പേജുകള്‍‌

2013, ഏപ്രിൽ 21, ഞായറാഴ്‌ച

തൃശൂരിലെ പൂരനഗരിക്ക് നിറച്ചാര്‍ത്ത് പകര്‍ന്നു കുടമാറ്റം

തൃശൂര്‍: തൃശൂരിലെ പൂരനഗരിക്ക് നിറച്ചാര്‍ത്ത് പകര്‍ന്നു നടന്ന കുടമാറ്റം പൂരപ്രേമികള്‍ക്ക് ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന വര്‍ണവിരുന്നായി. വൈകുന്നേരം അഞ്ചരയോടെയാണ് കുടമാറ്റം ആരംഭിച്ചത്. പൂരത്തിന്റെ ആവേശം എല്ലാതരത്തിലും അലതല്ലിയ അന്തരീക്ഷത്തില്‍ വാനിലുയര്‍ന്ന ഓരോ കുടയും പൂരപ്രേമികള്‍ ആര്‍പ്പുവിളിയോടെ നെഞ്ചേറ്റി. 

തിരുവമ്പാടിയും പാറമേക്കാവും മത്സരിച്ച് കുടകള്‍ വാനിലുയര്‍ത്തിയപ്പോള്‍ ആവേശം കാണികളും ഏറ്റുവാങ്ങുകയായിരുന്നു. എല്‍ഇഡി ബള്‍ബുകള്‍ ഘടിപ്പിച്ച കുടകളുമായാണ് പാറമേക്കാവ് ഇക്കുറി പൂരപ്രേമികളുടെ മനം കീഴടക്കാനെത്തിയത്. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന കുടമാറ്റം വടക്കുംനാഥന്റെ ആകാശത്ത് മഴവില്‍ വിസ്മയമാണ് തീര്‍ത്തത്. പതിനഞ്ച് ആനകളായിരുന്നു ഇരുവിഭാഗത്തും കുടമാറ്റത്തിനായി അണിനിരക്കാറുള്ളതെങ്കിലും തിരുവമ്പാടിക്കൊപ്പം ഒരാന കുറവായിരുന്നു.

 പാപ്പാന് സുഖമില്ലാത്തതിനാലാണ് ആനയെ മാറ്റിയതെന്നാണ് വിശദീകരണമെങ്കിലും കുറുമ്പു കാട്ടിയതിനാല്‍ ആനയെ ഒഴിവാക്കുകയായിരുന്നെന്നാണ് വിവരം. രാവിലെ മൂന്നിന് നിയമവെടി മുഴങ്ങിയതോടെയാണ് പൂരദിനത്തിലെ ചടങ്ങുകള്‍ ആരംഭിച്ചത്.

കടപ്പാട്: ദീപിക ദിനപത്രം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.