പേജുകള്‍‌

2010, ഡിസംബർ 6, തിങ്കളാഴ്‌ച

പ്രിയദര്‍ശന്‍ പൂര്‍ണചന്ദ്രനെപ്പോലെ ഉദിച്ചുയര്‍ന്ന രാത്രി

ദുബായ്: ദുബായിയുടെ മണ്ണില്‍ മലയാളികള്‍ മാത്രമല്ല, ഇന്ത്യ മുഴുവനാണു പ്രിയ സംവിധായകനെ ആദരിച്ചത്. സിനിമയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രിയദര്‍ശനെ ആദരിക്കാന്‍ മലയാള മനോരമയും ഇൌസ്റ്റേണും ചേര്‍ന്നു നടത്തിയ 'പ്രിയന്‍ പ്രിയങ്കരന്‍ താരനിശ ദുബായിയുടെ ഉല്‍സവമായി. ഹിന്ദിയില്‍നിന്നും തമിഴില്‍നിന്നുമെത്തിയ താരനിരയും മലയാള താരങ്ങളോടൊപ്പം പ്രിയനെ ആദരിക്കാന്‍ അണിനിരന്നു. മലയാളത്തില്‍നിന്നുയര്‍ന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ സിംഹാസനം സ്വന്തമാക്കിയ പ്രിയദര്‍ശന്റെ 30 വര്‍ഷം ഒാര്‍മകളിലൂടെ ഇതള്‍ വിരിഞ്ഞപ്പോള്‍ സിനിമയിലെ സ്നേഹത്തിന്റെ കടല്‍ കൂടിയാണു കാണികള്‍ക്കു മുന്നില്‍ തിരയടിച്ചത്. പലരും വികാരഭരിതരായി, വാക്കുകളില്ലാതെ വിഷമിച്ചു.
താരോല്‍സവത്തില്‍ അന്‍പതോളം താരങ്ങളും അതിലേറെ സാങ്കേതിക വിദഗ്ധരും അണിനിരന്നു. സംവിധായകന്‍ ടി.കെ.രാജീവ്കുമാര്‍ അണിയിച്ചൊരുക്കിയ വര്‍ണവിസ്മയത്തില്‍ ഹിറ്റുകളുടെ വഴിയിലൂടെ ആരാധകര്‍ വര്‍ഷങ്ങള്‍ പിന്നിലേക്കു സഞ്ചരിച്ചു. ഇരുവശത്തെയും കൂറ്റന്‍ സ്ക്രീനുകളില്‍ പ്രിയദര്‍ശന്റെ മായാമുദ്രകള്‍ പതിഞ്ഞ ഇടവഴികളും കലാലയമുറ്റങ്ങളും തെളിഞ്ഞു. തന്റെ തൂലികയില്‍ നിന്നു ബിഗ്സ്ക്രീനിലേക്കു നടന്നുകയറിയ കഥാപാത്രങ്ങള്‍ക്കു നടുവില്‍ പ്രിയന്‍ യൂണിവേഴ്സിറ്റി കോളജിലെ പഴയ യുവാവായി നിന്നു. മേഘങ്ങള്‍ക്കിടയില്‍ നിന്നും സ്വപ്നലോകത്തുനിന്നും ഇറങ്ങി വന്ന പ്രിയ താരങ്ങള്‍ ആസ്വാദകരെ നാടകീയ മുഹൂര്‍ത്തങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോയി.
പ്രിയദര്‍ശന്‍ ഹിറ്റുകളിലെ അവിസ്മരണീയ രംഗങ്ങള്‍ അതേ താരങ്ങള്‍ അവതരിപ്പിച്ചത് അപൂര്‍വ ദൃശ്യവിരുന്നായി. സിനിമയിലെ പ്രിയന്‍ ടച്ചിന്റെ മാസ്മരികത കാട്ടിത്തരുന്നതായിരുന്നു പാട്ടും നൃത്തവും ചേര്‍ന്നുള്ള 'രസികപ്രിയ. തുടര്‍ന്നു സിഗ്നേച്ചര്‍ ചിത്രത്തിന്റെ പ്രദര്‍ശനം. പ്രിയനുമായുള്ള ആത്മബന്ധം മോഹന്‍ലാല്‍ സദസ്സുമായി പങ്കുവച്ചു. കോളജ് ജീവിതകാലത്തു വഴക്കടിച്ചും വികൃതികള്‍ കാട്ടിയും വളര്‍ന്ന സൌഹൃദം ചലച്ചിത്രലോകത്ത് എക്കാലത്തെയും മാതൃകയായി തുടരുന്നതിന്റെ രഹസ്യം നര്‍മത്തില്‍ ചാലിച്ചു വിശദീകരിച്ച ലാല്‍ ചിലപ്പോഴൊക്കെ വികാരാധീനനായി.
ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സംവിധായകരില്‍ ഒരാളായ പ്രിയനെ പരേഷ് റാവലിന്റെ നേതൃത്വത്തില്‍ ഹിന്ദി താരങ്ങള്‍ പൊന്നാട അണിയിച്ച് ആദരിച്ചു. മലയാളത്തിന്റെ ഊഴമായിരുന്നു അടുത്തത്. സംവിധായകരായ ഐ.വി.ശശി, ജോഷി, നിര്‍മാതാവ് അരോമ മണി എന്നിവര്‍ക്കൊപ്പം ജനപ്രിയ നായകന്‍ ദിലീപും ഉണ്ടായിരുന്നു. മാധവന്‍, പ്രകാശ്രാജ്, പ്രഭു, രമ്യാകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തമിഴ് ചലച്ചിത്രലോകത്തിന്റെ ആദരം. പ്രിയന്റെ ആദ്യചിത്രമായ 'പൂച്ചയ്ക്കൊരു മൂക്കുത്തിയുടെ ഒാര്‍മകള്‍ പങ്കുവച്ചപ്പോള്‍ അതിലെ താരങ്ങളായ മോഹന്‍ലാല്‍, ശങ്കര്‍, നെടുമുടി വേണു, മേനക, സുകുമാരി തുടങ്ങിയവര്‍ അണിനിരന്നു. പ്രിയന്റെ ഭാര്യ ലിസി ഇവരെ ആദരിച്ചു.
തിരക്കഥാകൃത്ത് ടി.ദാമോദരന്‍, മുകേഷ്, കെ.ബി. ഗണേശ്കുമാര്‍, സമീറ റെഡ്ഡി, ലക്ഷ്മി റായ്, റോമ, ഇടവേള ബാബു, വിജയ് യേശുദാസ്, ജ്യോല്‍സന, മോഹന്‍ലാലിന്റെ പത്നി സുചിത്ര, പ്രിയന്റെ മകള്‍ കല്യാണി തുടങ്ങിയവരും വിവിധ ഘട്ടങ്ങളിലായി വേദിയിലെത്തി. വമ്പന്‍ താരനിരയെ സാക്ഷിനിര്‍ത്തി 'മലയാള മനോരമ ഡപ്യൂട്ടി എഡിറ്റര്‍ ജയന്ത് മാമ്മന്‍ മാത്യുവും അസിസ്റ്റന്റ് എഡിറ്റര്‍ ഹര്‍ഷ മാത്യുവും പ്രിയദര്‍ശന് ഉപഹാരം സമ്മാനിച്ചു. സ്പോണ്‍സര്‍മാരെ പ്രതിനിധീകരിച്ച് ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം. ഇ. മീരാന്‍, മലബാര്‍ ഗോള്‍ഡ് ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ് എംഡി: എം. പി. ഷംലാല്‍ അഹമ്മദ്, മിസ്റ്റര്‍ ലൈറ്റ് സിഇഒ: അബ്ദുല്‍ ഗഫൂര്‍, യുഎഇ എക്സ്ചേഞ്ച് സിഒഒ: വൈ. സുധീര്‍കുമാര്‍ ഷെട്ടി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.