണക്കമല്‍സ്യം, നെല്ല് എന്നിവയായിരുന്നു ഇവിടെ നിന്നും പ്രധാനമായും കയറ്റുമതി ചെയ്തിരുന്നത്. ആധുനിക കാലത്ത് ചേറ്റുവ തുറമുഖത്തിന്റെ ഓര്‍മ പുനര്‍ജനിക്കുന്നത് ലാഞ്ചി വേലായുധന്‍ എന്ന് പ്രശസ്തനായ വേലായുധനിലൂടെയായിരുന്നു. വേലായുധന്റെ ഉരുക്കള്‍ കയറ്റുമതി ചെയ്തത് പക്ഷേ മനുഷ്യന്‍മാരെയായിരുന്നു. അങ്ങനെ 1960 കളില്‍ ഭാഗ്യന്വേഷകരായി വേലായുധന്റെ ലാഞ്ചിയില്‍ ഗള്‍ഫിലേക്ക് ഭാഗ്യം തേടിപ്പോയ അനധികൃത യാത്രികരില്‍ പലരും സമ്പന്നരായി. 1945 ല്‍ ബോംബേയിലെത്തിയ വേലായുധന് അന്ന് 14 വയസ്. വര്‍ഷങ്ങളോളം അവിടെ സാഹസികമായി ജീവിച്ചു. അനധികൃത മദ്യ നിര്‍മാണം, കള്ളക്കടത്ത്, സ്വര്‍ണ ബിസ്ക്കറ്റ് വ്യാപാരം. അങ്ങനെ സമ്പാദിച്ച ലക്ഷങ്ങള്‍ നല്‍കി വേലായുധന്‍ സ്വന്തമായി ഒരു ലോഞ്ച് വാങ്ങി. 'ഫത്തേ മുബാറക്ക്'. വേലായുധന്റെ ലോഞ്ച് നിരവധി തവണ ചേറ്റുവയില്‍ നിന്നും യാത്രക്കാരെ ഗള്‍ഫ് നാടുകളിലെത്തിച്ചു. ആദ്യ തവണ ലോഞ്ച് ചേറ്റുവയിലെത്തിച്ചപ്പോള്‍ വേലായുധന്‍ പറഞ്ഞു. ചേറ്റുവയിലുള്ള ഓരോ വീടുകളില്‍ നിന്നും ഓരോരുത്തര്‍ വീതം ലോഞ്ചില്‍ കയറിക്കോളൂ.. ഇതു കേള്‍ക്കേണ്ട താമസം വീടുകളിലേക്ക് സാധനങ്ങള്‍ വാങ്ങാനായി കടയിലേക്ക് വന്നവര്‍ പോലും ലോഞ്ചിയില്‍ കയറിപ്പറ്റി കടല്‍ കടന്ന് ഗള്‍ഫിലെത്തി.

കരകാണാക്കടലലമേലേ.... മോഹപ്പൂങ്കുരുവി പറന്നേ....
അറബിപ്പൊന്‍ നാണ്യം പോലെ... ആകാശത്തമ്പിളി വന്നേ....
ഇളം തെന്നലീണം പാടി വാ.......

ഈ പാട്ടും പാടി ജീവിതത്തിന്റെ മരുപ്പച്ച തേടി ഉരുവില്‍ കയറി അറേബ്യന്‍ മണലാരണ്യത്തിലേക്ക് പോകുന്ന രണ്ട് യുവാക്കളെ ഓര്‍മയുണ്ടോ?. ഗള്‍ഫ് എത്തിയെന്ന ധാരണയാല്‍ കടലില്‍ ചാടി നീന്തി മദ്രാസ് തീരത്ത് എത്തിയ ദാസനേയും വിജയനേയും. മലയാളികളെ കുടുകുടെ ചിരിപ്പിച്ച ‘നാടോടിക്കാറ്റ്’ സിനിമയില്‍ മോഹന്‍ലാലും ശ്രീനിവാസനുമായിരുന്നു ആ ദാസനും വിജയനുമെങ്കില്‍ ആ സിനിമ പുറത്തിറങ്ങുന്നതിനു വളരെ മുമ്പ് ഇത്തതത്തില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ലോഞ്ചിയില്‍ മൂന്നു തവണ അറബിക്കടല്‍ കടക്കാനിറങ്ങി അറേബ്യന്‍ മണ്ണില്‍ കാലുകുത്താന്‍ കഴിയാതിരുന്ന ഒരാള്‍ ഇവിടെയുണ്ട്. തൃശൂര്‍ ജില്ലയില്‍ ചാവക്കാട് ചേറ്റുവക്കടുത്ത് നെല്ലിപറമ്പില്‍ മോഹനന്‍. ഗള്‍ഫ് മലയാളിക്ക് കേട്ട് കേള്‍വിയായിരുന്ന കാലം. അന്ന് മോഹനന് 17 വയസ്. തന്റെ കൂട്ടുകരന്റെ കയ്യില്‍ തിളങ്ങുന്ന പേന കണ്ട് അത്തരത്തിലൊരു പേന തനിക്കും കിട്ടിയിരുന്നെങ്കിലെന്ന് ഓര്‍ത്തു പോയി ആ യുവാവ്. ഒടുവില്‍ കൂട്ടുകാരനോട് ചോദിച്ചു. ഈ പേന എവിടുന്നാ?. ഉടന്‍ വന്നു കൂട്ടുകാരന്റെ മറുപടി. എന്റെ ഇളയച്ചന്‍ പേര്‍ഷ്യയില്‍ നിന്നും കൊണ്ടുവന്നതാ... പേനക്ക് ഇത്ര മനോഹാരിതയുണ്ടെങ്കില്‍ പേന ലഭിക്കുന്ന സ്ഥലത്തിന് എന്തു ഭംഗിയായിരിക്കുമെന്നായിരുന്നു മോഹനന്റെ ചിന്ത. പിന്നെ പേര്‍ഷ്യയെന്ന നാട് കാണണമെന്ന വാശിയിലായി മോഹനനന്‍. ഇതിനിടയിലാണ് പേര്‍ഷ്യയിലേക്ക് ആളുകളെ ലോഞ്ചി വഴി കൊണ്ടു പോകുന്നയാളെ കുറിച്ച് മോഹനനന്‍ അറിഞ്ഞത്. കാത്തിരുന്നില്ല അയാളെ കാണാനായി ഇറങ്ങി തിരിച്ചു. ചാണാശേരി വേലായുധന്‍ എന്ന ലോഞ്ച് വേലായുധന്‍ ആയിരുന്നു അയാളെന്ന് മോഹനന്‍ കണ്ടെത്തി. നിറഞ്ഞ പ്രതീക്ഷകളോടെ മോഹനന്‍ വേലായുധനെ കണ്ടു. തന്റെ ആഗ്രഹം വ്യക്തമാക്കി. ഇതു കേട്ട വേലായുധന്‍ പറഞ്ഞു. ലോഞ്ചിയില്‍ കടല്‍കടന്ന് പേര്‍ഷ്യയിലെത്താന്‍ 500 രൂപ വേണം. ഇതു കേട്ട് മോഹനന്‍ നിരാശനായി. കാരണം എങ്ങനെ 500 രൂപ സംഘടിപ്പിക്കും?. വീട്ടുകാരെ സംബന്ധിച്ച് അതൊരു വലിയ തുക എന്നതു തന്നെ കാരണം. എങ്കിലും തന്റെ ആഗ്രഹം വീട്ടില്‍ അവതരിപ്പിച്ചു. അതിര്‍ത്തി കടക്കാനുള്ള തന്റെ അതിരുകടന്ന മോഹത്തെ വീട്ടുകാര്‍ ആദ്യം എതിര്‍ത്തെങ്കിലും ഒടുവില്‍ വഴങ്ങി. ഇതോടെ സ്വപ്നങ്ങളുടെ ലോകത്തായിരുന്നു മോഹനന്‍. എന്നാല്‍ മകന്റെ ആഗ്രഹ സഫലീകരണത്തിന് 500 രൂപ എങ്ങനെ സംഘടിപ്പിക്കുമെന്ന ചിന്തയിലായിരുന്നു അഛനും അമ്മയും. ഒടുവില്‍ ചായക്കുറി (നാട്ടിന്‍ പുറങ്ങളിലെ പ്രത്യേക സാമ്പാദ്യ ശീലം) നടത്തി പണം സ്വരൂപിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. ഇതിനിടെ മോഹനന്‍ ലോഞ്ച് യാത്രയെ സംബന്ധിച്ച് ഏജന്റുമാരമായി സംസാരിച്ചു തുടങ്ങി. ഏജന്റ് യാത്രാ ക്ളേശങ്ങളെ കുറിച്ച് ഓരോന്നായി നിരത്തി. ''ലോഞ്ചിക്ക് വലിയ ബോട്ടിന്റെ ആകൃതിയാണുള്ളത്. രണ്ട് ആഴ്യയെങ്കിലും തുടര്‍ച്ചയായി യാത്ര ചെയ്താലേ പേര്‍ഷ്യയിലെത്തൂ. കാലവസ്ഥക്കനുസരിച്ച് ദിനങ്ങള്‍ കൂടാം. പേര്‍ഷ്യ കാണാവുന്ന തരത്തില്‍ ലോഞ്ച്ി കടലില്‍ തന്നെ നിര്‍ത്തും. പിന്നെ ഇവിടെ നിന്നും കടലില്‍ ചാടി നീന്തി കരക്കെത്തണം'' ഇതെല്ലാം കേട്ട് മോഹനന്‍ സമ്മതപ്രകാരം തലകുലുക്കി. അങ്ങനെ മോഹനന്‍ പ്രതീക്ഷിച്ചിരുന്ന ദിനമെത്തി. ഇതു കേട്ട് അല്പം പേടി തോന്നിയെങ്കിലും തന്നോടൊപ്പം മറ്റു യാത്രക്കാരും ഉണ്ടാവില്ലേ എന്ന ചിന്ത മോഹനന് ധൈര്യം പകര്‍ന്നു.


1968 ജനുവരി 5. സമയം രാവിലെ 10 മണി. കുളിച്ചെരുങ്ങി ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിച്ചു. ഒരു ഷര്‍ട്ടും പാന്റ്സും ബാഗിലാക്കി കയ്യില്‍ കരുതി കടപ്പുറം ലക്ഷ്യമാക്കി ഇറങ്ങി. വീട്ടുകാരെ വിട്ട് പോകുന്നതിലുള്ള സങ്കടം മനസില്‍ അലയടിച്ചെങ്കിലും പേര്‍ഷ്യയെത്താനുള്ള സന്തോഷത്താല്‍ അത് മുങ്ങിപ്പോയി. വഞ്ചിയില്‍ പുഴകടന്ന് കടപ്പുറത്തെത്തി. ഒരു ഉല്‍സവ പ്രതീതീയിലായിരുന്നു ആ കടപ്പുറം. 12 മണിയായി. ചേറ്റുവ അഴിമുഖത്തിനടുത്ത് ചെറിയ വഞ്ചികളെത്തി. യാത്രക്കാരെ ലോഞ്ചിക്കരുകില്‍ എത്തിക്കാനുള്ളതായിരുന്നു ആ ചെറു വഞ്ചികള്‍. വഞ്ചിയില്‍ കയറി. വഞ്ചി ലോഞ്ച് ലക്ഷ്യമാക്കി സഞ്ചരിച്ചു. ഒരു വലിയ കപ്പലിനെ പോലെ തോന്നിക്കുന്ന ലോഞ്ചിക്കരികില്‍ വഞ്ചിയെത്തിയതോടെ കയര്‍ കൊണ്ട് നിര്‍മിച്ച കോണിയിലൂടെ യാത്രക്കാര്‍ ലോഞ്ചിയില്‍ കയറി. കൊടി മരങ്ങളും കമ്പകളും ചെറുവഞ്ചികളും ലോഞ്ചിക്കുള്ളില്‍ നിരന്നു കിടക്കുന്നു. എല്ലാവരും ലോഞ്ചിയില്‍ കയറി. മുന്നൂറോളം പേര്‍ കാണും. ഒറ്റക്കും കൂട്ടമായും യാത്രക്കാര്‍ ഇരിപ്പുറപ്പിച്ചു. പാക്കിസ്ഥാന്‍കാരനായ ഒരാളാണ് കപ്പിത്താന്‍. അയാള്‍ക്ക് 50 വയസുണ്ട്. ഉടന്‍ തന്നെ ലോഞ്ച് പുറപ്പെടുകയാണെന്ന കല്‍പന മുഴങ്ങി. കടല്‍ തിരമാലകളെ മുറിച്ച് കടന്ന് ലോഞ്ച് അതിന്റെ ലക്ഷ്യ സ്ഥാനത്തേക്ക് യാത്ര തുടര്‍ന്നു. ആരോടും നേരിട്ട് യാത്ര പറയാനില്ലാത്തതിനാല്‍ എല്ലാവരും ലോഞ്ചിക്കുള്ളില്‍ എഴുന്നേറ്റില്ല. രാത്രിയായി, ആകശത്തേക്ക് നോക്കി ചന്ദ്രനേയും നക്ഷത്രങ്ങളേയും കണ്ട് പേര്‍ഷ്യന്‍ സ്വപ്നങ്ങള്‍ നെയ്തു. നേരം പുലര്‍ന്നു. കടല്‍ തിരമാലകള്‍ക്കു മീതെയുള്ള ലോഞ്ചിയുടെ ഇളക്കമറിഞ്ഞായിരുന്നു ഉറക്കത്തില്‍ നിന്നെഴുന്നേറ്റത്. വീട്ടിലെ ചിട്ടകളാണ് ആദ്യം ഓര്‍മയിലെത്തിയത്. പല്ല് തേച്ച് കടല്‍ വെള്ളം കെണ്ട് കഴുകി യഥാസ്ഥാനത്ത് ഇരുന്നു. യാത്ര പുറപ്പെട്ട് ഇത്ര നേരമായിട്ടും ഒന്നും കഴിച്ചിട്ടില്ല. സന്തോഷം കൊണ്ട് വിശപ്പ് അനുഭവപ്പെട്ടില്ലെന്നതാവും ശരി. കട്ടന്‍ ചായ എല്ലാവര്‍ക്കുമായി വിതരണം ചെയ്തു. ഉച്ചയായി. ഒരു വലിയ പാത്രത്തില്‍ അരിയും പരിപ്പും ഒരുമിച്ച് പാകപ്പെടുത്തിയ ഭക്ഷണം എത്തിച്ചു. യാത്രക്കാരെല്ലാവരും ആ പാത്രത്തിനു ചുറ്റും കൂടിയതേയുള്ളൂ. നിമിഷം കൊണ്ട് പാത്രം വൃത്തിയായി. യാത്ര ആറാം നാള്‍ പിന്നിട്ടു. മോഹനന്‍ ലോഞ്ചിയുടെ മുകള്‍ തട്ടില്‍ കിടക്കുകയാണ്. വെയിലിനെ പ്രതിരോധിക്കാന്‍ ശരീരം ഉടുതുണികൊണ്ട് പുതച്ചു. ശരീരം തളര്‍ന്നിരുന്നെങ്കിലും മനസില്‍ തളര്‍ച്ചയൊന്നും അനുഭവപ്പെട്ടിരുന്നില്ല. താന്‍ പേര്‍ഷ്യയിലെത്തുന്നു എന്ന ചിന്തയായിയിരുന്നു ആ യുവാവിന്. ഇതിനിടെ ലോഞ്ചിയില്‍ ഒരു അടക്കം പറച്ചില്‍. കുടിക്കാനായി ശേഖരിച്ചിരുന്ന വെള്ളം തീര്‍ന്നത്രേ. പേര്‍ഷ്യയെത്താന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരുമെന്നറിഞ്ഞതിനാന്‍ ഇതു കേട്ട യാത്രക്കാര്‍ ആശങ്കയിലായി. പിന്നീട് കടല്‍ വെള്ളത്തില്‍ അരിയും പാകപ്പെടുത്തിയായിരുന്നു ഭക്ഷണം. ദാഹമകറ്റുന്നതും കടല്‍ വെള്ളം. യാത്ര പത്തു ദിനം പൂര്‍ത്തിയാക്കിയതോടെ ഇനി വെള്ളം ശേഖരിച്ച ശേഷം യാത്ര ചെയ്യാമെന്ന ധാരണയിലെത്തി. 11 ാം ദിവസം ലോഞ്ച് തീരത്തോട് അടുപ്പിക്കുകയാണ്. ഇതേ സമയം മോഹനന്‍ നല്ല ഉറക്കത്തിലായിരുന്നു. ലോഞ്ചിയില്‍ തിക്കും തിരക്കും. ഉറക്കത്തില്‍ നിന്നുണര്‍ന്ന മോഹനന്‍ അമ്പരന്നു. പത്ത് ദിവസത്തോളം കരകാണാതെ സഞ്ചരിച്ചിരുന്ന ലോഞ്ച് കരയോട് ചേര്‍ന്ന് നങ്കൂരമിട്ടരിക്കുന്നു. സന്തോഷമായെങ്കിലും വെള്ളം ശേഖരിച്ച് ഇനി എന്ന് യാത്ര തുടരുമെന്ന ആശങ്കയായിരുന്നു അപ്പോള്‍ മോഹനന്. ഇതിനിടെ ലോഞ്ചിയില്‍ നിന്നും അറിയിപ്പുണ്ടായി. യാത്ര മതിയാക്കണമെന്നുള്ളവര്‍ക്ക് ഇവിടെ ഇറങ്ങാമെന്നായിരുന്നു അത്. പകുതിയിലധികം യാത്രക്കാരും ഇതു കേട്ട് യാത്ര മതിയാക്കി ലോഞ്ചിയില്‍ നിന്നിറങ്ങി. എന്നാല്‍ മോഹനന്‍ പിന്തിരിഞ്ഞില്ല. പേര്‍ഷ്യയിലെത്താനുള്ള ആഗ്രഹം മൂലം ലോഞ്ചിയില്‍ ഇരുന്നു. വെള്ളം ശേഖരിച്ച് അടുത്ത ദിവസം തന്നെ ലോഞ്ച് യാത്രയാവുമെന്നും അറിഞ്ഞു. ഈ സമയം നൂറോളം പേര്‍ ലോഞ്ചിയിലുണ്ടായിരുന്നു. ഉച്ചയായി. ഇതേസമയം ഏതാനും പോലിസുകാര്‍ ലാഞ്ചി ലക്ഷ്യം വെച്ച് വരികയാണ്. ലോഞ്ചിയില്‍ കയറിയ പോലിസ് ഓരോരുത്തരേയും ചോദ്യം ചെയ്തു. വിനോദ സഞ്ചാരികളായി ബാംഗ്ളൂരില്‍ നിന്നും വരികയാണെന്ന് എല്ലാവരും മറുപടി പറഞ്ഞു. പോലിസ് തിരികെ പോയി നിമിഷങ്ങള്‍ക്കകം കരയില്‍ നിന്നും ഒരാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു. "അസ്തമയത്തിനു മുമ്പ് എല്ലാവരും ലോഞ്ചിയില്‍ നിന്നും കരക്കിറങ്ങുക, അല്ലെങ്കില്‍ പോലിസ് പിടികൂടുന്നതാണ്''. ഇതുകേട്ട് എല്ലാവരും ഭയത്തിലായി. കൂടുതല്‍ ആലോചിക്കാനിരുന്നില്ല. ലോഞ്ചിയില്‍ നിന്നും ഇറങ്ങാന്‍ എല്ലാവരും തീരുമാനത്തിലെത്തി. കരക്കിറങ്ങിയ ശേഷം ട്രെയിന്‍ മാര്‍ഗം ബേംബേയിലെത്തി. അവിടെ ഒരു ജോലി സമ്പാദിച്ചു. മാസങ്ങള്‍ കഴിഞ്ഞു. വീട്ടില്‍ നിന്നും ഒരു കത്ത് വന്നു. വീണ്ടും പേര്‍ഷ്യയിലേക്ക് ലോഞ്ച് പോകുന്നുവെന്നായിരുന്നു കത്ത്. പേര്‍ഷ്യന്‍ സ്വപ്നം വീണ്ടും മനസില്‍ മുളപൊട്ടിയതോടെ മോഹനന്‍ ഉടന്‍ നാട്ടിലേക്ക് വണ്ടി കയറി.

1969 ലായിരുന്നു പേര്‍ഷ്യ തേടിയുള്ള മോഹനന്റെ രണ്ടാം ലോഞ്ചി യാത്ര. ആദ്യ ദിവസം തന്നെ ലോഞ്ച് തകരാറിലായി. യാത്ര മുടങ്ങി. നിരാശയോടെ തിരികെ പോന്നു. 1970 ല്‍ വീണ്ടും ലോഞ്ച് പുറപ്പെടുന്ന വിവരമറിഞ്ഞു. ആദ്യ യാത്രയില്‍ അനുഭവങ്ങളേറെയുള്ളതിനാല്‍ തയ്യാറെടുപ്പുകള്‍ നടത്തി. 13 ദിവസത്തോളം യാത്ര ചെയ്തു. ദിവസങ്ങള്‍ കഴിഞ്ഞാല്‍ പേര്‍ഷ്യയിലെത്തുമെന്ന ചിന്തയിലിരുന്ന മോഹനന്റെ പ്രതീക്ഷകളെ അപ്രതീക്ഷിതമായെത്തിയ കാറ്റ് തകിടം മറിച്ചു. ശക്തമായ കാറ്റു മൂലം യാത്ര അപകടകരമാണെന്ന് മനസിലായതോടെ ലോഞ്ച് തിരികെ യാത്ര ചെയ്ത് മംഗലാപുരം ബീച്ചിലെത്തി. അങ്ങനെ കടല്‍കടന്ന് അറേബ്യന്‍ നാട്ടിലെത്താനുള്ള മോഹനന്റെ മൂന്നാം ശ്രമവും നടന്നില്ല. ഇപ്പോള്‍ മോഹനന് വയസ് 60. തന്റെ 17 ാം വയസില്‍ മനസില്‍ പൂവിട്ട ആഗ്രഹം മോഹനന്റെ മനസില്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. താന്‍ കടല്‍ കടക്കും, ഗള്‍ഫിലെത്തും. കപ്പലിലും ലോഞ്ചിയിലുമല്ല, വിമാനത്തില്‍. അതിനുള്ള ഒരുക്കത്തിലാണ് മോഹനനന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.