ഗുരുവായൂര്‍: ഗുരുവായൂരില്‍ നിന്ന് രാവിലെ 11.15ന് തൃശൂരിലേക്കും തൃശൂരില്‍നിന്ന് ഉച്ചക്ക് 12ന് പുറപ്പെട്ട് 12.45ന് ഗുരുവായൂരിലെത്തുന്ന വിധത്തില്‍ പാസഞ്ചര്‍ സര്‍വീസ് ഉടന്‍ തുടങ്ങുന്നതിന് സതേണ്‍ റയില്‍വേ മാനേജര്‍ രാകേഷ് മിശ്ര ഉദ്ദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഗുരുവായൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള ട്രെയിനാണ് ഇതിനായി ഉപയോഗിക്കുക. ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷന്‍ വികസനം വിലയിരുത്താനായി ഗുരുവായൂരിലെത്തിയ ഇദേഹം സ്റ്റേഷന്‍ വികസനത്തിന്റെ ഭാഗമായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചു.
റെയില്‍വേ നടപടികള്‍ പൂര്‍ത്തിയായ ശേഷം ഉടന്‍ തന്നെ പുതിയ സര്‍വീസ് ഗുരുവായൂരില്‍ നിന്ന് തുടങ്ങും. ഗുരുവായൂരില്‍ നിന്ന് ചെന്നൈക്ക് പോകുന്ന എക്സ്പ്രസ് ട്രെയിനിലെ 24 കോച്ചുകള്‍ ഗുരുവായൂരില്‍ നിറുത്തിയിടുന്നതിനായി തിരുവെങ്കിടത്തെ റയില്‍വേഗേറ്റ് അടച്ച് രണ്ടാം പ്ളാറ്റ് ഫോം നിര്‍മാണം മേയ് 31ന് മുന്‍പ് പൂര്‍ത്തിയാക്കും. തിരുവെങ്കിടം പ്രദേശത്തേക്ക് പോകുന്നതിന് പുതിയ റോഡ് ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കാനും ജനറല്‍ മാനേജര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ഇപ്പോള്‍ ചെന്നൈയില്‍ നിന്ന് ഗുരുവായൂരിലേക്കുള്ള ട്രെയിനിലെ ഏഴ് കോച്ചുകള്‍ മധുരയില്‍ നിറുത്തിയിട്ടശേഷം ബാക്കിയുള്ള കോച്ചുകളാണ് ഗുരുവായൂരിലെത്തുന്നത്. മുഴുവന്‍ കോച്ചുകളും നിറുത്തിയിടാന്‍ സൌകര്യമാവുന്നതോടെ ഗുരുവായൂരിലെത്തുന്ന യാത്രക്കാര്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാവും.
തൃശൂരില്‍ നിന്ന് പ്രത്യേക ട്രെയിനിലാണ് ഉദ്യോഗസ്ഥ സംഘം ഗുരുവായൂരിലെത്തിയത്. തൃശൂര്‍ ഗുരുവായൂര്‍ റയില്‍പാളം വേഗതകൂടിയ ട്രെയിനുകള്‍ ഓടുന്നതിന് 90ശതമാനം സജ്ജമാണന്നും ഉദ്യോഗസ്ഥസംഘം വിലയിരുത്തി. റെയില്‍പാളത്തിന്റെ ക്ഷമത കൂട്ടുന്നതിനുള്ള പ്രവൃത്തികള്‍കൂടി പൂര്‍ത്തിയാക്കിയതിന് ശേഷം കൂടുതല്‍ ട്രെയിനുകള്‍ ഗുരുവായൂരിലേക്ക് ഓടിക്കുന്നതിനെ കുറിച്ചും ആലോചിക്കും.
ജനറല്‍ മാനേജര്‍ക്ക് പുറമേ റയില്‍വേ ഡിവിഷണല്‍ മാനേജര്‍ രാജേഷ് അഗര്‍വാള്‍, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഡാനിതോമസ്, തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.ഗുരുവായൂര്‍ സ്റ്റേഷന്‍ എ.എസ്. നടരാജന്‍ കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് വിശദീകരിച്ചു. സതേണ്‍ റയില്‍വേ ജനറല്‍ മാനേജര്‍ ഗുരുവായൂര്‍ക്ഷേത്ര ദര്‍ശനവും കഴിഞ്ഞാണ് മടങ്ങിയത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.