പേജുകള്‍‌

2011, മാർച്ച് 23, ബുധനാഴ്‌ച

ആരാധനാലയങ്ങളുടെ മണ്ഡലത്തില്‍ ഇക്കുറി പോരാട്ടം പൊടിപാറും

 ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രവും പാലയൂര്‍ പള്ളിയും മണത്തല പള്ളിയുമൊക്കെ ഉള്‍പ്പെടുന്ന ആരാധനാലയങ്ങളുടെ മണ്ഡലത്തില്‍ ഇക്കുറി പോരാട്ടം പൊടിപാറും. സിപിഎമ്മിനു വേണ്ടി മത്സരരംഗത്തുള്ള വഖഫ് ബോര്‍ഡ് ചെയര്‍മാനും സിറ്റിംഗ് എംഎല്‍എയുമായ കെ.വി. അബ്ദുള്‍ ഖാദറിനെ എതിരിടാന്‍ യുഡിഎഫ് ഘടകകക്ഷിയായ മുസ്്ലിം ലീഗ് രംഗത്തിറക്കുന്നത്, മലബാറില്‍ ലീഗിന്റെ സ്വാധീനം ഉറപ്പിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച കോക്കൂര്‍ മാനംകണ്ടത്ത് കുടുംബാംഗമായ അഷ്റഫ് കോക്കൂരിനെയാണ്. പ്രചാരണരംഗത്ത് അബ്ദുള്‍ ഖാദര്‍ മുന്നിലാണെങ്കിലും ഒരുപടി മുന്നേറാന്‍ ഇനിയും സമയമുണ്െടന്ന നിലപാടില്‍ ലീഗും പ്രചാരണരംഗത്ത് ചുവടുവച്ചുകഴിഞ്ഞു.
മുസ്്ലിം വോട്ടുകളാണ് മിനിഗള്‍ഫെന്നറിയപ്പെടുന്ന ചാവക്കാടുള്‍പ്പെടുന്ന ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ ഏറെ. അതുകൊണ്ടുകൂടിയാണ് ഇരുമുന്നണികളും മുസ്്ലിം സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയിരിക്കുന്നത്. ക്ഷേത്രങ്ങളുടെ നാടുകൂടിയായതിനാല്‍ ഹൈന്ദവവോട്ടുകളും നിര്‍ണായകമാണ്. ജില്ലാ വൈസ്പ്രസിഡന്റും നിരവധി ക്ഷേത്രക്കമ്മിറ്റികളുടെ ഭാരവാഹിയുമായ ദയാനന്ദന്‍ മാമ്പുള്ളിയാണ് ബിജെപിയുടെ സ്ഥാനാര്‍ഥി.
ഇറക്കുമതി ചെയ്യപ്പെട്ടയാളാണെന്നതാണ് ലീഗ് സ്ഥാനാര്‍ഥിക്കെതിരായ പ്രധാന ആരോപണം. എന്നാല്‍ ജില്ലയോടു തൊട്ടുകിടക്കുന്ന ചങ്ങരംകുളം ആലംകോടുനിന്നുള്ള അഷ്റഫ് കോക്കൂരിന് ഗുരുവായൂര്‍ എന്നത് പരിചിതമേഖല തന്നെയാണെന്നാണ് യുഡിഎഫ് വാദം. ഗുരുവായൂര്‍ മണ്ഡലത്തിന്റെ സമീപമണ്ഡലമായ പൊന്നാനിയിലെ ലീഗിന്റെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അഷ്്റഫ് 12 വര്‍ഷം ആലംകോട് പഞ്ചായത്തിന്റെ പ്രസിഡന്റുമായിരുന്നു. യൂത്ത്ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റും ഹോര്‍ട്ടികോര്‍പ് ചെയര്‍മാനുമായി. ജില്ലാ പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുള്ള അഷ്റഫിന് സംഘടനാരംഗത്തും തെരഞ്ഞെടുപ്പുരംഗത്തും പ്രവര്‍ത്തനപരിചയമുണ്െടങ്കിലും നിയമസഭയിലേക്ക് ഇതാദ്യമാണ്.
പുറത്തുനിന്നുള്ള സ്ഥാനാര്‍ഥിയാണെന്ന വാദത്തില്‍ കഴമ്പില്ലെന്നാണ് ലീഗിന്റെ മതം. ഇതുമായി ബന്ധപ്പെട്ടുണ്ടായ ചെറിയ പടലപ്പിണക്കങ്ങളെല്ലാം പരിഹരിച്ച് സ്ഥാനാര്‍ഥിയുടെ വിജയത്തിനായുള്ള പ്രവര്‍ത്തനത്തിലേക്കു അണികളിറങ്ങിക്കഴിഞ്ഞു. പി.കെ.കെ. ബാവയടക്കമുള്ള പുറത്തുനിന്നുള്ള ലീഗ് സ്ഥാനാര്‍ഥികളെ മുമ്പും വിജയിപ്പിച്ച ചരിത്രം ഗുരുവായൂര്‍ മണ്ഡലത്തിനുണ്ട്. അതുകൊണ്ടുതന്നെ യുഡിഎഫിന് മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയും നിലനില്‍ക്കുന്നു.
ചാവക്കാട് നഗരസഭാ ചെയര്‍മാനായിരുന്ന വത്സലന്റെ കൊലപാതകത്തെതുടര്‍ന്നുള്ള അനുകൂല പശ്ചാത്തലവും ഇടതുതരംഗവുമാണ് ലീഗ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയതെന്നാണ് യുഡിഎഫ് അനുകൂലികളുടെ വിശകലനം. ഇക്കുറി സംസ്ഥാന ഭരണവിരുദ്ധ വികാരവും മണ്ഡലത്തിലെ വികസനമുരടിപ്പും അന്തിമവിധി യുഡിഎഫിന് അനുകൂലമാക്കുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു.
നാട്ടുകാരനാണെന്നതാണ് സിപിഎം സ്ഥാനാര്‍ഥിയുടെ പ്ളസ്്പോയിന്റുകളിലൊന്ന്. ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ ബ്ളാങ്ങാട് സ്വദേശിയാണ് അബ്ദുള്‍ഖാദര്‍. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിയംഗം, സിപിഎം ചാവക്കാട് ഏരിയാകമ്മിറ്റി സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, സിഐടിയു ജില്ലാ വൈസ്പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള അബ്ദുള്‍ഖാദറിനു മണ്ഡലത്തിന്റെ മുക്കുംമൂലയുമറിയാമെന്നതാണ് എല്‍ഡിഎഫ് വാദം.
പൊതുവേ സൌമ്യനെന്ന പേരും വഖഫ്ബോര്‍ഡ് ചെയര്‍മാനെന്ന നിലയ്ക്കുള്ള പ്രവര്‍ത്തനവും മുതല്‍ക്കൂട്ടാണെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. ഗുരുവായൂരില്‍ സാധാരണ സ്വതന്ത്രസ്ഥാനാര്‍ഥികളെ പരീക്ഷിച്ച ചരിത്രമുള്ള ഇടതുപക്ഷം കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് പാര്‍ട്ടിചിഹ്നത്തില്‍ അബ്ദുള്‍ഖാദറിനെ അവതരിപ്പിച്ചത്. 12,309 വോട്ടിന്റെ ഭൂരിപക്ഷം നേടി ലീഗിന്റെ സി.എച്ച് റഷീദിനെയാണ് പരാജയപ്പെടുത്തിയത്. ഇക്കുറി മണ്ഡലത്തിലെ വികസനവും ഭരണനേട്ടങ്ങളും യുഡിഎഫിലെ നേതൃത്വത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുമെല്ലാം ഗുണകരമാകുമെന്നും എല്‍ഡിഎഫ് കണക്കുകൂട്ടുന്നു.
2009-ലെ ലോക്്സഭാ തെരഞ്ഞെടുപ്പിലും കഴിഞ്ഞവര്‍ഷം നടന്ന പഞ്ചായത്തു തെരഞ്ഞെടുപ്പിലും യുഡിഎഫിനായിരുന്നു മണ്ഡലത്തില്‍ മുന്‍തൂക്കം. ചാവക്കാട് താലൂക്കിലെ ചാവക്കാട്, ഗുരുവായൂര്‍ നഗരസഭകള്‍, കടപ്പുറം, ഒരുമനയൂര്‍, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, ഏങ്ങണ്ടിയൂര്‍, വടക്കേക്കാട് പഞ്ചായത്തുകളില്‍ കടപ്പുറം, ഒരുമനയൂര്‍, വടക്കേക്കാട്, പുന്നയൂര്‍ പഞ്ചായത്തുകള്‍ യുഡിഎഫിന്റെ കൈകളിലാണ്. രണ്ടു നഗരസഭകളും രണ്ടു പഞ്ചായത്തുകളും എല്‍ഡിഎഫിന്റെ കൈവശവും.
അഴുക്കുചാല്‍ പദ്ധതികളും കുടിവെള്ളപ്രശ്നവും, തീര്‍ഥാടകര്‍ക്കുള്ള അടിസ്ഥാന സൌകര്യമില്ലായ്മ, റോഡുവികസനത്തില്‍ വരുന്ന കുടിയൊഴിക്കലുകള്‍, അനിശ്ചിതത്വത്തില്‍ നില്‍ക്കുന്ന ഗുരുവായൂര്‍-താനൂര്‍ പാത എന്നിവയെല്ലാം മണ്ഡലത്തില്‍ ഉന്നയിക്കപ്പെടുന്ന പ്രധാന പ്രശ്നങ്ങളാണ്.
ടൂറിസം സാധ്യതകള്‍ ശരിയാംവണ്ണം വിനിയോഗിക്കാനായില്ലെന്നും ആക്ഷേപമുണ്ട്. ഗുരുവായൂരിലെ ട്രീറ്റ്മെന്റ് പ്ളാന്റും കുടിവെള്ളപദ്ധതിയും പ്രാവര്‍ത്തികമാക്കാന്‍ എംഎല്‍എ ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. പ്രദേശവാസിയാണെന്നതും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മണ്ഡലത്തില്‍ ഉണ്ടാക്കിയെടുത്തിട്ടുള്ള ബന്ധങ്ങളും അബ്ദുള്‍ ഖാദറിന് അനുകൂലമാക്കാനാകുമെന്ന് എല്‍ഡിഎഫും കണക്കുകൂട്ടുന്നു. മണ്ഡലപുനഃക്രമീകരണത്തില്‍ ഇടതുപക്ഷത്തിന് ഭൂരിപക്ഷമുള്ള ഏങ്ങണ്ടിയൂര്‍ ഗുരുവായൂരിന്റെ പരിധിയിലായതും പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.