പേജുകള്‍‌

2011, മാർച്ച് 4, വെള്ളിയാഴ്‌ച

കര്‍വയിലേക്ക് കൊച്ചിയില്‍ അനധികൃത റിക്രൂട്ട്‌മെന്റ്


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തറിലെ ഗതാഗത കമ്പനിയായ മുവാസലാത്തിന്റെ പേരില്‍ കേരളത്തില്‍ നിന്ന് ഡ്രൈവര്‍മാരുടെ അനധികൃത റിക്രൂട്ട്‌മെന്റ് നടക്കുന്നു. കൊച്ചി കേന്ദ്രമായ വെസ്‌റ്റെന്റ് ഇന്റര്‍നാഷനല്‍ എക്‌സപോര്‍ട്‌സ് ആന്റ് ഇംപോര്‍ട്‌സ് എന്ന ഏജന്‍സി വന്‍തുക ഫീസ് വാങ്ങി അനധികൃതമായി ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നത്. മുവാസലാത്ത് അധികൃതരുടെ അറിവോ അംഗീകാരമോ ഇല്ലാതെ മാസങ്ങളായി നടക്കുന്ന റിക്രൂട്ട്‌മെന്റ് വഴി കേരളത്തില്‍ നിന്ന് ഇതിനകം പലരും ഖത്തറിലെത്തിയിട്ടുണ്ടെന്നറിയുന്നു.

ജനുവരി മുതലാണ് ഈ റിക്രൂട്ടിങ്ങ് ഏജന്‍സി കര്‍വയിലേക്ക് ഡ്രൈവര്‍മാരെ റിക്രൂട്ടിങ്ങ് തുടങ്ങിയെതെന്നും അറിയുന്നു. അപേക്ഷകരെ വിശ്വാസിപ്പിക്കാനായി കേന്ദ്ര പ്രവാസികാര്യ വകുപ്പിന്റെ അംഗീകൃത റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ വഹ ട്രാവല്‍സ് ആന്റ് ടൂര്‍സിന്റെ പേരും നല്‍കിയാണ് ഇവര്‍ പരസ്യം ചെയ്യുന്നത്. എന്നാല്‍‍, പ്രവാസികാര്യ വകുപ്പിന്റെ അംഗീകൃത റിക്രൂട്ടിംഗ് ഏജന്‍സികളുടെ പട്ടികയില്‍ വെസ്‌റ്റെന്റ് ഇന്റര്‍നാഷനലിനെ ഉള്‍പ്പെടുത്തിയിട്ടില്ലയെന്നാണ് അറിയാന്‍ കഴിഞ്ഞത്.

മുവാസലാത്തിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍ കേരളത്തില്‍ ഒരു ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും റിക്രൂട്ട്‌മെന്റ് നടത്തുന്ന കൊച്ചിയിലെ വെസ്‌റ്റെന്റ് ഇന്റര്‍നാഷനലുമായി മുവാസലാത്തിന് ബന്ധമില്ലെന്നും അവര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ മുംബൈ ആസ്ഥാനമായ വഹ ട്രാവല്‍സ് ആന്റ് ടൂഴ്‌സിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും മുവാസലാത്തിന്റെ ഹ്യൂമന്‍ റിസോഴ്‌സസ് ഡയറക്ടര്‍ ഖദിജ എല്‍ ഹാഷിം വ്യക്തമാക്കി.

ഉദ്യോഗാര്‍ഥികളില്‍ നിന്ന് വിസക്കോ വിമാനടിക്കറ്റിനോ ഫീസ് ഈടാക്കാന്‍ ഇവര്‍ക്കും അനുവാദമില്ല. റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് വിമാനടിക്കറ്റ് മുവാസലാത്താണ് നല്‍കാറുള്ളതെന്നും ഖദിജ എല്‍ ഹാഷിം പറഞ്ഞു. ഈ അനധികൃത റിക്യൂട്ടിങ്ങ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഈ പ്രഖ്യാപനം.



കര്‍വയിലേക്ക് അനധികൃത റിക്രൂട്ട്‌മെന്റ്: എംബസി രംഗത്ത്
ദോഹ: ഖത്തറിലെ ഗതാഗത കമ്പനിയായ മുവാസലാത്തിന്റെ പേരില്‍ കേരളത്തില്‍ നിന്ന് ഡ്രൈവര്‍മാരുടെ അനധികൃത റിക്രൂട്ട്‌മെന്റ് നടക്കുന്നതിനെതിരെ ഖത്തറിലെ ഇന്ത്യന്‍ എംബസി രംഗത്ത്. കൊച്ചി കേന്ദ്രമായ വെസ്‌റ്റെന്റ് ഇന്റര്‍നാഷനല്‍ എക്‌സപോര്‍ട്‌സ് ആന്റ് ഇംപോര്‍ട്‌സ് എന്ന ഏജന്‍സി വന്‍തുക ഫീസ് വാങ്ങി അനധികൃതമായി ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നുവെന്ന വാര്‍ത്ത വന്നതിനെ തുടര്‍നാണ് എംബസി രംഗത്തെത്തിയത്.

ഈ കമ്പിനിക്കെതിരെ എംബസിയില്‍ പരാതി ലഭിച്ചാല്‍ കേരളത്തിലെ ഈ അനധികൃത റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് കത്തെഴുതുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ പറഞ്ഞു.

മുവാസലാത്ത് അധികൃതരുടെ അറിവോ അംഗീകാരമോ ഇല്ലാതെ മാസങ്ങളായി നടക്കുന്ന റിക്രൂട്ട്‌മെന്റ് വഴി കേരളത്തില്‍ നിന്ന് ഇതിനകം പലരും ഖത്തറിലെത്തിയിട്ടുണ്ടെന്നറിയുന്നതിനാലാണ് ഈ പ്രഖ്യാപനം എംബസി നടത്തിയത്. ഗള്‍ഫില്‍ ജോലിക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ പ്രവാസികാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പരിശോധിക്കണമെന്നും അവര്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.