പേജുകള്‍‌

2010, ഒക്‌ടോബർ 26, ചൊവ്വാഴ്ച

കവി എ. അയ്യപ്പന്റെ ഭൌതിക ശരീരം പൂര്‍ണ ഒൌദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു


തിരുവനന്തപുരം: ജീവിതത്തിന്റെ ചൂടും നൊമ്പരങ്ങളും കവിതയാക്കി ആസ്വാദക മനസിനെ പൊള്ളിച്ച് തെരുവില്‍ വീണു മരിച്ച കവി എ. അയ്യപ്പനു മലയാളത്തിന്റെ യാത്രാമൊഴി. അയ്യപ്പന്റെ ഭൌതിക ശരീരം പൂര്‍ണ ഒൌദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിച്ചു.
അയ്യപ്പന്റെ മൃതദേഹം മെഡിക്കല്‍ കോളജില്‍നിന്ന് ഇന്നു രാവിലെ 10ന് നേമത്തെ സഹോദരിയുടെ വീട്ടിലെത്തിച്ചിരുന്നു. തുടര്‍ന്ന് വിജെടി ഹാളിലും തിരുവനന്തപുരം പ്രസ് ക്ളബ്ബിലും പൊതുദര്‍ശനത്തിനു വച്ചു.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല സാംസ്കാരിക വകുപ്പ് മന്ത്രി എം.എ.ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെ സാഹിത്യ, സാംസ്കാരിക , രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അദ്ദേഹത്തിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. കവിയുടെ സുഹൃത്തുക്കളും ആസ്വാദകരും ഉള്‍പ്പെടെ വന്‍ ജനാവലിയാണു സംസ്കാര ചടങ്ങുകള്‍ക്ക് എത്തിയിരുന്നത്.
21നു വ്യാഴാഴ്ച വൈകിട്ടാണ് അയ്യപ്പന്‍ മരിച്ചത്. ആളെ തിരിച്ചറിയാതെ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ കിടത്തി. പിറ്റേന്നാണു മരിച്ചത് അയ്യപ്പനാണെന്നു തിരിച്ചറിഞ്ഞത്. ഇന്നലെ സംസ്കരിക്കുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ വോട്ടെടുപ്പു കാരണം പലരും അസൌകര്യം അറിയിച്ചതുമൂലം സംസ്കാരം ഇന്നത്തേക്കു മാറ്റുകയായിരുന്നു.
സംസ്കാരം വൈകിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടു വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.