പേജുകള്‍‌

2011, മാർച്ച് 4, വെള്ളിയാഴ്‌ച

അറബ് പ്രക്ഷോഭങ്ങള്‍ ഇസ്‌ലാമിലടിസ്ഥിതം: ഖറദാവി


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: മതരാഷ്ട്രമല്ല മറിച്ച് ഇസ്‌ലാമികാടിത്തറയിലുള്ള സിവിലിയന്‍ ഭരണസംവിധാനമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നതെന്ന് അന്തര്‍ദേശീയ മുസ്‌ലിം പണ്ഡിതസഭ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി പറഞ്ഞു. 'ഭരണാധികാരിയും ഭരണീയനും തമ്മിലെ ബന്ധം' എന്ന തലക്കെട്ടില്‍ പണ്ഡിതസഭ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറബ് രാജ്യങ്ങളിലെ പ്രക്ഷോഭങ്ങളില്‍ ഇസ്‌ലാമിക വിരുദ്ധമായി ഒന്നുമില്ലെന്നും  അറബ് ലോകത്ത് ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ നശീകരണ പ്രവര്‍ത്തനങ്ങളല്ലെന്നും ഭരണാധികാരികളുടെ ഭാഗത്തുനിന്നുള്ള അക്രമവും അനീതിയും തുടച്ചുനീക്കാനുമാണെന്നും അദ്ദേഹം പറഞ്ഞു. അനീതിയും അക്രമവും വ്യാപകമാവുകയും ജനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുകയും ചെയ്യുമ്പോള്‍ ഭരണാധികാരികളെ തൂത്തെറിയേണ്ടതായി വരും. സ്വാതന്ത്ര്യത്തിലൂന്തിയ ഇസ്‌ലാമിക നിയമം നടപ്പാക്കുന്നതിന്റെ ആദ്യ ലക്ഷണമായി ഇതിനെ കണക്കാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക എന്ന മതാധ്യാപനത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ ജനകീയ സമരങ്ങളെന്ന് പണ്ഡിതസഭ സെക്രട്ടറി ജനറല്‍ ഡോ. അലി മുഹ്‌യിദ്ദീന്‍ അല്‍ഖറദാഗി അഭിപ്രായപ്പെട്ടു. അറബ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ ഔന്നത്യത്തോടെയാണ് ജനങ്ങളോട് പെരുമാറുന്നത്. മുഴുവന്‍ അധികാരങ്ങളും അവര്‍ കയ്യടക്കിവെച്ചിരിക്കുന്നു. എന്നാല്‍, ഭരണാധികാരി ഭരണീയനെക്കാള്‍ ഉത്തമനല്ല. അറബ് സമൂഹങ്ങള്‍ അനീതിയെ വെച്ചുപൊറുപ്പിക്കരുതെന്നും തങ്ങളുടെ ആവശ്യങ്ങള്‍ ക്ഷമയോടെയും ധീരമായും ഉന്നയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഖത്തര്‍ ഇസ്‌ലാമിക് കള്‍ചറല്‍ സെന്ററായ ഫനാറില്‍ നടന്ന സെമിനാറില്‍ ഖത്തര്‍ സര്‍വകലാശാലയിലെ ഡോ. മുഹമ്മദ് അല്‍മുസ്ഫിര്‍, കെയ്‌റോ സര്‍വകലാശാലയിലെ ഡോ. സെയ്ഫുദ്ദീന്‍ അബ്ദുല്‍ ഫത്താഹ് എന്നിവരും പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.