പേജുകള്‍‌

2010, നവംബർ 29, തിങ്കളാഴ്‌ച

ഗുരുവായൂര്‍ ക്ഷേത്രം അഗ്‌നിക്കിരയായിട്ട് 40 വര്‍ഷം

ഗുരുവായൂര്‍: ഭക്തജനങ്ങളുടെയും ഗുരുവായൂര്‍ നിവാസികളുടെയും മനസ്സില്‍ നടുക്കമുണര്‍ത്തുന്ന അഗ്‌നിതാണ്ഡവത്തിന് തിങ്കളാഴ്ച 40 വയസ്സ്.

ഗുരുവായൂര്‍ ക്ഷേത്രം അഗ്‌നിക്കിരയായത് 1970 നവംബര്‍ 29 ന് അര്‍ദ്ധരാത്രിക്കുശേഷമായിരുന്നു. പുലര്‍ച്ചെ 1.15 നാണ് ക്ഷേത്രം കത്തുന്നത് ജനം അറിഞ്ഞത്. അന്ന് ഏകാദശിക്കാലമായിരുന്നു. പോലീസിന്റെ വക ചുറ്റുവിളക്ക് കഴിഞ്ഞ് അന്ന് അര്‍ദ്ധരാത്രിയോടെ നടയടച്ച് എല്ലാവരും പിരിഞ്ഞു. ഗോപുരവാതിലുകള്‍ അടച്ച് അല്പസമയം കഴിഞ്ഞപ്പോഴാണ് പടിഞ്ഞാറ് ഭാഗത്തെ വിളക്കുമാടത്തില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. നിമിഷങ്ങള്‍ക്കുള്ളില്‍ അഗ്‌നിയുടെ താണ്ഡവം തുടങ്ങി. മതില്‍ ചാടിക്കടന്ന് ക്ഷേത്രത്തിനകത്ത് എത്തിയവര്‍ എന്തുചെയ്യണമെന്നറിയാതെ കൂട്ടനിലവിളിയായി. ക്ഷേത്രത്തിലെ വലിയ മണിയും ചാവക്കാട് പഞ്ചായത്തിലെ സൈറണും പാലയൂര്‍ പള്ളിയില്‍നിന്ന് കൂട്ടമണിയുമുയര്‍ന്നു. മണത്തല പള്ളിയില്‍നിന്ന് അപകട വിവരം അറിയിച്ചുകൊണ്ടിരുന്നു.

ഈ സമയം തീ വടക്കോട്ടും കിഴക്കോട്ടും പടര്‍ന്നു. വിളക്കുമാടം മൂന്ന് ഭാഗവും കത്തി. അഗ്‌നി ശ്രീകോവിലിലേയ്ക്ക് പടരുമെന്ന ഘട്ടമെത്തി. അന്നത്തെ പ്രധാന തന്ത്രി ചേന്നാസ് പരമേശ്വരന്‍ നമ്പൂതിരിപ്പാട് മനസ്സില്ലാ മനസ്സോടെ വിഗ്രഹം പുറത്തേയ്‌ക്കെടുക്കാന്‍ അനുവാദം നല്‍കി. തീയും പുകയും മറികടന്ന് സാഹസ്സികരായ യുവാക്കളാണ് ശ്രീകോവിലില്‍ കടന്നത്. ശ്രീകോവിലിന്റെ പൂട്ടുകള്‍ തുറന്നതും അഷ്ടബന്ധത്തിലുറപ്പിച്ച ഗുരുവായൂരപ്പന്റെ നീലാഞ്ജന വിഗ്രഹം ഇളക്കിയെടുത്തതും ഞെട്ടലോടെ വീട്ടിക്കിഴി കേശവന്‍ നായര്‍ ഇന്നും ഓര്‍ക്കുന്നു.

തൃശ്ശൂര്‍, കുന്നംകുളം, പൊന്നാനി എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്‌നിശമനസേനയാണ് 30 ന് പുലര്‍ച്ചെ അഞ്ചരയോടെ തീ കെടുത്തിയത്. ഇതിനകം കിഴക്കുവശം ഒഴികെയുള്ള ചുറ്റമ്പലം കത്തിക്കഴിഞ്ഞിരുന്നു.

ഗണപതി കോവില്‍, രഹസ്യ അറ, തിടപ്പള്ളി, സരസ്വയറ എന്നിവയുടെ മേല്‍ക്കൂരകള്‍ ഇതില്‍പ്പെടും. ശ്രീകോവിലിന് ഒന്നും സംഭവിച്ചിരുന്നില്ല.

തന്ത്രിമഠത്തിലേയ്ക്ക് മാറ്റിയ ഗുരുവായൂരപ്പവിഗ്രഹം താത്കാലിക പ്രതിഷ്ഠ നടത്തി പൂജകള്‍ തുടങ്ങി. ക്ഷേത്രം പുനര്‍ നിര്‍മിക്കുന്നതിന് ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ കമ്മിറ്റി രൂപവത്കരിച്ചു. കെ. കേളപ്പനായിരുന്നു ചെയര്‍മാന്‍. '71 മാര്‍ച്ചില്‍ ക്ഷേത്രഭരണം സാമൂതിരി രാജാവില്‍നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്തു. 1973 ഏപ്രില്‍ 14- വിഷുദിനത്തിലാണ് പുനര്‍നിര്‍മാണം പൂര്‍ത്തിയായത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.