പേജുകള്‍‌

2012, ഫെബ്രുവരി 21, ചൊവ്വാഴ്ച

തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്തതിനെ ചൊല്ലി കൌണ്‍സില്‍ യോഗത്തില്‍ ബഹളം

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: നഗരസഭയിലെ മാലിന്യ സംസ്ക്കരണ പ്ളാന്റിലെ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്തതിനെ ചൊല്ലി കൌണ്‍സില്‍ യോഗത്തില്‍ ബഹളം. ഖരമാലന്യ സംസ്ക്കരണ പ്ളാന്റില്‍ ജോലിയെടുക്കുന്ന പത്തോളം തൊഴിലാളികള്‍ക്കാണ് എട്ടുമാസമായി ശമ്പളം നല്‍കാത്തത്. കഴിഞ്ഞ ഓണത്തിനാണ് ഇവര്‍ക്ക് ശമ്പളം നല്‍കിയതെന്നും ഇക്കാര്യം യോഗത്തില്‍ ഉന്നയിച്ച പ്രതിപക്ഷ അംഗം കെ വി സത്താര്‍ യോഗത്തില്‍ പറഞ്ഞു.
വാര്‍ഡുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള എന്‍.ആര്‍.എച്ച്.എം ഫണ്ട് പാഴായത് നഗരസഭ ഭരണാധികാരികളുടെ പിടപ്പുകേടാണെന്നും നഗരസഭയില്‍ 2,90,000 രൂപയാണ് ഇതുമൂലം പാഴയതെന്നും പ്രതിപക്ഷ കൌണ്‍സിലര്‍ കെ വി ഷാനവാസ് യോഗത്തില്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഈ ഫണ്ട് പാഴായിട്ടില്ലെന്നും പുതുതായി വന്ന മൂന്നു വാര്‍ഡുകളിലെ കണക്കെടുക്കാത്തതിനാലാണ് തുക കഴിഞ്ഞ വര്‍ഷം ലഭിക്കാതിരുന്നതെന്നും ഭരണപക്ഷം പറഞ്ഞു. കണക്കുകള്‍ എല്ലാം നല്‍കിയിട്ടുണ്ടെന്നും തുക ഈ വര്‍ഷം ലഭിക്കുമെന്നും ചെയര്‍പേഴ്സണ്‍ യോഗത്തെ അറിയിച്ചു. ബ്ളാങ്ങാട് ബീച്ചില്‍ വാടകക്ക് കൊടുക്കുന്ന നമ്പറിടാത്ത കെട്ടിടങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ അനുവദിച്ച മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ നടപടി നഗരസഭയെ ധിക്കരിച്ചുകൊണ്ടുള്ളതാണെന്നും ഈ കെട്ടിടങ്ങളെല്ലാം പൊളിച്ചുമാറ്റാനുള്ള നടപടി സ്വീകരിക്കുമെന്നും ഭരണപക്ഷ അംഗങ്ങള്‍ ആരോപിച്ചു. പൊളിച്ചുമാറ്റാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്താന്‍ ഭരണപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്, കെ കെ കാര്‍ത്യായനി, എം ആര്‍ രാധാകൃഷ്ണന്‍, കെ കെ സുധീരന്‍, പി യതീന്ദ്രദാസ്, ലൈലാ സുബൈര്‍, കെ വി സത്താര്‍, ബേബി ഫ്രാന്‍സിസ്, പി എം നാസര്‍, ഹിമാ മനോജ്, പി വി സുരേഷ്, അബ്ദുള്‍ കലാം സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.