പേജുകള്‍‌

2013, ഏപ്രിൽ 16, ചൊവ്വാഴ്ച

മുസ്ലിം ലീഗില്‍ ചേരിപ്പോര് ശക്തമായി; ഗുരുവായൂര്‍ മണ്ഡലത്തില്‍ രണ്ടു നേതാക്കള്‍ക്ക് ഷോക്കോസ് നോട്ടീസ്

കെ എം അക് ബര്‍ 

ചാവക്കാട്: ചേരിപ്പോര് ശക്തമായ മുസ്ലിം ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ രണ്ട് നേതാക്കള്‍ക്ക് ഷോക്കോസ് നോട്ടീസ്. മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി അംഗം എം എം സിദ്ദീഖ്, നിയോജക മണ്ഡലം മുന്‍ സെക്രട്ടറി സുലൈമു വലിയകത്ത് എന്നിവര്‍ക്കാണ് മുസ്ലിം ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മറ്റി ഷോക്കോസ് നോട്ടീസ് നല്‍കിയിട്ടുള്ളത്.
നിയോജക മണ്ഡലത്തില്‍ ഷിഹാബ് തങ്ങള്‍ ഫൌണ്ടേഷന്‍ എന്ന പേരില്‍ ജീവകാരുണ്യ സംഘടന രൂപീകരിച്ച് പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയതയുണ്ടാക്കുന്നുവെന്നാരോപിച്ചാണ് ഇരുവര്‍ക്കും ഷോക്കോസ് നോട്ടീസ് നല്‍കിയത്.

മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെയും സംസ്ഥാന വൈസ് പ്രസഡന്റും ജില്ലാ നിരീക്ഷകന്‍ കൂടിയായ ടി എ സലീമിന്റെയും സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കൌണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച നിയോജക മണ്ഡലം റിപ്പോര്‍ട്ടില്‍ നിയോജക മണ്ഡലത്തിനുള്ളില്‍ ഒരു വിഭാഗം സമാന്തര പ്രവര്‍ത്തനം നടത്തുന്നതായും വിഭാഗീയത സൃഷ്ടിക്കുന്നതായും ആരോപിച്ചിരുന്നു. 

റിപ്പോര്‍ട്ട് അവതരിപ്പിച്ചതിനെ തുടര്‍ന്ന് നിയോജക മണ്ഡലത്തിലെ ഒരു വിഭാഗം നേതാക്കള്‍ പ്രതിഷേധം അറിയിച്ചു. പ്രതിഷേധം ബഹളത്തിലേക്ക് വഴിമാറിയതോടെ അടുത്ത ദിവസം തന്നെ കെ പി എ മജീദിന്റെ സാന്നിധ്യത്തില്‍ പ്രശ്ന പരിഹാര ചര്‍ച്ച നടത്താമെന്ന തീരുമാനത്തിലാണ് യോഗം പിരിഞ്ഞത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ വി കെ ഷാഹുഹാജി, ജില്ലാ പഞ്ചായത്ത് അംഗം ആര്‍ പി ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഷിഹാബ് തങ്ങള്‍ ഫൌണ്ടേഷന്‍ എന്ന പേരില്‍ ജീവകാരുണ്യ സംഘടന രൂപീകരിച്ചിട്ടുള്ളത്. 

നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ ഒട്ടുമിക്ക നേതാക്കളും ഷിഹാബ് തങ്ങള്‍ ഫൌണ്ടേഷനില്‍ അംഗങ്ങളാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.