പേജുകള്‍‌

2012, ഫെബ്രുവരി 23, വ്യാഴാഴ്‌ച

പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് 27ന് ധര്‍ണ

പാവറട്ടി: കോണ്‍ഗ്രസ് എ വിഭാഗം നേതാവും പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ത്രേസ്യാമ്മ റപ്പായി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഐ വിഭാഗം പ്രവര്‍ത്തകരുടെ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും 27ന് നടക്കുമെന്ന് ഭാരവാഹികള്‍ പാവറട്ടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 യുഡിഎഫ് ധാരണ പ്രകാരമുള്ള കാലാവധി പൂര്‍ത്തിയാക്കിയിട്ടും രാജിവയ്ക്കാതിരിക്കുകയും ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടും ധിക്കരിക്കുകയുമായിരുന്നെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. സിപിഎം, ബിജെപി പാര്‍ട്ടികളെ കൂട്ടുപിടിച്ച് പഞ്ചായത്ത് ഭരണം നടത്തുന്ന ത്രേസ്യാമ്മ റപ്പായി യുഡിഎഫിനുതന്നെ അപമാനമാണെന്നും ഇവര്‍ ആരോപിച്ചു.

 മുസ്ലിം ലീഗ് നേതാവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വി.കെ. അബ്ദുള്‍ ഫത്താഹിനെതിരെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അവിശ്വാസം പ്രമേയത്തിന് നോട്ടീസ് നല്‍കിയത് യുഡിഎഫ് സംവിധാനത്തെ തകര്‍ക്കും. അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്കെടുക്കുന്ന തിങ്കളാഴ്ചതന്നെയാണ് ഐ വിഭാഗം പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചിട്ടുള്ളത്.

 പാവറട്ടി പഞ്ചായത്തിലെ ഭരണ സ്തംഭനം തീര്‍ക്കുന്നതിനും കോണ്‍ഗ്രസിനുള്ളിലും ഘടകകക്ഷികള്‍ക്കിടയിലുമുള്ള ഭിന്നത അവസാനിപ്പിക്കുന്നതിന് പി.എ. മാധവന്‍ എംഎല്‍എയുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകാത്തതില്‍ ശക്തമായ പ്രതിഷേധമുള്ളതായും നേതാക്കള്‍ പറഞ്ഞു.

 പാവറട്ടി സഹകരണ ബാങ്ക് പ്രസിഡന്റായ അഡ്വ. ജോസി ഡേവിസ് കോണ്‍ഗ്രസ് ധാരണ പ്രാകരമുള്ള രണ്ടരവര്‍ഷം പൂര്‍ത്തിയായതിനാല്‍ രാജിവയ്ക്കണമെന്നും ഇല്ലെങ്കില്‍ കോണ്‍ഗ്രസ്-ഐ വിഭാഗം അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

 പാവറട്ടിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ഐ വിഭാഗം നേതാക്കളായ എം.കെ. അനില്‍കുമാര്‍, എ.സി. വര്‍ഗീസ്, പി.എ. മുഹമ്മദ് ഷെരീഫ്, ജോയ് ആന്റണി, ജിനി തറയില്‍ എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.