പേജുകള്‍‌

2011, ഫെബ്രുവരി 17, വ്യാഴാഴ്‌ച

ആനയോട്ടത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയേറ്റം

ഗുരുവായൂര്‍: ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ആനയോട്ടത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയേറ്റം. ജീവന്‍ ടി വി റിപോര്‍ട്ടര്‍ സന്തോഷ്, കാമറാമാന്‍ ഷക്കീര്‍ എന്നിവരെയാണ് ദേവസ്വം സെക്യൂരിറ്റി ജീവനക്കാരും ചില പോലിസുകാരും ചേര്‍ന്ന് കൈയേറ്റം ചെയ്തത്.
ആനയോട്ടത്തിനിടെ സത്രം ഹാളിലേക്ക് ആന വിരണ്േടാടിയ ദൃശ്യം പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. മാധ്യമപ്രവര്‍ത്തകരെ ചീത്ത വിളിച്ച സെക്യൂരിറ്റി ജീവനക്കാര്‍ ഇരുവരെയും പിടിച്ചുനിര്‍ത്തി കാമറ കേടുവരുത്തി. വിവരമറിഞ്ഞെത്തിയ പോലിസുകാരും സെക്യൂരിറ്റി ജീവനക്കാര്‍ക്കൊപ്പം കൂടി. തുടര്‍ന്ന് കുന്ദംകുളം ഡിവൈ.എസ്.പി രാധാകൃഷ്ണന്‍ എത്തിയ ശേഷമാണ് പ്രശ്നം പരിഹരിച്ചത്. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ഡി.വൈ.എസ്.പി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉറപ്പു നല്‍കി.

പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിഷേധിച്ചു
തൃശൂര്‍: ഗുരുവായൂരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക്നേരെ ദേവസ്വം സെക്യൂരിറ്റി ജീവനക്കാരും  പോലിസും നടത്തിയ മര്‍ദ്ദനത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ തൃശൂര്‍ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. ഗുരുവായൂര്‍ ക്ഷേത്ര മഹോല്‍സവത്തിന്റെ ഭാഗമായ ആനയോട്ടവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന ജീവന്‍ ടി.വി റിപോര്‍ട്ടര്‍ സന്തോഷ്, കാമറാമാന്‍ സക്കീര്‍ എന്നിവരെ യാതൊരു പ്രകോപനവും കൂടാതെ ദേവസ്വം സെക്യൂരിറ്റി ജീവനക്കാരന്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇത് കണ്ടുവന്ന പോലിസുും ഇവര്‍ക്കെതിരേ അസഭ്യവര്‍ഷം ചൊരിയുകയും മര്‍ദ്ദിക്കുകയും കാമറ തല്ലിതകര്‍ക്കുകയും ചെയ്തു.  സെക്യൂരിറ്റി ജീവനക്കാരനെതിരേയും പോലിസിനെതിരേയും മര്‍ദ്ദിച്ചതിന് കേസെടുക്കുകയും ശിക്ഷാനടപടികള്‍ സ്വീകരിക്കുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്യണമെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധങ്ങള്‍ക്ക് മാധ്യമ പ്രവര്‍ത്തകര്‍ തയ്യാറാവുമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് ജോയ് എം മണ്ണൂര്‍, ജില്ലാ സെക്രട്ടറി വി ആര്‍ രാജമോഹന്‍  അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.