പേജുകള്‍‌

2010, നവംബർ 9, ചൊവ്വാഴ്ച

സൗദിയില്‍ ഫറോവ കാലഘട്ടത്തിലെ ശിലാലിഖിതം കണ്ടെത്തി

 അലിയമുണ്ണി സികെ അഞ്ചങ്ങാടി
റിയാദ്: പശ്ചിമേഷ്യയുടെ ചരിത്രത്തിലെ സുപ്രധാന കാലഘട്ടത്തിലേക്ക് വെളിച്ചം വീശി സൗദിയില്‍ നിന്ന് ഈജിപ്തിലെ ഫറോവന്‍ കാലഘട്ടത്തിലെ  ശിലാ ലിഖിതം കണ്ടെത്തി. തബൂക്ക് പ്രവിശ്യയിലെ  പൗരാണിക തൈമ മരുഭൂമിയിലെ ഫലഭൂയിഷ്ഠ മേഖലയിലെ പാറയിലാണ് ശിലാ ലിഖിതം കണ്ടെത്തിയത്.

സൗദിയില്‍ കണ്ടെത്തുന്ന ആദ്യ ചിത്രലിഖിത ശിലാലിഖിതം കൂടിയാണിതെന്ന് സൗദി പുരാവസ്തു-ടൂറിസം കമ്മീഷന്‍ (എസ്.സി.ടി.എ) വെളിപ്പെടുത്തി. ബി.സി 1192 മുതല്‍ 1160 വരെ ഭരണം നടത്തിയ റാംസിസ് മൂന്നാമന്റെ രാജ ശാസനമാണിതെന്ന് എസ്.സി.ടി.എ വൈസ് പ്രസിഡന്റ് അലി ഇബ്രാഹിം ആല്‍ ഗബാന്‍ പറഞ്ഞു. മദീനയില്‍ നിന്ന് 400 കി.മീറ്റര്‍ വടക്കായി പൗരാണിക ചരിത്ര പ്രദേശമായ നബ്തഈന്‍ മേഖലയിലെ മദാഇന്‍ സാലിഹിന് വടക്കു കിഴക്കായാണ് ഇതു കണ്ടെത്തിയത്. കഴിഞ്ഞ ജൂലൈയിലാണ് ശിലാലിഖതം കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ഇതേ തുടര്‍ന്ന് തൈമയെ അറേബ്യയുടെ പടിഞ്ഞാറന്‍ തീരത്തിനും നൈല്‍ നദീതടത്തിനുമിടയിലെ സുപ്രധാന മേഖലയായി കണക്കാക്കിയിരിക്കുകയാണ്. പുതിയ ഗവേഷണങ്ങള്‍ നല്‍കുന്ന സൂചന പ്രകാരം തൈമയില്‍ വെങ്കല യുഗത്തില്‍ ( 2000 ബി.സി ) ജനവാസമുണ്ടായിരുന്നു. നൂറ്റാണ്ടുകളോളം സാര്‍ഥവാഹക സംഘങ്ങള്‍ സുഗന്ധ ദ്രവ്യങ്ങളും ചെമ്പും സ്വര്‍ണവും വെള്ളിയുമെല്ലാം കൊണ്ടു പോയിരുന്ന വ്യാപാര പാതയായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. ഈ പാത നൈല്‍ നദീതടവുമായി ബന്ധപ്പെട്ടതാണ്. ഖുല്‍സൂം തുറമുഖം, സൂയസ് നഗരം, എന്നിവ വഴി സഞ്ചരിച്ച് കടല്‍ വഴി സൂയസ് കടലിടുക്കിലെ അബു സെനിമ തുറമുഖത്തിന് സമീപം സ്രാബിതില്‍ ചെന്നു ചേരുന്നു.

ഇവിടെ റാംസിസ് മൂന്നാമന് സമര്‍പ്പിച്ച ക്ഷേത്രം നേരത്തേ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് സീനായ് ഉപദ്വീപിനെ മുറിച്ച് കടന്ന് ഈ പാത പോകുന്നു. ഇവിടെയും തൈമയില്‍ കണ്ടെത്തിയതിന് സമാനമായ ഒട്ടേറെ ശിലാലിഖിതങ്ങള്‍ കണ്ടെത്തിയിട്ടുണെന്ന് ഗബാന്‍ പറഞ്ഞു. കരയിലൂടെ ഈ വ്യാപാര പാത കടന്നു പോകുന്ന അഖബ, ജോര്‍ദാന്‍ എന്നിവിടങ്ങളിലും ഇത്തരം ലിഖിതങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ അവഗണിക്കപ്പെട്ടു കിടക്കുന്ന പൗരാണിക ചരിത്രത്തിന് പ്രോല്‍സാഹനം നല്‍കാനുള്ള നയത്തിന്റെ ഭാഗമായാണ് ഇത്തരം കണ്ടെത്തലുകള്‍ പുറത്തു വന്നത്.

ബി.സി. എട്ടാം നൂറ്റാണ്ടിലെ ചില അസീറിയന്‍ ലിഖിതങ്ങള്‍ തൈമയില്‍ കണ്ടെത്തിയിരുന്നു. ബൈബിളില്‍ ഒട്ടേറെ തവണ പരാമര്‍ശിക്കപ്പെട്ട സ്ഥലവുമാണിത്. ബാബിലോണിയന്‍ രാജാവായിരുന്ന നബോനിയസ് 10 വര്‍ഷം തൈമയില്‍ താമസിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രാജകീയ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ ഖനനം നടക്കുന്നുണ്ട്. നബോനിയസുമായ ബന്ധപ്പെട്ട ക്യൂനിഫോം ലിപിയുടെ ഭാഗങ്ങള്‍ കഴിഞ്ഞ വര്‍ഷം ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു.



.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.