പേജുകള്‍‌

2010, ഒക്‌ടോബർ 26, ചൊവ്വാഴ്ച

ഹാജിമാര്‍ വ്യാജ ഹജ്ജ് സര്‍വീസ് സ്ഥാപനങ്ങളുടെ കെണിയില്‍പെടുന്നതില്‍ ജാഗ്രത പാലിക്കണം

ജിദ്ദ: ആഭ്യന്തര ഹാജിമാര്‍ വ്യാജ ഹജ്ജ് സര്‍വീസ് സ്ഥാപനങ്ങളുടെ കെണിയില്‍പെടുന്നത് സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് മക്ക ഗവര്‍ണറും സൗദി കേന്ദ്ര ഹജ്ജ് സമിതി അധ്യക്ഷനുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. ഹജ്ജ് സര്‍വീസ് സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് പെര്‍മിറ്റ് ലഭിച്ചവരെ മാത്രമേ ഹജ്ജ് പ്രദേശത്തേക്ക് കടത്തിവിടു. ഹജ്ജ് മന്ത്രാലയത്തിന്റെ അനുമതിയില്ലാത്ത നിരവധി സര്‍വീസ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

വ്യാജ പ്രചാരങ്ങളിലൂടെ ഹാജിമാരെ കബളിപ്പിക്കുന്നവര്‍ക്ക് ശിക്ഷ നല്‍കുമെന്ന് ഹജ്ജ് സംബന്ധിച്ച മാധ്യമങ്ങളിലൂടെയുള്ള ബോധവത്കരണത്തിന്റെ മൂന്നാംഘട്ടം ഉദ്ഘാടനം ചെയ്തുകൊണ്ട് മക്ക ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി.

ഹജ്ജ് സ്ഥലങ്ങളില്‍ ഈ വര്‍ഷം ഗതാഗതത്തിരക്ക് കുറയുമെന്ന് ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.

ഗള്‍ഫ്, ആഭ്യന്തര ഹാജിമാര്‍ക്ക് വേണ്ടിയുള്ള ഈ വര്‍ഷത്തെ ഇദംപ്രഥമമായ ഹജ്ജ് ട്രെയിന്‍, ഇരുപത്തഞ്ച് പേരില്‍ കുറവ് പേര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ ഹജ്ജ് പ്രദേശങ്ങളില്‍ ഓടുന്നതിനുള്ള നിരോധനം, ഇറാന്‍, അനറബി, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായി നടപ്പിലാക്കുന്ന പ്രത്യേക ഗതാഗത പ്ലാന്‍ എന്നിവ മൂലം മുപ്പതിനായിരം വാഹനങ്ങള്‍ ഇത്തവണ ഹജ്ജ് പ്രദേശങ്ങളിലെ നിരത്തില്‍ നിന്ന് അപ്രത്യക്ഷമാവും എന്ന് ഗവര്‍ണര്‍ വിശദീകരിച്ചു.

160 രാജ്യങ്ങളില്‍ നിന്നായി എത്തുന്നവര്‍ പ്രത്യേക സ്ഥലത്ത് ഒരുമിച്ചു കൂടുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങള്‍ ഒഴിവാക്കുക എന്ന ഉദ്യമത്തിലാണ് വമ്പിച്ച തുക ചെലവിട്ട് ഹറമുകളിലും ഹജ്ജ് സ്ഥലങ്ങളിലും വികസന പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് സൗദി ഭരണാധികാരി അബ്ദുള്ള രാജാവ് പറഞ്ഞു. ആള്‍ത്തിരക്ക് സംബന്ധിച്ച ആഗോള സെമിനാര്‍ ഉദ്ഘാടനം ചെയ്ത് കൊണ്ടുള്ള പ്രസംഗത്തിലാണ് അബ്ദുള്ള രാജാവ് ഇങ്ങനെ പറഞ്ഞത്. ജിദ്ദ ഹില്‍ട്ടന്‍ ഹോട്ടലില്‍ നടന്ന സെമിനാറില്‍ രാജാവിന്റെ പ്രസംഗം ആരോഗ്യമന്ത്രി ഡോ. അബ്ദുള്ള രബീയ വായിച്ചു. മക്കയിലും മിനായിലും നടക്കുന്ന വികസന, നിര്‍മാണ പ്രവര്‍ത്തനങ്ങളെ പരാമര്‍ശിക്കുകയായിരുന്നു രാജാവ്.

ഹജ്ജിന്റെ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ലോകാരോഗ്യ സംഘടന മേധാവി മാര്‍ഗരറ്റ് ഷാന്‍ ഉള്‍പ്പെടെ അഞ്ഞൂറിലേറെ പേര്‍ സംബന്ധിച്ചു. സൗദി വാര്‍ത്താവിതരണ മന്ത്രി ഡോ. അബ്ദുല്‍ അസീസ് ഖോജ, ഹജ്ജ് മന്ത്രി ഫുആദ് അബ്ദുല്‍ സലാം അല്‍ ഫാരിസി എന്നിവരും ഉണ്ടായിരുന്നു.

മത-വര്‍ണ-വര്‍ഗ ഭേദമെന്യേ ആള്‍ത്തിരക്ക് കൈകാര്യം ചെയ്യുന്നതിലെ അനുഭവങ്ങളും പ്രാവീണ്യവും ഹജ്ജിലും മറ്റ് ആഗോള ആള്‍ക്കൂട്ട വേളകളിലും ഉപയോഗപ്പെടുത്തുക എന്നതാണ് സെമിനാറിന്റെ ഉദ്ദേശ്യമെന്നും സൗദി ഭരണാധികാരി ചൂണ്ടിക്കാട്ടി.

അഗ്‌നിബാധ കൈകാര്യം ചെയ്യേണ്ട വിധം സംബന്ധിച്ച് സൗദി അഗ്‌നിശമന സേന പത്ത് ദിവസം നീണ്ട മൂന്ന് കോഴ്‌സ് ശില്പശാല സംഘടിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം, തീ നിയന്ത്രണ വിധേയമാക്കല്‍, അടിയന്തര ഘട്ടങ്ങളിലെ പൊടുന്നനെയുള്ള ഇടപെടല്‍ എന്നിവ കേന്ദ്രീകരിച്ച് നടന്ന ശില്പശാലയില്‍ ഹജ്ജില്‍ പങ്കെടുക്കുന്ന അഗ്‌നിശമന സേനയിലെയും അനുബന്ധ വകുപ്പിലെയും അംഗങ്ങള്‍ പങ്കെടുത്തു. അത്യാധുനിക ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനങ്ങളും പരിപാടിയില്‍ ഉണ്ടായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.