പേജുകള്‍‌

2011, മാർച്ച് 1, ചൊവ്വാഴ്ച

എന്‍ഡോസള്‍ഫാന്‍ ദുരിതര്‍ക്ക് പ്രവാസികളുടെ പിന്തുണ വേണം : എം.എ റഹ്മാന്‍

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: എന്‍ഡോസള്‍ഫാന്‍ ദുരിതര്‍ക്ക്   പ്രവാസികളുടെ പിന്തുണ  ആവശ്യമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും സാഹിത്യകാരനുമായ എം.എ. റഹ്മാന്‍ പറഞ്ഞു.എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി ദോഹയിലെത്തിയ അദ്ദേഹം ഇന്ത്യന്‍ മീഡിയ ഫോറം (ഐ.എം.എഫ്) സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.

22 വര്‍ഷമാണ് കാസര്‍കോട് പ്ലാന്‍റ്റേഷന്‍ കോര്‍പറേഷന്റെ കശുമാവ് തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചത്. 8200ഓളം പേര്‍ ഈ വിഷമഴയില്‍ രോഗബാധിതരായിട്ടുണ്ട് എന്നതാണ്‌ പുതിയ കണക്ക്.പണ്ട് 2000 പേര്‍മാത്രം അടങ്ങുന്ന ലിസ്റ്റാണ് ഗവര്‍മെന്റിനു നല്‍കിയത് അതില്‍ 537 പേര്‍ക്ക് ഗവണ്മെന്റ് സഹായം നല്‍കിവരുന്നുണ്ട് . ഇവര്‍ക്കായി ഗവണ്മെന്റ് ഒരു കോടി 76 ലക്ഷം രൂപ നീക്കിവെച്ചതില്‍ അന്‍പതു ലക്ഷം ഇപ്പോഴും ബാക്കിയുണ്ട്. പുതിയ ബജറ്റില്‍ 20 കോടി രൂപ നീക്കിവെച്ചിട്ടുണെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ കൂടി പിന്തുണയോടെയാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങളില്‍ പാലിയേറ്റീവ് സംഘങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചതെന്നും, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികമായും മാനസികമായും പിന്തുണ നല്‍കാന്‍ പ്രവാസി സമൂഹം ഇനിയും മുന്‍കൈയ്യെടുക്കണമെന്നും ഇദ്ദേഹം അഭ്യര്‍ത്ഥിച്ചു.

14 നദികളും എട്ടു കോട്ടകളും വിവിധ ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങളും കാര്‍ഷികസമൃദ്ധിയുള്ള ഭൂമിയുമുള്ള ജില്ലയാണ് കാസര്‍കോട്. ഒരു പ്രദേശത്ത് ഇത്രയധികം നദികളൊഴുകുന്ന മറ്റൊരു സ്ഥലവും ലോകത്തെവിടെയും കാണാന്‍ കഴിയില്ല. പ്രകൃതിയുടെ സര്‍വാനുഗ്രഹങ്ങളും ഒത്തിണങ്ങിയ ഈ കാര്‍ഷികവിള നല്‍കുന്ന ഭൂമിയെ ഭരണകൂടങ്ങള്‍ വിഴുപ്പ് തള്ളാനുള്ള സ്ഥലമായിട്ടാണോ കാണുന്നതെന്നുപോലും സംശയിച്ചുപോകുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി.

അമേരിക്കയിലും ഓസ്‌ട്രേലിയയിലുമടക്കം 64 രാജ്യങ്ങള്‍ ഈ മരുന്നു നിരോധിച്ചിട്ടും ഇന്ത്യയില്‍ ഇത് തളിക്കുന്നത് അപകടകരമല്ലെന്ന് ന്യായീകരിക്കാനാണ്‌ ഒരു വിഭാഗം ശ്രമിക്കുന്നത്. ഈ മരുന്നടിച്ചിടത്ത് മാത്രം എന്തുകൊണ്ട് അവയവങ്ങള്‍ക്കും ശരീരത്തിനും രോഗം ബാധിച്ച മനുഷ്യക്കുഞ്ഞുങ്ങള്‍ ജനിച്ചുവീഴുന്നു. ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ എന്തുകൊണ്ട് അധികൃതര്‍ സന്നദ്ധമാകുന്നില്ലെന്ന് റഹ്മാന്‍ ചോദിച്ചു.

ഇന്ത്യാ ഗവണ്മെന്റിന്റെ എന്‍.ഐ.ഒ.എച്ച്. നടത്തിയ പഠനത്തില്‍ എന്‍ഡോസള്‍ഫാന്‍ അപകടങ്ങള്‍ക്ക് കാരണമായതായി 92 പേജുകളുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമായും രേഖപ്പെടുത്തിയിട്ടും എന്റോസള്‍ഫാനെ ന്യായീകരിക്കാന്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷനും ബന്ധപ്പെട്ട കേന്ദ്രഗവണ്മെന്റധികൃതരും ശ്രമിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
മുഗള്‍ എമ്പയര്‍ റെസ്‌റ്റോറന്റില്‍ നടന്ന മീറ്റ് ദി പ്രസില്‍ ഐ.എം.എഫ് പ്രസിഡന്റ് സന്തോഷ് ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ കെ.കെ ശങ്കരനും പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.