പേജുകള്‍‌

2012, ഫെബ്രുവരി 25, ശനിയാഴ്‌ച

ചേറ്റുവ ടോള്‍: പി.ഡി.പി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിനു നേരെ അധികൃതര്‍ മുഖം തിരിക്കുന്നു

അഖ്ബര്‍ ചാവക്കാട്
എം.എല്‍.എ ക്കെതിരെ വ്യാപക പ്രതിഷേധം
ചാവക്കാട്: കാല്‍നൂറ്റാണ്ടായി അന്യായമായി തുടരുന്ന ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 27 ദിനം പിന്നിട്ടിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല. ടോള്‍ പിരിവിനെതിരെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തിറങ്ങാന്‍ മടിച്ചു നില്‍ക്കെയാണ് പി.ഡി.പി നിരാഹാര സമരവുമായി രംഗത്തെത്തിയത്. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് ചേറ്റുവ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്ന് പ്രഖ്യാപിച്ച കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ പി.ഡി.പി നടത്തുന്ന നിരാഹാര സമര പന്തല്‍ സന്ദര്‍ശിക്കാന്‍ പോലും ഇതുവരെ തയ്യാറായിട്ടില്ല.
 ഇത് മേഖലയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി തീരദേശ ഹര്‍ത്താല്‍ നടത്തിയതിനു പിന്നാലെ നിരാഹാര സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ പി എം ഫ്രാന്‍സിസ് സമരപന്തലിലെത്തിയിരുന്നു. എന്നാല്‍ പിരിവ് നിര്‍ത്തലാക്കും വരെ സമരം തുടരുമെന്നാണ് പി.ഡി.പി നേതാക്കള്‍ കലക്ടറെ അറിയിച്ചിരുന്നത്. കഴിഞ്ഞ 30 ന് ചേറ്റുവ ടോള്‍ ബൂത്ത് പരിസരത്ത് പി.ഡി.പി ജില്ലാ പ്രസിഡന്റ് ടി എം മജീദാണ് ആദ്യം നിരാഹര സമരം അനുഷ്ഠിച്ചത്.
ദിവസങ്ങള്‍ക്ക്ശേഷം മജീദിനെ അറസ്റ്റു ചെയ്ത് നീക്കിയതോടെ പി.ഡി.പി ജില്ലാ വൈസ് പ്രസിഡന്റ് ഫിറോസ് തോട്ടപ്പടിയും അദ്ദേഹത്തെ അറസ്റ്റ് ചെയ്തതോടെ മറ്റൊരു വൈസ് പ്രസിഡന്റ് സുലൈമാന്‍ കൊരട്ടിക്കരയും നിരാഹാര സമരം അനുഷ്ഠിച്ചു. സുലൈമാന്‍ കൊരട്ടിക്കരയെ അറസ്റ്റ് ചെയ്തതോടെ പി.ഡി.പി ജില്ലാ കൌണ്‍സില്‍ അംഗം എ എം ഷക്കീറാണ് ഇപ്പോള്‍ നിരാഹാരം അനുഷ്ഠിക്കുന്നത്. എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി സുബ്രഹ്മണ്യന്‍, പ്രവാസി ഫോറം നേതാക്കളായ ജമാലുദ്ദീന്‍ ചേന്ദമംഗലം, താജുദ്ദീന്‍ മാള എന്നിവര്‍ കഴിഞ്ഞ ദിവസം പന്തലിലെത്തി സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.