പേജുകള്‍‌

2013, ഏപ്രിൽ 22, തിങ്കളാഴ്‌ച

പാവറട്ടി സെന്റ്‌ജോസഫ് തീര്‍ത്ഥകേന്ദ്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥ തിരുനാള്‍ സമാപിച്ചു


പാവറട്ടി: പാവറട്ടി സെന്റ്‌ജോസഫ് തീര്‍ത്ഥകേന്ദ്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥ തിരുനാള്‍ സമാപിച്ചു. ഇന്നലെ രാവിലെ നടന്ന ആഘോഷമായ തിരുനാള്‍ ഗാനപൂജയ്ക്ക് ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കന്‍, ഫാ. ഷോണ്‍സണ്‍ ആക്കാമറ്റത്തില്‍, ഫാ. ലിന്റോ തട്ടില്‍, ഫാ. സ്റാന്‍ലി ചുങ്കത്ത് എന്നിവര്‍ സഹകര്‍മികരായിരുന്നു. തിരുനാള്‍ ദിവ്യബലിയെ തുടര്‍ന്ന് ദേവാലയ തിരുമുറ്റത്ത് പാവറട്ടി മേഖലയിലെ സിമന്റ്, പെയിന്റ് നിര്‍മാണ തൊഴിലാളികളുടെ നേതൃത്വത്തിലുള്ള വെടിക്കെട്ട് നടന്നു. 


മുത്തുകുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വെള്ളിവര്‍ണ തോരങ്ങള്‍ മേലാപ്പുചാര്‍ത്തിയ പ്രദക്ഷിണ വീഥിയിലൂടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട് നടത്തിയ തിരുനാള്‍ പ്രദക്ഷിണത്തില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കുചേര്‍ ന്നു. 

തിരുനാള്‍ പ്രദക്ഷിണം പള്ളിനടയിലെ വിശുദ്ധ അന്തോണീസിന്റെ കപ്പേളയിലെത്തി തിരിച്ച് തീര്‍ഥകേന്ദ്രത്തില്‍ സമാപിച്ചു. കമനീയമായി അലങ്കരിച്ച് തീര്‍ഥകേന്ദ്രം മുഖമണ്ഡപത്തില്‍ പ്രതിഷ്ഠിച്ച വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ ദര്‍ശിക്കുന്നതിനും അനുഗ്രഹങ്ങള്‍ യാചിക്കുന്നതിനും നന്ദി പറയുന്നതിനുമായി ഭക്തജനങ്ങളുടെ വന്‍തിരക്ക് അനുഭവപ്പെട്ടു. ശനിയാഴ്ച രാവിലെ നൈവേദ്യ പൂജയോടെ ആരംഭിച്ച ഊട്ടുസദ്യ ഞായറാഴ്ച ഉച്ചവരെയും തുടര്‍ന്നു. ഒന്നരലക്ഷത്തോളം വിശ്വാസികള്‍ തിരുനാള്‍ നേര്‍ച്ച സദ്യയില്‍ പങ്കുചേര്‍ന്നു. ഇന്നലെ രാത്രി നടന്ന തെക്ക് ഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ കരിമരുന്ന് കലാപ്രകടനം തിരുനാളിനെത്തിയവര്‍ക്ക് ദൃശ്യവിരുന്നായി. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.