പേജുകള്‍‌

2011, മാർച്ച് 4, വെള്ളിയാഴ്‌ച

സ്‌പോണ്‍സര്‍ഷിപ്പ് മാറ്റ തട്ടിപ്പ് എംബസിയില്‍ അറിയിക്കണം: അംബാസഡര്‍


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം വാഗ്ദാനം ചെയ്ത് പണം വാങ്ങുന്നരെക്കുറിച്ച് വ്യക്തമായ വിവരങ്ങളോടെ ആരും പരാതി നല്‍കാന്‍ മുന്നോട്ടുവരാത്തതാണ് നടപടിയെടുക്കുന്നതിനുള്ള പ്രധാന തടസ്സമെന്നും, ഇത്തരക്കാരെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ പറഞ്ഞു.
സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം വാഗ്ദാനം ചെയ്ത് മലയാളികളില്‍ നിന്ന് പണം വാങ്ങി ചിലര്‍ വ്യാപകമായി തട്ടിപ്പ് നടത്തുന്നതായി പരാതിവന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പ്രഖ്യാപനം. സ്‌പോണ്‍സര്‍ഷിപ്പ് നിയമം സംബന്ധിച്ച് സാധാരണക്കാരുടെ അറിവില്ലായ്മയെ ചൂഷണം ചെയ്ത് മലയാളികള്‍ തന്നെയാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. സ്‌പോണ്‍സര്‍ഷിപ്പ് കമ്പനിയിലേക്ക് മാറ്റിത്തരാമെന്ന് പറഞ്ഞ് വീട്ടുജോലിക്കാരെയും വീടുകളിലെ ഡ്രൈവര്‍മാരെയുമാണ് തട്ടിപ്പ് നടത്തുന്നവര്‍ തങ്ങളുടെ വലയില്‍ കുരുക്കുന്നത്. ഇങ്ങനെ പൂര്‍ണമായും ഭാഗികമായും പണം നഷ്ടപ്പെട്ട പലരും ഉള്ള ജോലിയില്‍ തന്നെ പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പരാതി നല്‍കാന്‍ പോലും മടിക്കുകയാണെന്നും അംബാസിഡർ വ്യക്തമാക്കി.
എംബസിയുടെ ഓപ്പണ്‍ ഫോറത്തിലും ഹെല്‍പ്പ് ഡെസ്‌കിലും ആരെങ്കിലും പരാതിയുമായി എത്തുന്നവർ പോലും ഇത്തരം ഇടപാടുകാരെ കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ തയാറാകുന്നില്ല. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം വാഗ്ദാനം ചെയ്തും മറ്റും പണം തട്ടുന്നത് ചിലര്‍ ബിസിനസാക്കുകയാണ്. ഇത്തരക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ തട്ടിപ്പിനിരയാകുന്നവര്‍ തയാറാകണമെന്നും പരാതിയുമായി ഏതുസമയത്തും എംബസി അധികൃതരെ സമീപിക്കാമെന്നും അംബാസഡര്‍ പറഞ്ഞു.
തട്ടിപ്പുകാരെക്കുറിച്ച് വിവരം ലഭിച്ചാല്‍ ഖത്തര്‍ അധികൃതരുമായും കേരള പോലിസുമായും ബന്ധപ്പെട്ട് ശക്തമായ തുടര്‍നടപടികളുണ്ടാകും. ഖത്തറിലെ തൊഴില്‍ നിയമമനുസരിച്ച് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം അത്ര സുഗമമല്ലെന്നും ഇതു സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് പ്രവാസികള്‍ വേണ്ടത്ര ബോധവാന്‍മാരാവണമെന്നും അംബാസഡര്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.