പേജുകള്‍‌

2010, നവംബർ 27, ശനിയാഴ്‌ച

അബുദാബി ഷെയ്ഖ് സായിദ് പാലത്തിലൂടെ വാഹനങ്ങള്‍ ഒാടിത്തുടങ്ങി

അബുദാബി: തലസ്ഥാനനഗരിയില്‍ നിന്നുള്ളവര്‍ക്കു ദുബായ്, അല്‍ഐന്‍ ഭാഗത്തേക്കു 15 മിനിറ്റ് യാത്രാസമയം ലാഭിക്കാന്‍ കഴിയുന്ന ഷെയ്ഖ് സായിദ് പാലത്തിലൂടെ വാഹനങ്ങള്‍ ഒാടിത്തുടങ്ങി. അബുദാബി ഐലന്‍ഡിലേക്കുള്ള നാലാമത്തെ പാലം ഒൌദ്യോഗികമായി യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് പൊതുജനങ്ങള്‍ക്കു സമര്‍പ്പിച്ചത്.
പ്രസിഡന്റിന്റെ പ്രതിനിധി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഡപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, രാജകുടുംബാംഗങ്ങള്‍ തുടങ്ങി ഒട്ടേറെപ്പേര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. തലസ്ഥാന നഗരിയിലെ അല്‍ സലാം സ്ട്രീറ്റില്‍ നിന്നു ഷഹാമ, ദുബായ് റോഡിലേക്കുള്ള ഈ പാലം മക്ത, മുസഫ, ഷെയ്ഖ് ഖലീഫാ പാലങ്ങള്‍ക്കു പുറമെ അബുദാബി ഐലന്‍ഡിലേക്കുള്ള മനോഹരമായപ്രവേശനമാര്‍ഗമാണ്. തലസ്ഥാനനഗരിയുടെ പ്രതാപം വിളിച്ചറിയിച്ച്, ശില്‍പാലങ്കാരങ്ങളോടെ നിലകൊള്ളുന്ന ഈ പാലം യുഎഇ ദേശീയദിനത്തോടനുബന്ധിച്ചാണു രാജ്യത്തിനു സമര്‍പ്പിച്ചത്.
എക്സ്പ്രസ് ഹൈവേയായി വികസിപ്പിക്കുന്ന സലാം സ്ട്രീറ്റ് ഈ പാലത്തിലേക്കാണു ബന്ധിപ്പിച്ചിരിക്കുന്നത്. എത്ര തിരക്കുള്ളപ്പോഴും ഈ പാലത്തിലൂടെയുള്ള യാത്രക്കാര്‍ക്കു ഗതാഗതക്കുരുക്കുകളില്‍ അകപ്പെടാതെ സലാം സ്ട്രീറ്റ് വഴി 15 മിനിറ്റ് യാത്രാസമയം ലാഭിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. പ്രീ-സ്ട്രസ്ഡ് കോണ്‍ക്രീറ്റ് ഡെക്കിലും സ്റ്റീല്‍ ആര്‍ച്ചുകളാലും ഒരു ബില്യന്‍ ദിര്‍ഹത്തോളം മുതല്‍മുടക്കിലാണ് ഈ പാലം നിര്‍മിച്ചത്. 2003 അവസാനം ഗ്രീക്ക് കമ്പനിയായ ആര്‍ചിറോഡന്‍ കണ്‍സ്ട്രക്ഷന്‍ ഒാവര്‍സീസാണു പാലംപണി ഏറ്റെടുത്തത്. 2006ല്‍ പൂര്‍ത്തീകരിക്കാനായിരുന്നു കരാറെങ്കിലും പിന്നീടത് 2009 വരെയായി ദീര്‍ഘിപ്പിച്ചു. എന്നാല്‍ ഒരു സ്പാന്‍ പൂര്‍ത്തീകരിക്കാനുണ്ടായ കടമ്പകളില്‍ തട്ടി നിര്‍മാണം തുടരാനാവാതെ വന്നപ്പോള്‍ പാലംപണി മറ്റൊരു കമ്പനിയെ ഏല്‍പിച്ചു.
ബെല്‍ജിയം ബേസിക്സ് ഗ്രൂപ്പ് കമ്പനിയായ സിക്സ് കണ്‍സല്‍0റ്റന്റാണ് ശേഷിക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞ ഏപ്രിലില്‍ നിയുക്തരായത്. 2390 ലക്ഷം ദിര്‍ഹത്തിനായിരുന്നു അവശേഷിച്ച ജോലികളുടെ കരാര്‍. 1999ല്‍ ലണ്ടനിലെ ഗ്രീന്‍വിച് ഏരിയയില്‍ മില്യനിയം ഡോം, 2001ല്‍ ഒാസ്ട്രേലിയയിലെ ഇന്‍സ്ബ്രക്കിലെ സ്കൈജംപ് എന്നിവ രൂപകല്‍പന ചെയ്ത പ്രശസ്ത ഇറാഖി വനിതാ ആര്‍ക്കിടെക്ട് സഹ ഹദീദാണ് വളഞ്ഞുപുളഞ്ഞ ശില്‍പരൂപമാക്കി ഷെയ്ഖ് സായിദ് പാലത്തിന്റെ ഡിസൈന്‍ നിര്‍വഹിച്ചത്. സ്റ്റീല്‍ ആര്‍ച്ചുകളിലും സോളിഡ് കോണ്‍ക്രീറ്റ് തൂണുകളിലും തീര്‍ത്ത പാലത്തിനു രൂപഭംഗിയൊരുക്കിയത് ഇന്റഗ്രേറ്റഡ് ബ്രിഡ്ജ് ഡിസൈന്‍ ആന്‍ഡ് അനാലിസിസ് സിസ്റ്റം ഉപയോഗിച്ചാണ്. ഭുമികുലുക്കം, കപ്പലുകള്‍ കൂട്ടിയിടിച്ചുള്ള ആഘാതം, വന്‍തോതിലുള്ള ട്രാഫിക് ക്രോസിങ് എന്നിവയെ നിഷ്പ്രയാസം അതിജീവിക്കാന്‍ കഴിയുംവിധത്തില്‍ 120 വര്‍ഷത്തെ കാലാവധി കണക്കാക്കിയാണു പാലം രൂപകല്‍പന ചെയ്തിരിക്കുന്നത്.
രണ്ടു ഭാഗത്തേക്കും നാലുവരിപ്പാതകള്‍, എമര്‍ജന്‍സി ലൈന്‍, പെഡസ്ട്രിയന്‍ വാക്ക്വേ എന്നിവയുള്ള പാലത്തിന്റെ മൊത്തം നീളം 842 മീറ്ററും വീതി 68 മീറ്ററുമാണ്. മധ്യഭാഗത്തെ ആര്‍ച്ചിന്റെ സ്പാന്‍ 234 മീറ്ററാണ്. ഈ ആര്‍ച്ചിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗം 63 മീറ്ററാണ്. പാലത്തിനു കീഴിലുള്ള കുത്തനെയുള്ള ക്ളിയറന്‍സ് തന്നെ 17 മീറ്ററുണ്ട്. ജലഗതാഗതത്തിനു യാതൊരു തടസ്സവും ഉണ്ടാക്കില്ലെന്നതാണു രൂപകല്‍പനയിലെ പ്രധാന നേട്ടം.
രണ്ടു ലക്ഷം ക്യുബിക് മീറ്റര്‍ ക്രോണ്‍ക്രീറ്റ്, 52,000 ടണ്‍ സ്റ്റീല്‍ എന്നിവ ഉപയോഗിച്ചു സ്ട്രക്ചര്‍ പൂര്‍ത്തീകരിച്ച പാലത്തിലൂടെ 1600 കാറുകള്‍ക്ക് ഒരേസമയം സഞ്ചരിക്കാന്‍ കഴിയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.