പേജുകള്‍‌

2011, മാർച്ച് 23, ബുധനാഴ്‌ച

തൃപ്രയാറില്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിയും വീട്ടമ്മയും മരിച്ചു

തൃപ്രയാര്‍: ദേശീയപാത 17ലെ തൃപ്രയാര്‍ തെക്കേ ആല്‍മാവിനു സമീപം സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോയിലുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചു. താന്ന്യം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനടുത്ത് മാക്കോറ്റിപ്പാടം രായംമരയ്ക്കാര്‍ വീട്ടില്‍ സെയ്തുമുഹമ്മദിന്റെ മകന്‍ സഫീര്‍ (13), തളിക്കുളം കൊപ്രക്കളം പടിഞ്ഞാറ് മതിലകത്തു വീട്ടില്‍ അഷറഫിന്റെ ഭാര്യ ജുബൈരിയ (35) എന്നിവരാണ് മരിച്ചത്. സെയ്തമുഹമ്മദിന്റെ ഭാര്യ സുലൈഖ (35), തളിക്കുളം ഒസ്സാരുവീട്ടില്‍ മുഹമ്മദാലിയുടെ ഭാര്യ നബീസക്കുട്ടി (42), ഓട്ടോ ഡ്രൈവര്‍ പുത്തന്‍തോട് പടിഞ്ഞാറ് അറക്കവീട്ടില്‍ സലീം (സൂപ്പി-43) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂര്‍ വെസ്റ്റ്‌ഫോര്‍ട്ട് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. സുലൈഖയുടെ നില ഗുരുതരമാണ്.

മതിലകത്തു വീട്ടില്‍ അഷറഫിന്റെ സഹോദരിമാരാണ് സുലൈഖയും നഫീസക്കുട്ടിയും. ഇവരുടെ മറ്റൊരു സഹോദരിയുടെ ഭര്‍ത്താവ് വിദേശത്തു പോകുന്നതിനാല്‍ യാത്രയയക്കാന്‍ പറവൂരില്‍ പോയി വരുമ്പോള്‍ തിങ്കളാഴ്ച വൈകീട്ട് 4.45 ഓടെയാണ് അപകടം ഉണ്ടായത്.

മറ്റൊരു വാഹനത്തെ മറികടന്ന ബസ്സ് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന ഓട്ടോയില്‍ നിന്ന് ഏറെ ബുദ്ധിമുട്ടിയാണ് നാട്ടുകാര്‍ പരിക്കേറ്റവരെ പുറത്തെടുത്തത്.

വലപ്പാട് പോലീസും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. പോലീസ് ജീപ്പില്‍ പരിക്കേറ്റവരെ വാടാനപ്പള്ളി കരുണ ആസ്​പത്രിയില്‍ എത്തിച്ചു. പരിക്ക് സാരമുള്ളതായതിനാല്‍ ആക്ട്‌സ് പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ വെസ്റ്റ്‌ഫോര്‍ട്ട് ആസ്​പത്രിയില്‍ എത്തിക്കുകയായിരുന്നു.

സഫീര്‍ ആസ്​പത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. ജുബൈരിയ ആസ്​പത്രിയിലെത്തി അധികം വൈകാതെയും മരിച്ചു. താന്ന്യം ഗവ. ഹൈസ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് സഫീര്‍. മരിച്ച സഫീറിന്റെ സഹോദരന്‍: സുഹൈല്‍. ജുബൈരിയയുടെ മക്കള്‍: ഷഹല, അന്‍വര്‍.
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.