പേജുകള്‍‌

2011, ഫെബ്രുവരി 20, ഞായറാഴ്‌ച

സൗദിയിലെ ഹുറൂബ് സംവിധാനം തട്ടിപ്പ് ‍‍: വയലാര്‍ രവി


മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: സൗദിയിലെ ഹുറൂബ് സംവിധാനം തട്ടിപ്പാണെന്ന് അവിടെനിന്നുള്ളവരുമായി സംസാരിച്ചപ്പോൾ ബോധ്യമായതെന്നും ഇക്കാര്യത്തില്‍ അന്വേഷിച്ച് ആവശ്യമായ നടപടികളെടുക്കുമെന്നും, വിദേശറിക്രൂട്ട്‌മെന്റിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്ന ഏജന്റുമാര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും കേന്ദ്രപ്രവാസികാര്യ, വ്യോമയാന മന്ത്രി വയലാര്‍ രവി പറഞ്ഞു. ദോഹയില്‍ നടന്നുവന്ന ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ആഗോള സംഗമത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഗള്‍ഫ് പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് പ്രവാസികാര്യവകുപ്പ് രൂപവത്കരിച്ചത്. കഴിയുന്നത്ര പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ കൈക്കൊള്ളാൻ ശ്രമിക്കുന്നുണ്ടെന്നും,സാധാരണക്കാരായ പ്രവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായാണ് ഓരോ എംബസിക്കും അഞ്ച് മുതല്‍ പത്ത് ലക്ഷം രൂപ വരെ ഫണ്ട് അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എയര്‍ഇന്ത്യയുടെ ഓഫീസ് ഉടന്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കുമെന്നും, ഗള്‍ഫിലേക്ക് കൂടുതല്‍ സര്‍വീസ് നടത്തുകയാണ് എയര്‍ഇന്ത്യയുടെ നഷ്ടം കുറക്കാനുള്ള മാര്‍ഗമെന്ന് താന്‍ അധികൃതരോട് പരഞ്ഞിട്ടുണ്ടെന്നും, തിരുവനന്തപുരത്തെ യൂസേഴ്‌സ് ഫീസ് ഇനി അഞ്ച് വര്‍ഷത്തിന് ശേഷമേ ഇനി പരിശോധിക്കാനാകൂ എന്നും മന്ത്രി വ്യക്തമാക്കി.
രണ്ടാം ഗ്ലോബൽ മീറ്റിന്റെ സ്മരണികയുടെ പ്രകാശനം കെ.മുരളിധരൻ , കെ.സി വർഗ്ഗീസിന്റെ പത്നി ആനിവർഗ്ഗീസിനു  നല്‍കി നിര്‍വഹിച്ചു. പ്രവാസിഭാരതീയ സമ്മാന്‍ നേടിയ പത്മശ്രീ എം.എ യൂസഫലി, പത്മശ്രീ സി.കെ മേനോന്‍, രവിപിള്ള, ഗള്‍ഫാര്‍ മുഹമ്മദലി, ഡോ. ആസാദ് മൂപ്പന്‍ , സോമന്‍ ബേബി, ഐ.സി.ബി.എഫിന് വേണ്ടി പ്രസിഡന്റ് നീലാങ്ഷു ഡെ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, കെ.മുരളിധരൻ,പന്തളം സുധാകരൻ ‍, കെ.സി രാജന്‍,മാനാർ അബ്ദുൽ ലത്തീഫ്, ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ എന്നിവരും സംസാരിച്ചു.  മൂന്നാമത് ആഗോളസംഗമം 2012 ഫെബ്രുവരി 18. 19 തീയതികളില്‍ ബഹ്‌റൈനില്‍ നടക്കും. മാരിയറ്റ് ഹോട്ടലില്‍ രണ്ട് ദിവസങ്ങളിലായി നടന്ന സംഗമത്തില്‍ 25 ൽ പരം രാജ്യങ്ങളില്‍ നിന്നായി 500  ഓളം പ്രതിനിധികള്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.