വാടാനപ്പള്ളി: നെല്ലും പച്ചക്കറികളും വിളയിച്ചും ചക്കയുടെ ഗുണങ്ങള്‍ പ്രചരിപ്പിച്ചും ലഹരിക്കെതിരെ പേരാടിയും ഹരിതയാത്ര നടത്തിയും ഫ്‌ളക്‌സുകള്‍ക്കെതിരെ പ്രതികരിച്ചും തൃത്തല്ലൂര്‍ യു.പി. സ്‌കൂളിലെ സീഡ് അംഗങ്ങള്‍ നേടിയെടുത്തത് ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സീഡ് ഹരിതവിദ്യാലയമെന്ന പുരസ്‌കാരത്തില്‍ രണ്ടാംസ്ഥാനം.
കഴിഞ്ഞവര്‍ഷം മൂന്നാം സ്ഥാനം നേടിയ തൃത്തല്ലൂര്‍ യു.പി. സ്‌കൂള്‍ ഇത്തവണ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നത് പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി നടത്തിയ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളിലൂടെയാണ്. കോ-ഓര്‍ഡിനേറ്ററായ കെ.എസ്. ദീപന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് സീഡ് അംഗങ്ങള്‍ക്ക് ആവേശം നല്‍കിയത്. സ്‌കൂള്‍ പ്രവേശനോത്സവത്തിന് എസ്.എസ്.എ. വിതരണം ചെയ്ത ഫ്‌ളക്‌സ് ബാനറിനെതിരെ പ്രതികരിച്ചാണ് സീഡ് പ്രവര്‍ത്തനം തുടങ്ങിയത്. ഉപജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ പി.എ. മാധവന്‍ എം.എല്‍.എ.യെ സീഡ് അംഗങ്ങള്‍ പ്രതിഷേധമറിയിച്ചു. ജൂണ്‍ നാലിന് സീഡ് അംഗങ്ങള്‍ നെല്‍കൃഷിക്ക് വിത്തുപാകി.
പാന്‍മസാലയ്‌ക്കെതിരെ നടത്തിയ പ്രചാരണവും സീഡിന്റെ പ്രവര്‍ത്തനത്തില്‍ എടുത്തുപറയേണ്ടതാണ്. പാന്‍മസാല വില്‍ക്കരുതെന്ന് കടകളില്‍ പ്രകടനമായെത്തി താക്കീതു ചെയ്ത സീഡംഗങ്ങളെ എതിര്‍ക്കാന്‍ ഉപഭോക്താക്കളാണെത്തിയത്. ഭീഷണിക്കു വഴങ്ങാതെ, പാന്‍മസാല വില്‍ക്കില്ലെന്ന ഉറപ്പ് വാങ്ങിയാണ് കുട്ടികള്‍ മടങ്ങിയത്.
ചകിരി വ്യവസായം സംബന്ധിച്ച ഡോക്യുമെന്ററി, ചേറ്റുവ കോട്ടയിലേക്കുള്ള ഹരിതയാത്ര, ദേശീയപാതയോരത്തെ മരങ്ങളില്‍ തറച്ച ആണികള്‍ പറിച്ചുമാറ്റല്‍, കണിക്കൊന്നത്തൈ വിതരണം, കാവുകളിലെ സന്ദര്‍ശനം, പ്ലാവിന്‍തൈ വിതരണം, ഔഷധസസ്യവിതരണം, ആംല മുദ്ര സമര്‍പ്പണം തുടങ്ങി വിവിധങ്ങളായ നിരവധി പരിപാടികള്‍ സീഡ് നടപ്പാക്കി. വയോജനദിനത്തില്‍ മൂന്ന് മുത്തശ്ശിമാരെ വീട്ടില്‍ച്ചെന്ന് ആദരിക്കാനും അവര്‍ക്ക് പുതപ്പും പലഹാരങ്ങളും ദക്ഷിണയും നല്‍കാനും സീഡ് അംഗങ്ങള്‍ താല്പര്യമെടുത്തു.
ഇക്കാലത്ത്, സീഡ് പ്രവര്‍ത്തനം സ്‌കൂളിന് അംഗീകാരങ്ങളും നേടിക്കൊടുത്തു. തൃപ്രയാര്‍ ജേസീസ് സ്‌കൂളിന് ഗ്രീന്‍ പാട്രണ്‍ അവാര്‍ഡ് സമര്‍പ്പിച്ചു. എസ്.പി.ജി.യുടെ വലപ്പാട് ഉപജില്ലാതല പുരസ്‌കാരം സീഡിന്റെ നെല്‍കൃഷി നേടി. സീഡിന്റെ പ്രവര്‍ത്തനങ്ങള്‍ മാനിച്ച് വാടാനപ്പള്ളി എസ്.ബി.ഐ. ശാഖ സ്‌കൂളിന് ജലശുദ്ധീകരണി സമ്മാനിച്ചു. വലപ്പാട് ഉപജില്ലയിലെ മികച്ച അധ്യാപകനുള്ള പുരസ്‌കാരം സീഡ് കോ-ഓര്‍ഡിനേറ്ററായ കെ.എസ്. ദീപന്‍ നേടിയതും സീഡ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.