പേജുകള്‍‌

2010, ഡിസംബർ 16, വ്യാഴാഴ്‌ച

ഇന്റര്‍നെറ്റ്: ചൈനയും യു.എസും കഴിഞ്ഞാല്‍ അടുത്ത സ്ഥാനത്ത് ഇന്ത്യ

ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ കാര്യത്തില്‍ ചൈനയും യു.എസും കഴിഞ്ഞാല്‍ അടുത്ത സ്ഥാനത്ത് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. 100 മില്യണ്‍ ഇന്റര്‍നെറ്റ് ഉപഭോക്തളാണ് ഇന്ത്യയിലുള്ളത്. അതില്‍ 40 ശതമാനം പേരും മൊബൈല്‍ഫോണ്‍ വഴിയാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഗൂഗിളിന്റെ ഇന്ത്യയിലെ പ്രോഡക്ട്‌സ് മേധാവി വിനയ് ഗോയെലിനെ ഉദ്ധരിച്ച്
'ഹിന്ദുസ്ഥാന്‍ ടൈംസ്' ആണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്ത്. ലോകത്ത് ഏറ്റവുമധികം ഇന്റര്‍നെറ്റ് ഉപഭോക്താക്കളുള്ള ചൈനയില്‍ 300 മില്യണ്‍ ആണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ സംഖ്യ. യു.എസില്‍ ഇത് 207 മില്യണ്‍ ആണ്-വിനയ് ഗോയെല്‍ പറഞ്ഞു.

ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ കാര്യത്തില്‍ ഏറ്റവും ശ്രദ്ധേയമായ വസ്തുത, മൊബൈല്‍ ഫോണ്‍ വഴി ഇന്റര്‍നെറ്റിലെത്തുന്നവരുടെ അനുപാതം വര്‍ധിക്കുന്നു എന്നതാണ്. ഇന്ത്യയിലിപ്പോള്‍ 40 മില്യണ്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുണ്ട്. 2007-ല്‍ ഇത് വെറും രണ്ട് മില്യണ്‍ ആയിരുന്നു. രണ്ട് വര്‍ഷത്തിനകം പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ സംഖ്യയെ, മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം മറികടക്കുമെന്ന് വിനയ് ഗോയെല്‍ അഭിപ്രായപ്പെട്ടു.

യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ വെറും എട്ടു ശതമാനം മാത്രമാണ് 40 മില്യണ്‍ എന്നത്. അതിനാല്‍, മൊബൈല്‍ ഇന്റര്‍നെറ്റിന് ഇന്ത്യയില്‍ ഇനിയും ഏറെ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയുമെന്ന് തീര്‍ച്ച. ഇന്ത്യന്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഗാനങ്ങള്‍ക്കായാണ് ഇന്റര്‍നെറ്റില്‍ കൂടുതല്‍ തിരയുന്നതെന്നും ഗോയെല്‍ അറിയിച്ചു.

നിലവില്‍ ഇന്ത്യന്‍ ജനസംഖ്യ 1.2 ബില്യന് മേലാണ്. എന്നുവെച്ചാല്‍, 1200 മില്യണ്‍. ഇതിനര്‍ഥം ഇന്ത്യയുടെ മൊത്തം ജനസംഖ്യയില്‍ പത്തിലൊന്ന് പോലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നില്ല എന്നാണ്. വരും വര്‍ഷങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ ഏറെ മുന്നോട്ടു പോകുമെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.