ചാവക്കാട്: സംരക്ഷണ പദ്ധതി പാതി വഴിയില്‍ നിലച്ചതോടെ ചരിത്രമുറങ്ങുന്ന ചേറ്റുവ ടിപ്പുസുല്‍ത്താന്‍ കോട്ട വീണ്ടും കാടു കയറുന്നു. ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ സംരക്ഷണ പദ്ധതിയുടെ ആദ്യഘട്ടം 2010 ജനുവരിയിലാണ് ആരംഭിച്ചത്. മാര്‍ച്ച് അവസാനത്തോടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കുമെന്ന് അന്നത്തെ നാട്ടിക നിയോജക മണ്ഡലം എം.എല്‍.എ ടി എന്‍ പ്രതാപന്‍ അറിയിച്ചിരുന്നെങ്കിലും അത് വാക്കിലൊതുങ്ങി. ആകെ 60 ലക്ഷം രൂപ ചെലവിട്ട് നടത്തുമെന്നറിയിച്ച പദ്ധതിയുടെ ആദ്യ ഘട്ടത്തിന് 41 ലക്ഷം നീക്കിവച്ചിരുന്നു.
സംസ്ഥാന പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ കോട്ടക്കു ചുറ്റുമുള്ള തടാകം ആഴം കൂട്ടി വൃത്തിയാക്കി ഇരു വശങ്ങളിലും ഭിത്തിക്കെട്ടി, തടാകത്തിനു കുറുകെ കോട്ടയ്ക്കുള്ളിലേക്ക് കടക്കാനുള്ള മരപ്പാലം എന്നിവ സംരക്ഷിക്കുക, കാടുപിടിച്ചു കിടക്കുന്ന കോട്ടയിലെ അത്യപൂര്‍വ സസ്യങ്ങള്‍ മാത്രം സംരക്ഷിച്ച് മറ്റുള്ളവ നീക്കം ചെയ്യുക തുടങ്ങിയവയായിരുന്നു ഉദ്ദേശിച്ചിരുന്നത്.
എന്നാല്‍ കോട്ടയിലെ കാട് വെട്ടി വൃത്തിയാക്കുകയും കോട്ടയുടെ തെക്കു ഭാഗത്ത് റോഡിനോട് ചേര്‍ന്ന് കരിങ്കല്ല് കൊണ്ട് സിമന്റ് ഉപയോഗിക്കാതെ കെട്ടി ഉയര്‍ത്തിയെന്നതല്ലാതെ യാതൊരു പ്രവര്‍ത്തനവും നടന്നില്ല. വെട്ടി കളഞ്ഞ ചെടികള്‍ വീണ്ടും വളര്‍ന്ന് പന്തലിച്ച് കോട്ടയെ മൂടി തുടങ്ങി. ഏറെ മുറവിളികള്‍ക്കൊടുവിലാണ് ടിപ്പുസുല്‍ത്താന്‍ കോട്ടയുടെ സംരക്ഷണത്തിന് അധികൃതര്‍ മുന്നിട്ടിറങ്ങിയത്. നിരവധി ചെറുതും വലുതുമായ യുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കോട്ടയുടെ സംരക്ഷണ പദ്ധതിക്ക് നേതൃത്വം നല്‍കാന്‍ ജനപ്രധിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിരുന്നു.


0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.