പേജുകള്‍‌

2010, ഡിസംബർ 24, വെള്ളിയാഴ്‌ച

ഖത്തറില്‍ തൊഴിലാളികള്‍ക്ക് മാത്രമായുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഉത്ഘാടനം ചെയ്തു

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: തൊഴിലാളികള്‍ക്ക് മാത്രമായുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഔപചാരിക ഉദ്ഘാടനം ആരോഗ്യ മന്ത്രിയും സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് സെക്രട്ടറി ജനറലുമായ അബ്ദുല്ല ബിന്‍ ഖാലിദ് അല്‍ഖഹ്താനി നിര്‍വഹിച്ചു.
ഇന്നലെ നടന്ന ചടങ്ങില്‍ ഊര്‍ജ, വ്യവസായ സഹമന്ത്രി ഡോ. മുഹമ്മദ് ബിന്‍ സാലിഹ് അല്‍സാദ, ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ ഗാനിം അല്‍അലി തുടങ്ങിയവര്‍ പങ്കെടുത്തു.
അബൂ നഖ്‌ലയില്‍ ഊര്‍ജ, വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ചെറുകിട, ഇടത്തരം വ്യവസായ മേഖലാ വകുപ്പ് ആസ്ഥാനത്തിന് എതിര്‍വശത്തു സ്ഥിതി ചെയ്യുന്ന ആരോഗ്യ കേന്ദ്രം നവംബര്‍ 9ന് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഇക്കാലയളവില്‍ പ്രതിദിനം ശരാശരി 280 തൊഴിലാളികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നതെന്ന് റെഡ് ക്രസന്റിലെ മെഡിക്കല്‍ കമ്മിറ്റി അധ്യക്ഷന്‍ ഡോ. അബ്ദുസലാം അല്‍ഹ്താനി അറിയിച്ചു.
ആറു മാസം കൊണ്ടാണ് കേന്ദ്രം സജ്ജമാക്കിയത്. വ്യാഴാഴ്ചയാണ് കേന്ദ്രത്തിന് അവധി. രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 2 മണി വരെയും വൈകീട്ട് 4 മുതല്‍ രാത്രി 11 വരെയുമാണ് പ്രവൃത്തി സമയം. വെള്ളിയാഴ്ച രാവിലെ 7 മുതല്‍ 11 വരെ മാത്രമേ പ്രവര്‍ത്തിക്കൂ. ബാച്ച്‌ലര്‍ തൊഴിലാളികള്‍ക്ക് പ്രത്യേകമായി 3 ആശുപത്രികളും 5 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും നിര്‍മിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് അബൂനഖ്‌ല കേന്ദ്രം.
തൊഴിലാളികള്‍ക്ക് വിശിഷ്യാ ചെറുകിട, ഇടത്തരം വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്ക് അവരുടെ ജോലി, താമസ സ്ഥലങ്ങള്‍ക്കടുത്തുതന്നെ ആരോഗ്യ, ചികിത്സാ സേവനം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രാഥമികാരോഗ്യ കേന്ദ്രമെന്നും ഈ സംവിധാനം പരമാവധി പ്രയോജനപ്പെടുത്താന്‍ കമ്പനികളും തൊഴിലാളികളും ശ്രദ്ധിക്കണമെന്ന് മന്ത്രി അബ്ദുല്ല അല്‍ഖഹ്താനി ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.