പേജുകള്‍‌

2010, ഡിസംബർ 26, ഞായറാഴ്‌ച

കെ. കരുണാകരന്‍ ഇനി ജനമനസ്സുകളിലെ ജ്വലിക്കുന്ന ഒാര്‍മ

 തൃശൂര്‍: കേരളരാഷ്ട്രീയത്തിലെ ലീഡര്‍   കെ. കരുണാകരന്‍ ഇനി ജനമനസ്സുകളിലെ ജ്വലിക്കുന്ന ഒാര്‍മ. തൃശൂരിലെ മുരളീ മന്ദിരത്തില്‍ തന്റെ പ്രിയ പത്നി കല്യണിക്കുട്ടയമ്മ അന്ത്യവിശ്രമം കൊള്ളുന്ന സ്മൃതിമണ്ഡപത്തിന് തൊട്ടടുത്ത് കരുണാകരന്റെ ഭൌതികശരീരം പൂര്‍ണ ഒൌദ്യാഗിക ബഹുമതികളോടെ ഹൈന്ദവാചാരപ്രകാരം സംസ്കരിച്ചു. വൈകീട്ട് അഞ്ചുമണിയോടെ മകന്‍ കെ.മുളീധരന്‍ അച്ഛന്റെ ചിതയിലേക്ക് അഗ്നിപകര്‍ന്നു. ബന്ധുക്കള്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും മാത്രമായിരുന്നു പ്രവേശനമെങ്കിലും ആയിരങ്ങളാണ് പ്രിയ നേതാവിന്റെ സംസ്കാര ചടങ്ങുകള്‍ക്ക് സാക്ഷ്യംവഹിക്കാനായെത്തിയത്.
പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്, കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദ, മൊഹ്സീന കിദ്വായ്, കേന്ദ്ര മന്ത്രിമാരായ എ.കെ. ആന്റണി, ഈ. അഹമ്മദ്, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എം.എ.ബേബി, എളമരം കരീം, കെപി. രാജേന്ദ്രന്‍, ഡോ. സുകുമാര്‍ അഴിക്കോട് തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തി.
തൃശൂര്‍ക്കുള്ള യാത്രമധ്യ പ്രധാനകേന്ദ്രങ്ങളിലെല്ലാം ആയിരങ്ങളാണ് കരുണാകരന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കാത്തു നിന്നത്. രാത്രി വൈകിയും ഒരുനോക്ക് കാണാന്‍ കാത്തുന്ന ആയിരങ്ങളെ അവഗണിച്ച് വിലാപായാത്ര കടന്നുപോയപ്പോള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് അനുയായികള്‍ അദ്ദേഹത്തിന് യാത്രാമൊഴിയേകിയത്. തൃശൂര്‍ ടൌണ്‍ഹാളില്‍ വച്ച ഭൌതികശരീരം അവസാനമായി കാണാന്‍  പതിനായിരങ്ങള്‍ ഒഴുകിയെത്തിയിരുന്നു. രാവിലെ 8 മണിമുതല്‍ ഉച്ചക്ക് 2.15 വരെ പതിനായിരങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഡിസിസി ഒാഫിസിലും പൊതുദര്‍ശനത്തിനുവച്ചു.
വെള്ളിയാഴ്ച രാവിലെ പ്രത്യേക വിമാനത്തില്‍ പത്തുമണിയോടെ തിരുവനന്തപുരത്തെത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ദിരാഭവനില്‍ കോണ്‍ഗ്രസിലെ ഏറ്റവും മുതിര്‍ന്ന നേതാവിനു സാദരം അന്ത്യോപചാരം അര്‍പ്പിച്ചു. സോണിയയ്ക്കൊപ്പം എത്തിയ കേന്ദ്രമന്ത്രി പി. ചിദംബരവും അഞ്ജലീബദ്ധനായി. കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവി, ജി.കെ. വാസന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. സോണിയ മടങ്ങിയശേഷം സുരക്ഷാനിയന്ത്രണം മാറ്റിയപ്പോള്‍ ജനസാഗരം ഇന്ദിരാഭവനിലേക്ക് അലയടിച്ചെത്തി.
വാഴുന്നവരെയും വീഴുന്നവരെയും  ഏറെക്കണ്ട തലസ്ഥാന നഗരം അവര്‍ക്കിടയിലെ ഭീഷ്മാചാര്യര്‍ കെ. കരുണാകരന് ആരാധനയോടും ആദരവോടും പ്രൌഢഗംഭീരമായ വിടയാണു നല്‍കിയത്. 10.30 എന്നു മുന്‍കൂട്ടി നിശ്ചയിച്ചിരുന്നെങ്കിലും രണ്ടു മണിക്കൂര്‍ വൈകിയെത്തിച്ച ഭൌതികശരീരം ഒരുനോക്കു കാണാന്‍ സെക്രട്ടേറിയറ്റിന് അകത്തും പുറത്തും ആയിരങ്ങള്‍ തിക്കിത്തിരക്കി. കേന്ദ്രമന്ത്രി എം. വീരപ്പ മൊയ്ലി, മഹാരാഷ്ട്രാ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ തുടങ്ങിയവര്‍ പ്രിയനേതാവിനെ ഒരു നോക്കു കാണാന്‍ എത്തിയിരുന്നു. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, വിവിധ പാര്‍ട്ടി നേതാക്കള്‍, മതമേലധ്യക്ഷര്‍, സാമൂഹിക, സാംസ്കാരിക, സാഹിത്യ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ഡര്‍ബാര്‍ ഹാളില്‍ ആദരം അര്‍പ്പിച്ചു. പിന്നീടു സെക്രട്ടേറിയറ്റിനു മുന്നിലെ ഗേറ്റു തുറന്നപ്പോള്‍ ജനപ്രവാഹമായി. തങ്ങളുടെ പ്രിയപ്പെട്ട ലീഡറെ അവസാനമായി ഒരു നോക്കു കാണാന്‍ സാധാരണക്കാര്‍ ഇരമ്പിക്കയറുകയായിരുന്നു. എങ്ങും കെ. കരുണാകരന്റെ ചിരിക്കുന്ന മുഖം - പോസ്റ്ററുകളില്‍, ബാഡ്ജുകളില്‍, മാലയിട്ടുവച്ച ചില്ലിട്ട ചിത്രങ്ങളില്‍... തലസ്ഥാനത്തെ ഉദ്യോഗസ്ഥവൃന്ദവും കരുണാകരനു വിടചൊല്ലിയതു ഡര്‍ബാര്‍ ഹാളിലാണ്.
ഏതു പ്രതിസന്ധിയിലും കരുണാകരന്‍ ശക്തമായി തങ്ങള്‍ക്കു പിന്തുണ നല്‍കിയിരുന്നെന്നും തീരുമാനങ്ങളെടുക്കുന്നതില്‍ എത്രമാത്രം ധൈര്യം കാട്ടിയിരുന്നെന്നും നഷ്ടബോധത്തോടെ പല ഉദ്യോഗസ്ഥരും ഓര്‍ത്തു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും വിലാപയാത്ര തുടരാന്‍ സമയമായി. പൊലീസ് സേനാംഗങ്ങളുടെ തോളിലേറി അവസാന യാത്ര തുറന്ന വാഹനത്തിലേക്ക്. ജനസഹസ്രം മുദ്രാവാക്യം മുഴക്കി, 'ഇല്ലാ ഇല്ലാ മരിച്ചിട്ടില്ല, രാഷ്ട്രീയ ഭീഷ്മാചാര്യാ  ജീവിക്കുന്നു ഞങ്ങളിലൂടെ... പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ വിലാപവാഹനത്തെ അനുഗമിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.