പേജുകള്‍‌

2012, നവംബർ 20, ചൊവ്വാഴ്ച

രാത്രികാല ലോഡ്ഷെഡ്ഡിംഗ് അരമണിക്കൂറില്‍ നിന്ന് ഒരു മണിക്കൂറാക്കുന്നു


തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് രാത്രികാല ലോഡ്ഷെഡ്ഡിംഗ് അരമണിക്കൂറില്‍ നിന്ന് ഒരു മണിക്കൂറാക്കുന്നു. ഈ മാസം 30ന് ലോഡ് ഷെഡ്ഡിംഗ് പിന്‍വലിക്കാന്‍ നേരത്തെ തീരുമാനം ഉണ്ടായിരുന്നുവെങ്കിലും നിലവിലെ സാഹചര്യത്തില്‍ ലോഡ്ഷെഡ്ഡിംഗ് തുടരാനാണ് തീരുമാനം. 


നിലവില്‍ പകലും രാത്രിയുമായി അരമണിക്കൂര്‍ വീതം ഒരു മണിക്കൂര്‍ ലോഡ്ഷെഡ്ഡിംഗാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പകല്‍ ലോഡ്ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തിയെങ്കിലും വൈദ്യുത ഉപഭോഗത്തില്‍ കാര്യമായ കുറവ് വരാത്തതിനാലാണ് രാത്രികാല ലോഡ്ഷെഡ്ഡിംഗ് സമയത്തില്‍ വര്‍ധനവ് വരുത്താന്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് ആലോചിക്കുന്നത്. ഡിസംബര്‍ മുതല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇതു സംബന്ധിച്ച് ഇലക്ട്രിസ്റ്റി ബോര്‍ഡ് റഗുലേറ്ററി കമ്മീഷനുമായും വൈദ്യുത വകുപ്പ് മന്ത്രിയുമായും ചര്‍ച്ച നടത്തും. തുലാമഴ കാര്യമായി ലഭിക്കാതായതോടെ ഡാമുകളില്‍ വൈദ്യുതി ഉദ്പാദിപ്പാക്കാനുള്ള വെള്ളം തീരെയില്ല. പ്രധാനമായും വൈദ്യുതി ഉദ്പാദിപ്പിക്കുന്നതിന് കേരളം ആശ്രയിക്കുന്ന ഇടുക്കി ഡാമിന്റെ അവസ്ഥ ദയനീയമാണ്. 33.26 ശതമാനം വെള്ളം മാത്രമെ ഇവിടെ അവശേഷിക്കുന്നുള്ളു. ഈ വെള്ളം ഉപയോഗിച്ച് 73 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉദ്പാദിപ്പിക്കാം. 

വൃഷ്ടി പ്രദേശത്ത് മഴയില്ലാത്തതിനാല്‍ നീരൊഴുക്ക് വളരെ കുറവാണ്. ഈ സാഹചര്യത്തില്‍ അടുത്ത മാസം മുതല്‍ കൂടുതല്‍ വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തിയേ പറ്റൂ എന്ന നിലപാടിലാണ് കെ.എസ്.ഇ.ബി. കേന്ദ്രപൂളില്‍ നിന്നടക്കം സംസ്ഥാനത്തിന് ലഭിക്കുന്ന വൈദ്യുതി വിഹിതത്തില്‍ മുന്നറിയിപ്പില്ലാതെ പലപ്പോഴും കുറവ് വരുത്തുന്നത് പ്രതിസന്ധിയുടെ ആക്കം കൂട്ടാന്‍ കാരണമായിട്ടുണ്ട്. കഴിഞ്ഞ മാസത്തെക്കാള്‍ വൈദ്യുതി ഉപഭോഗത്തില്‍ അല്‍പം കുറവ് വന്നിട്ടുണ്ട്. നേരത്തെ 57 ദശലക്ഷം മെഗാവാട്ട് വൈദ്യുതിയായിരുന്നു സംസ്ഥാനത്തെ ഉപഭോഗം. അത് 53 ദശലക്ഷം മെഗാവാട്ടിലേയ്ക്ക് കുറഞ്ഞിട്ടുണ്ട്. 13.മുതല്‍ 15 രൂപ നല്‍കി വാങ്ങുന്ന വൈദ്യതി നാലു രൂപയ്ക്ക് ഉഭോക്താക്കള്‍ക്ക് നല്‍കുന്നതിലൂടെ ഭീമമായ സാമ്പത്തിക ബാധ്യതയാണ് കെ.എസ്.ഇ.ബിയ്ക്ക് ഉണ്ടാകുന്നത്. 

നല്ല മഴ ലഭിക്കുകയും സംസ്ഥാനത്തെ വൈദ്യുത ഉദ്പാദനം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമെ ഇപ്പഴത്തെ വൈദ്യുത നിയന്ത്രണം പിന്‍വലിക്കു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടൊപ്പം വ്യാവസായിക മേഖലയ്ക്കും കൂടുതല്‍ നിയന്ത്രണം ഉണ്ടാകും. അലങ്കാര ദീപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനവും തുടരും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.