പേജുകള്‍‌

2011, മാർച്ച് 11, വെള്ളിയാഴ്‌ച

ജപ്പാനില്‍ സുനാമി: വന്‍ നാശനഷ്ടം



ടോക്കിയോ: ടോക്കിയോ: ജപ്പാനില്‍ ആഞ്ഞടിച്ച സുനാമിയില്‍ വന്‍ നാശനഷ്ടം. റിക്ടര്‍ സ്കെയിലില്‍ 8.9 രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയായിരുന്നു സുനാമിത്തിരകള്‍ ആഞ്ഞടിച്ചത്. വടക്കുകിഴക്കന്‍ തീരപ്രദേശത്താണ് സുനാമി കൂടുതല്‍ നാശം വിതച്ചത്. ഇരുപത് മൈലോളം ആഴത്തിലാണ് പ്രകമ്പനം ഉണ്ടായത്.


പതിമൂന്ന് അടിയോളം ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തെ രംഗത്തിറക്കിയിട്ടുണ്ട്. സെന്‍ഡായ് ആയിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തീരപ്രദേശത്തെ വമ്പന്‍ കെട്ടിടങ്ങള്‍ പോലും കൂറ്റന്‍ തിരമാലകളില്‍ നിലംപൊത്തി. വാഹനങ്ങളും ബോട്ടുകളും ചെറുകപ്പലുകളും ഒലിച്ചുപോയിട്ടുണ്ട്. സെന്‍ഡായ് വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തകര്‍ന്നു. തലസ്ഥാന നഗരമായ ടോക്കിയോയിലും പ്രകമ്പനം അനുഭവപ്പെട്ടു. മിയാഗി, ഫുക്കുഷിമ തുടങ്ങിയിടങ്ങളിലും കനത്ത നാശമുണ്ടായി.

ഇത്തിഹാര മേഖലയിലെ ഒരു ഓയില്‍ റിഫൈനറിയില്‍ ഭൂചലനത്തിന്റെ ആഘാതത്തില്‍ വന്‍ തീപിടുത്തം ഉണ്ടായി. ആളപായത്തെക്കുറിച്ച് ജപ്പാന്‍ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും ദുരന്തത്തിന്റെ ദൃശ്യങ്ങളില്‍ നിന്ന് നിരവധി പേര്‍ മരിച്ചതായാണ് വ്യക്തമാകുന്നത്.

നാശനഷ്ടം കുറയ്ക്കാനായി കഴിയുന്നതെല്ലാം ചെയ്യുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി നവോതോ കാന്‍ അറിയിച്ചു. ദുരന്തം നേരിടാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സെന്റര്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

മുന്‍കരുതലെന്ന നിലയില്‍ വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. റെയില്‍ ഗതാഗതവും നിര്‍ത്തിവെച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് റഷ്യ, തായ്വാന്‍, ഇന്‍ഡോനേഷ്യ, ഹവാലി, ഫിലിപ്പെന്‍സ്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, മെക്സിക്കോ തുടങ്ങിയിടങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി.

ജപ്പാനിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിത്. ടോക്കിയോയിലെയും സമീപപ്രദേശങ്ങളിലെയും നാല് മില്യനോളം കെട്ടിടങ്ങളില്‍ വൈദ്യത ബന്ധം നിലച്ചിരിക്കുകയാണ്.

രാജ്യത്തെ ആണവപ്ളാന്റുകള്‍ സുരക്ഷിതമാണെന്നും സംഭവത്തെ തുടര്‍ന്ന് അഞ്ച് ആണപ്ളാന്റുകള്‍ അടച്ചതായും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.