പേജുകള്‍‌

2010, ഡിസംബർ 1, ബുധനാഴ്‌ച

ചാവക്കാട് നഗരസഭാ കൗണ്‍സിലിന്റെ ആദ്യയോഗത്തില്‍ കയ്യാങ്കളി

ചാവക്കാട്: താലൂക്ക് ആസ്​പത്രി പ്രശ്‌നത്തെ ചൊല്ലി പുതിയ ചാവക്കാട് നഗരസഭാ കൗണ്‍സിലിന്റെ ആദ്യയോഗത്തില്‍ കയ്യാങ്കളിയും ഇറങ്ങിപ്പോക്കും.
താലൂക്ക് ആസ്​പത്രിയില്‍ ആവശ്യത്തിനുള്ള ജീവനക്കാരില്ലാത്തതിനാല്‍ രോഗികള്‍ ദുരിതമനുഭവിക്കുന്നുവെന്ന പ്രശ്‌നം കൗണ്‍സിലില്‍ അവതരിപ്പിക്കാന്‍ ശൂന്യവേളയില്‍ ചെയര്‍പേഴ്‌സണ്‍ പ്രതിപക്ഷത്തിന് അവസരം നിഷേധിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇതേതുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങളും ഭരണപക്ഷ അംഗങ്ങളും തമ്മില്‍ പോര്‍വിളിച്ചു. ബഹളം പിന്നീട് കയ്യാങ്കളിയില്‍ എത്തി. പിന്നെ പ്രതിപക്ഷാംഗങ്ങള്‍ ചെയര്‍പേഴ്‌സനെതിരെ മുദ്രാവാക്യം വിളിച്ച് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
കോടികള്‍ ചെലവഴിച്ച് കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോഴും ചാവക്കാട് താലൂക്ക് ആസ്​പത്രിയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് രോഗികള്‍ ദുരിതമനുഭവിക്കുന്നതിനെ കുറിച്ച് ഞായറാഴ്ച 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത വന്ന പത്രം ഉയര്‍ത്തിപ്പിടിച്ചാണ് കോണ്‍ഗ്രസ്സംഗം കെ.വി. ഷാനവാസ് പ്രശ്‌നം ഉന്നയിച്ചത്.
പ്രശ്‌നം ഗുരുതരമാണെന്ന് സമ്മതിച്ച ചെയര്‍പേഴ്‌സണ്‍ സതീരത്‌നം അജണ്ടകള്‍ വായിച്ചശേഷം അത് അവതരിപ്പിക്കാമെന്നായി. എന്നാല്‍ അടിയന്തര പ്രശ്‌നത്തില്‍ ശ്രദ്ധ ക്ഷണിക്കാനുള്ള പ്രതിപക്ഷത്തിന്റെ അവകാശം നിഷേധിച്ചതായി കാണിച്ച് പ്രതിപക്ഷാംഗങ്ങള്‍ ബഹളം വെച്ചു. ഇതിനിടെ നഗരസഭാ ഉദ്യോഗസ്ഥര്‍ അജണ്ട വായിക്കാന്‍ തുടങ്ങിയതോടെ പ്രതിപക്ഷാംഗങ്ങള്‍ ഇരിപ്പിടം വിട്ട് ചെയര്‍പേഴ്‌സന്റെ ഡയസിന് മുന്നിലേക്ക് നീങ്ങി. കെ.വി. ഷാനവാസും, പി. യതീന്ദ്രദാസും ഉദ്യോഗസ്ഥനില്‍ നിന്നും അജണ്ട പിടിച്ചുവാങ്ങാന്‍ ശ്രമിച്ചതോടെ ഭരണപക്ഷാംഗങ്ങളായ എം.ആര്‍. രാധാകൃഷ്ണന്‍, കെ.എം. അലി, കെ.കെ. സുധീരന്‍, മാലിക്കുളം അബ്ബാസ് എന്നിവര്‍ ചേര്‍ന്ന് പ്രതിരോധിക്കാന്‍ ശ്രമിച്ചു. ഇതിനിടെ ഭരണപക്ഷാംഗങ്ങളും പ്രതിപക്ഷാംഗങ്ങളും തമ്മില്‍ കയ്യേറ്റം നടന്നു.
ഭരണകക്ഷിയിലെ ഒരംഗം സഭയ്ക്ക് യോജിക്കാത്ത വിധം പ്രതിപക്ഷാംഗത്തെ ചീത്തവിളിച്ചതോടെ രംഗം വഷളായി. തുടര്‍ന്ന് പ്രതിപക്ഷനേതാവ് കെ.കെ. കാര്‍ത്ത്യായനിയുടെ നേതൃത്വത്തില്‍ ചെയര്‍പേഴ്‌സനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോയി. ഇതിനിടെ അജണ്ടകള്‍ പാസാക്കിയതായി ചെയര്‍പേഴ്‌സണ്‍ പ്രഖ്യാപിച്ച് യോഗം പിരിഞ്ഞു.
തുടര്‍ന്ന് പ്രതിപക്ഷനേതാവ് കെ.കെ. കാര്‍ത്ത്യായനി, പ്രതിപക്ഷാംഗങ്ങളായ പി.യതീന്ദ്രദാസ്, കെ.വി. ഷാനവാസ്, പി.എം. നാസര്‍, ഹിമ മനോജ്, രശ്മി ബിജു, ബേബി ഫ്രാന്‍സിസ്, എം.ആര്‍. കോമളം, പി.എം. സുലൈമു, ഇ.എം. സാജന്‍, കെ.വി. സത്താര്‍ എന്നിവര്‍ ഒപ്പിട്ട വിയോജനക്കുറിപ്പ് നഗരസഭാ സെക്രട്ടറിയ്ക്ക് നല്‍കി. ബഹളം മൂലം കൗണ്‍സില്‍ പിരിഞ്ഞിട്ടുള്ളതാണെന്നും യോഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അജണ്ടകള്‍ പാസ്സായിട്ടില്ലാത്തതിനാല്‍ അജണ്ടയിലെ വിഷയങ്ങളോട് വിയോജിക്കുന്നുവെന്നുമാണ് കുറിപ്പ്. ചെയര്‍പേഴ്‌സണ്‍ സതീ രത്‌നം യോഗത്തില്‍ അധ്യക്ഷയായി.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.