പേജുകള്‍‌

2010, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

ഹാട്രിക് വിജയത്തോടെ ഗുരുവായൂര്‍ നഗരസഭാഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി

ഗുരുവായൂര്‍: ഹാട്രിക് വിജയത്തോടെ ഗുരുവായൂര്‍ നഗരസഭാഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി. ആകെയുള്ള 43 സീറ്റുകളില്‍ 25 എണ്ണത്തിലാണ് എല്‍.ഡി.എഫ് വിജയിച്ചത്. 17 സീറ്റുകള്‍ യു.ഡി.എഫ്. നേടി. ഒരു സീറ്റില്‍ ബി.ജെ.പി.യും വിജയിച്ചു.
25 സീറ്റുകള്‍ ലഭിച്ചതോടെ വിശാല നഗരസഭയുടെ ആദ്യഭരണം എന്ന ക്രെഡിറ്റ് എല്‍.ഡി.എഫിന് സ്വന്തമായി. കഴിഞ്ഞ പത്തുവര്‍ഷമായി ഗുരുവായൂര്‍ നഗരസഭ ഭരിക്കുന്നത് എല്‍.ഡി.എഫാണ്. ഇതുവരെ 22 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. ഇത്തവണ തൈക്കാട്-പൂക്കോട് പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്തതോടെ വാര്‍ഡുകളുടെ എണ്ണം 43 ആയി വര്‍ധിച്ചു. വിശാല നഗരസഭയുടെ അമരത്തെത്താന്‍ എല്‍.ഡി.എഫിന് ഈ തിരഞ്ഞെടുപ്പ് അഭിമാനപ്പോരാട്ടമായിരുന്നു.ഗുരുവായൂര്‍ നഗരസഭയും തൈക്കാട്-പൂക്കോട് പഞ്ചായത്തുകളും മുമ്പ് ഭരിച്ചിരുന്നത് എല്‍.ഡി.എഫ് തന്നെയായിരുന്നു. പല വാര്‍ഡുകളിലും യു.ഡി.എഫിന് ചുരുങ്ങിയ വോട്ടുകള്‍ക്കാണ് പരാജയം നേരിടേണ്ടിവന്നത്. നറുക്കെടുപ്പിലൂടെയാണെങ്കിലും ബി.ജെ.പി.ക്ക് വിജയം ഉറപ്പിക്കാന്‍ കഴിഞ്ഞത് അവര്‍ക്ക് നേട്ടമായി. ഗുരുവായൂര്‍ നഗരസഭയിലെ ശ്രദ്ധയാകര്‍ഷിച്ചിരുന്ന ക്ഷേത്രം വാര്‍ഡുതന്നെയാണ് ബി.ജെ.പി.ക്ക് സ്വന്തമായി കിട്ടിയത്. കഴിഞ്ഞതവണ ബി.ജെ.പി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയിലൂടെ പാര്‍ട്ടിക്ക് നഗരസഭയില്‍ അക്കൗണ്ട് തുറക്കാനായിരുന്നു.
ഇത്തവണ നാല് മുന്‍ ചെയര്‍മാന്‍മാര്‍ മത്സരിച്ചതില്‍ മൂന്നുപേര്‍ക്കും കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നതാണ് ഗുരുവായൂരില്‍ പ്രധാന ചര്‍ച്ചാവിഷയമായത്. സി.പി.എമ്മിലെ എം. കൃഷ്ണദാസ്, കോണ്‍ഗ്രസ്സിലെ പ്രൊഫ. പി.കെ. ശാന്തകുമാരി, ജാഷിക ബാബുരാജ് എന്നിവരാണ് തോറ്റ പ്രമുഖര്‍. എന്നാല്‍, ഏറ്റവും ഒടുവില്‍ നഗരസഭാ ചെയര്‍മാനായിരുന്ന ഗീതാഗോപി യു.ഡി.എഫിന്റെ കോട്ടയില്‍നിന്ന് വിജയിച്ചുവന്നത് ശ്രദ്ധേയവുമായി.


.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.