പേജുകള്‍‌

2010, നവംബർ 18, വ്യാഴാഴ്‌ച

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ പുതിയ മന്ദിരം ഇന്ത്യന്‍ പ്രസിഡന്റ് പ്രതിഭാ പാട്ടീല്‍ ഉദ്ഘാടനം ചെയ്യും

അബുദാബി: തലസ്ഥാനത്തെ സര്‍ക്കാര്‍ അംഗീകൃത ഇന്ത്യന്‍ സംഘടനകളിലൊന്നായ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ പുതിയ മന്ദിരം 23നു രാവിലെ 10നു നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ പ്രസിഡന്റ് പ്രതിഭാ പാട്ടീല്‍ ഉദ്ഘാടനം ചെയ്യും. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണു കെട്ടിടം ഒൌദ്യോഗികമായി കൈമാറുക. 1.20 കോടി ദിര്‍ഹം മുതല്‍ മുടക്കില്‍ അബുദാബി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയ സെന്റര്‍ മന്ദിരം ഇന്ത്യന്‍ മുസ്ലിം സമൂഹത്തിന്റെ രാജ്യത്തെ ഏക സര്‍ക്കാര്‍ അംഗീകൃത പ്രവര്‍ത്തന കേന്ദ്രമാണ്. സെന്ററില്‍ തുടക്കം മുതലേയുള്ള ഭൂരിഭാഗം പ്രവര്‍ത്തകരും അംഗങ്ങളും മലയാളികളാണ്. 1971ല്‍ അബുദാബിയില്‍ സ്ഥാപിതമായ ഇസ്ലാമിക് സെന്ററിന് 1973ലാണ് യുഎഇ തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചത്.
തലസ്ഥാന നഗരിയിലെ മദീനാ സായിദില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സെന്ററിന് 1981 ലാണ് യുഎഇ രാഷ്ട്രപിതാവും അബുദാബി ഭരണാധികാരിയുമായിരുന്ന ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ സൌജന്യമായി സ്ഥലം അനുവദിച്ചത്. തുടര്‍ന്ന് 1981 മേയില്‍ യുഎഇ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി  ഈ സ്ഥലത്തു പുതിയ മന്ദിരത്തിനു ശിലാസ്ഥാപനം നടത്തുകയും ചെയ്തു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ മന്ദിരനിര്‍മാണം വൈകുകയായിരുന്നു. യുഎഇയിലെ വ്യവസായപ്രമുഖനും സെന്ററിന്റെ മുഖ്യരക്ഷാധികാരിയുമായ എം. എ. യൂസഫലി നടത്തിയ നിരന്തര ശ്രമത്തെ തുടര്‍ന്നാണു കെട്ടിടനിര്‍മാണം 2008ല്‍ ആരംഭിച്ചത്.
2700 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ ഈ വര്‍ഷമാദ്യം പണിപൂര്‍ത്തീകരിച്ച സെന്ററില്‍ ആയിരം പേര്‍ക്കിരിക്കാവുന്ന പ്രധാന ഒാഡിറ്റോറിയവും 400 പേരെ ഉള്‍ക്കൊള്ളാന്‍ സൌകര്യമുള്ള ബാല്‍ക്കണിയും 100 പേരെ ഉള്‍ക്കൊള്ളാവുന്ന രണ്ടു മിനി ഒാഡിറ്റോറിയങ്ങളും ഉണ്ട്. ലൈബ്രറി, റീഡിങ് റൂം, കംപ്യൂട്ടര്‍ പഠന സൌകര്യം, ഹെല്‍ത്ത് ക്ളബ് എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. സെന്റര്‍ അംഗങ്ങള്‍ക്കു പുറമെ ഇന്ത്യന്‍ സമൂഹത്തിന്റെ വൈജ്ഞാനികവും സാംസ്കാരികവും സാമൂഹികപരവുമായ ഉന്നമനത്തിനു സഹായകമായ സെന്ററിനു കീഴില്‍ 1200 വിദ്യാര്‍ഥികള്‍ സിബിഎസ്ഇ സിലബസില്‍ പഠിക്കുന്ന അല്‍നൂര്‍ ഇസ്ലാമിക് സ്കൂളും പ്രവര്‍ത്തിക്കുന്നു.
വേനലവധിക്കാലത്തു സെന്ററിനു കീഴില്‍ നടക്കുന്ന സമ്മര്‍ ക്യാംപ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു നേതൃത്വ പരിശീലനവും കലാ സാംസ്കാരിക വികസനവും നല്‍കുന്നു. ഇന്ത്യാ അറബ് സാംസ്കാരിക ബന്ധം സുദൃഢമാക്കുന്നതില്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ പ്രവാസി ഇന്ത്യക്കാരുടെ ഒട്ടേറെ പ്രശ്നങ്ങളില്‍ യഥാസമയം ക്രിയാത്മകമായി ഇടപെടാനുള്ള പ്രവര്‍ത്തനങ്ങളിലും മുന്നിലാണ്. യുഎഇ സാമൂഹിക കാര്യമന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ എല്ലാ വര്‍ഷവും ജനാധിപത്യ രീതിയിലാണു സെന്ററിന്റെ ഭരണ സമിതി തിരഞ്ഞെടുപ്പു സുതാര്യതയോടെ നടക്കുന്നത്. പി. ബാവഹാജി (പ്രസിഡന്റ്), മൊയ്തു കടന്നപ്പള്ളി (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ അസീസ് കാളിയാടന്‍ (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ഭരണ സാരഥ്യം വഹിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.