പേജുകള്‍‌

2011, ജൂൺ 20, തിങ്കളാഴ്‌ച

വിധിയെ പഴിക്കാതെ പഠിച്ച് ശ്രീക്കുട്ടി


തൃപ്രയാര്‍: അമ്മയുടെ ജീവന്‍ പകുത്ത് ശ്രീക്കുട്ടിക്ക് ജീവിതം നല്‍കിയ വിധി അവളുടെ കാഴ്ചകള്‍ അടച്ചു. എന്നാല്‍, വിധിയെ പഴിക്കാതെ പഠിച്ച് അവള്‍ മിടുമിടുക്കിയായി. 90 ശതമാനം മാര്‍ക്കോടെ പ്ലസ്ടു ഹ്യുമാനിറ്റീസ് പരീക്ഷ ജയിച്ച ശ്രീക്കുട്ടി കഴിമ്പ്രം വി.പി.എം. എസ്.എന്‍.ഡി.പി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്നാമതായി. പുളിഞ്ചോട് കൊല്ലാറ അജിത്കുമാറിന്റെയും സിന്ധുവിന്റെയും മകളാണ് ശ്രീക്കുട്ടി.
10 വയസ്സ് വരെ ശ്രീക്കുട്ടി കാഴ്ചകള്‍ കണ്ടിരുന്നു. എടത്തിരുത്തി സെന്റ് ആന്‍സ് കോണ്‍വെന്റ് സ്‌കൂളില്‍ അഞ്ചില്‍ പഠിക്കുമ്പോള്‍ ക്ലാസില്‍ ഒന്നാമതായിരുന്നു അവള്‍. കാഴ്ചകള്‍ മങ്ങുന്നുവെന്ന് തോന്നിയത് അപ്പോഴാണ്. കാഴ്ച തീരെ കുറയുന്നുവെന്ന് കണ്ടപ്പോള്‍ പല ഡോക്ടര്‍മാരെയും കണ്ടു. ഒടുവില്‍ കൂത്താട്ടുകുളത്തെ ആസ്​പത്രിയിലെത്തിയപ്പോഴാണ് ഇരുവൃക്കകളും തകരാറിലാണെന്ന് കണ്ടത്.

പൊന്നുമോളുടെ ജീവന്‍ നിലനിര്‍ത്താന്‍ അമ്മ സിന്ധു വൃക്കകളിലൊന്ന് നല്‍കി. ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി ലക്ഷങ്ങള്‍ വേണ്ടിവന്നു. പലരും സഹായിച്ചു. ഉള്ളതെല്ലാം ചെലവഴിച്ചു. ജീവിതം തിരിച്ചു ലഭിച്ചെങ്കിലും അവളുടെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു.ശ്രീക്കുട്ടിയുടെ ചികിത്സയ്ക്ക് മാസം 10,000 രൂപ വേണം. അച്ഛന്‍ അജിത്കുമാര്‍ ഗള്‍ഫിലാണ്. പ്രായം കൂടിയെങ്കിലും മണലാരണ്യത്തില്‍ വാര്‍ക്കപ്പണി ചെയ്യുന്നത് മകളുടെ ചികിത്സ മുടങ്ങാതിരിക്കാന്‍ വേണ്ടിയാണ്.

ഇനിയും പഠിക്കണം ശ്രീക്കുട്ടിക്ക്. അമ്മ പാഠപുസ്തകം വായിക്കുന്നത് കേട്ട് മനസ്സിലാക്കിയാണവള്‍ മുന്നേറുന്നത്. കഴിമ്പ്രം വി.പി.എം. എസ്.എന്‍.ഡി.പി. സ്‌കൂളില്‍ പ്ലസ് വണ്ണിന് ചേര്‍ന്ന ശ്രീക്കുട്ടിക്ക് രണ്ട് വര്‍ഷവും അധ്യാപകരുടെയും സഹപാഠികളുടെയും പ്രോത്സാഹനം ലഭിച്ചു. 10 വരെ എടത്തിരുത്തി സെന്റ് ആന്‍സ് കോണ്‍വെന്റിലും സ്‌കൂളുകാരുടെ ഓമനയായിരുന്നു അവള്‍.

അച്ഛന്‍ കഷ്ടപ്പെടുന്നത് തനിക്ക് വേണ്ടിയാണെന്ന് ശ്രീക്കുട്ടിക്കറിയാം. അമ്മ രാപകല്‍ തന്നോടൊപ്പം നില്‍ക്കുന്നതും അവള്‍ക്ക് നന്നായറിയാം. പഠിച്ചൊരു ജോലിയാണ് ശ്രീക്കുട്ടിയുടെ ആഗ്രഹം. കരയാമുട്ടം വിവേകാനന്ദ സേവാകേന്ദ്രത്തിന്റെ മൂന്നാംവാര്‍ഷികത്തില്‍ ശ്രീക്കുട്ടിയെ അനുമോദിച്ചു. സംവിധായകന്‍ കമല്‍ ശ്രീക്കുട്ടിക്ക് ഉപഹാരം നല്‍കി. സേവാകേന്ദ്രം രക്ഷാധികാരി വടകര ശ്രീധരന്‍ ഏര്‍പ്പെടുത്തിയ കാഷ് അവാര്‍ഡ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍ ശ്രീക്കുട്ടിക്ക് കൈമാറി. ടി.എന്‍.പ്രതാപന്‍ എം.എല്‍.എ. സംബന്ധിച്ചു.
 കാഴ്ചയുള്ള ഒരുപാടുപേര്‍ ശ്രീക്കുട്ടിക്ക് ചുറ്റുമുണ്ട്. അവര്‍ കണ്ണ് തുറന്നാല്‍ ശ്രീക്കുട്ടിയുടെ ഭാവി സുരക്ഷിതമാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.