പേജുകള്‍‌

2010, ഡിസംബർ 23, വ്യാഴാഴ്‌ച

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.കരുണാകരന്‍ നിര്യാതനായി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.കരുണാകരന്‍ (93) നിര്യാതനായി . അണുബാധയെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കരുണാകരന്റെ നില ഇന്നലെ രാവിലെയോടെ വഷളാകുകയായിരുന്നു. വൈകിട്ട് 5.25 ഓടെയായിരുന്നു മരണം.
കഴിഞ്ഞ ദിവസമുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചത്. മരണസമയത്ത് മക്കളായ പത്മജയും മുരളീധരനും ഉള്‍പ്പെടെയുള്ളവര്‍ സമീപമുണ്ടായിരുന്നു. ഈ മാസം പത്തിനാണ് കരുണാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
നാല് തവണ മുഖ്യമന്ത്രിയായും ഒരു വര്‍ഷത്തോളം കേന്ദ്രമന്ത്രിയുമായി പ്രവര്‍ത്തിച്ച കരുണാകരനാണ് കഴിഞ്ഞ അരദശകത്തോളമായി കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ അജണ്ട നിശ്ചയിച്ചിരുന്നത്. 1995 ല്‍ രാജ്യസഭാംഗമായി. കേന്ദ്രത്തില്‍ നരസിംഹറാവു മന്ത്രിസഭയില്‍ 1996 ജൂണ്‍ വരെ വ്യവസായ മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. പരേതയായ കല്യാണിക്കുട്ടിയമ്മയാണ് ഭാര്യ.
1915 ജൂലൈ അഞ്ചിന് കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കലില്‍ തെക്കേടത്ത് രാമുണ്ണി മാരാരുടേയും കണ്ണോത്ത് കല്യാണിയമ്മയുടേയും മകനായി ജനനം. ചെറുപ്പത്തിലേ കോണ്‍ഗ്രസ് ആശയങ്ങളില്‍ ആകൃഷ്ടനായി. എട്ടാംക്ളാസ് പഠനത്തിനിടെ കണ്ണിന് അസുഖം ബാധിച്ച് ചികിത്സയ്ക്കായി തൃശൂരിലെത്തിയതായിരുന്നു ആദ്യത്തെ ദീര്‍ഘയാത്ര. തുടര്‍ന്ന് തൃശൂര്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ കളരിയായി മാറിയതും ചരിത്രം. സ്കൂള്‍ പഠനം ഉപേക്ഷിച്ച് ചിത്രകല അഭ്യസിക്കാനായി തൃശൂര്‍ എം.ടി.ഐയില്‍ ചേര്‍ന്നതാണ് ജീവിതത്തില്‍ വഴിത്തിരിവായത്.
കരുണാകരന്റെ ചിത്രകലാ പഠനം പതുക്കെ കോണ്‍ഗ്രസ് സംഘടനാപ്രവര്‍ത്തനത്തിലേക്ക് വഴിമാറി. സ്കൂള്‍1945 -ല്‍ തൃശൂര്‍ മുനിസിപ്പാലിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെ രാഷ്ട്രീയ വളര്‍ച്ച വേഗത്തിലായി. ട്രേഡ് യൂണിയന്‍ രംഗത്തും തുടക്കത്തില്‍ അതീവ്രശ്രദ്ധ പതിപ്പിച്ചു. 1947 -ല്‍ തൃശൂര്‍ സീതാറാം മില്ലിലെ ഐ.എന്‍.ടി.യു.സി യൂണിയന്‍ രൂപീകരണത്തോടെ പാര്‍ട്ടിക്കുള്ളില്‍ ശ്രദ്ധേയനായി. തൊട്ടുപിന്നാലെ കൊച്ചി നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1948 മുതല്‍ മൂന്നുതവണ തിരുകൊച്ചി നിയമസഭാ അംഗമായി. പനമ്പള്ളി ഗോവിന്ദമേനോനും സി.കെ ഗോവിന്ദന്‍ നായരുമാണ് കരുണാകരനിലെ രാഷ്ട്രീയ വിദ്യാര്‍ഥിയെ രൂപപ്പെടുത്തിയെടുത്തത്.
ഇതിനിടെ ഐക്യകേരള രൂപീകരണം പൂര്‍ത്തിയായി. നിരവധി തൊഴിലാളി സമരങ്ങളും കെ.കരുണാകരന്റെ നേതൃത്വത്തില്‍ തൃശൂരില്‍ കടന്നുപോയി. സംസ്ഥാന രൂപീകരണത്തോടെ കേരള നിയമസഭയിലേക്ക് ലീഡര്‍ വളര്‍ന്നു. 1967 മുതല്‍ 1995 വരെയുള്ള ഏഴ് തെരഞ്ഞെടുപ്പുകളില്‍ മാള നിയമസഭാമണ്ഡലത്തില്‍ നിന്നും വിജയിച്ചു. രാഷ്ട്രീയ എതിരാളികള്‍ പോലും മാളയിലെ മാണിക്യം എന്നു വിശേഷിപ്പിക്കാന്‍ നിര്‍ബന്ധിമായ കാലഘട്ടം. ഇടയ്ക്ക് ഒരു തവണ മാളയ്ക്കൊപ്പം തിരുവനന്തപുരത്തെ നേമം മണ്ഡലത്തില്‍ നിന്നും ജവവിധി തേടി. രണ്ടിടത്തും വിജയമായിരുന്നു ജനങ്ങള്‍ സമ്മാനിച്ചത്.
1967 മുതല്‍ 95 വരെ കരുണാകരനായിരുന്നു കേരള നിയമസഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്. 1969 ല്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഇന്ധിരാഗാന്ധിക്കൊപ്പം ഉറച്ചുനിന്നു. സംസ്ഥാന ആഭ്യന്തരമന്ത്രി, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിങ്ങനെ വിവിധനിലകളില്‍ സ്തുത്യര്‍ഹമായ സേവനം. സംസ്ഥാന കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങളുടെ കേന്ദ്രബിന്ദുവെന്ന വിമര്‍ശനം കേള്‍ക്കേണ്ടിവരുമ്പോഴും ഒപ്പമുള്ളവര്‍ക്ക് വേണ്ടി പാര്‍ട്ടിയില്‍ വീറോടെ വാദിക്കാന്‍ കരുണാകരന്‍ മടികാണിച്ചിട്ടില്ല. കരുണാകരനെ വാഴ്ത്തുവാനും വീഴ്ത്തുവാനും ഒരു പോലെ കാരണമായത് ഈ സ്വഭാവവിശേഷമാണ് താനും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.