അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: കടല്‍കാണാനെത്തുവന്നര്‍ക്കും മല്‍സ്യതൊഴിലാളികള്‍ക്കും അപകട സമയങ്ങളില്‍ രക്ഷകരാവേണ്ട ലൈഫ്ഗാര്‍ഡുകള്‍ വിനോദസഞ്ചാരികള്‍ക്കൊപ്പം കാഴ്ചക്കാരായി മാറുന്നു. സംസ്ഥാന ടൂറിസം വകുപ്പ് ബ്ളാങ്ങാട് ബീച്ചില്‍ നിയമിച്ച ലൈഫ്ഗാര്‍ഡുകളാണ് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഇല്ലാത്തതു മൂലം കടല്‍ തീരത്ത് കാഴ്ചക്കാരായി കഴിയുന്നത്.
കഴിഞ്ഞ ദിവസം വഞ്ചി മറിഞ്ഞ് മല്‍സ്യതൊഴിലാളി മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ സമയം ലൈഫ് ഗാര്‍ഡുമാര്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഒന്നുമില്ലാത്തതിനെ തുടര്‍ന്ന് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. ബീച്ചിലെത്തുന്ന സന്ദര്‍ശകര്‍ കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് അപകടങ്ങളില്‍പ്പെടുന്നത് പതിവായപ്പോഴാണ് ഇവിടെ ലൈഫ്ഗാര്‍ഡുകളെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറായത്. സംസ്ഥാന സ്കൂള്‍ നീന്തല്‍ മല്‍സരങ്ങളിലും ദേശീയ നീന്തല്‍ മല്‍സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നവരെയായിരുന്നു ഇത്തരത്തില്‍ ലൈഫ്ഗാര്‍ഡുകളായി തിരഞ്ഞെടുത്തത്. ഇതിനു പുറമെ ഇവര്‍ക്ക് കോവളത്ത് വെച്ച് 20 ദിവസത്തെ പ്രത്യേക പരിശീലനവും നല്‍കിയിരുന്നു. വിനോദസഞ്ചാരികളുടെ രക്ഷകരായി ബീച്ചിലെത്തിയ ഇവര്‍ക്ക് ജീവന്‍രക്ഷാ ഉപകരണങ്ങളായ ലൈഫ് ജാക്കറ്റ്, ലൈഫ് ബോട്ട്, റിസ്ക്കി ട്യൂബ്, ലൈഫ് ബെല്‍റ്റ് തുടങ്ങിയവും അധികൃതര്‍ ലഭ്യമാക്കിയില്ല. ദിനംപ്രതി നൂറുകണക്കിന് പേരെത്തുന്ന ബ്ളാങ്ങാട് കടപ്പുറത്ത് കടലില്‍പ്പെടുന്നവരെ രക്ഷിക്കുന്നതിനായി ഒരു കയര്‍ മാത്രമാണ് ഇവരുടെ കയ്യിലുള്ളത്. സംസ്ഥാനത്തെ മുഴുവന്‍ ലൈഫ്ഗാര്‍ഡുകള്‍ക്കുമായി മാസത്തില്‍ പത്തുലക്ഷത്തോളം രൂപ സംസ്ഥാന ടൂറിസം വകുപ്പ് ചെലവഴിക്കുമ്പോള്‍ ജീവന്‍രക്ഷാ ഉപകരണങ്ങളില്ലാത്തതു മൂലം അപകട സമയങ്ങളില്‍ കാഴ്ചക്കാരായി നില്‍ക്കുകയാണ് ലൈഫ്ഗാര്‍ഡുകള്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.