പേജുകള്‍‌

2010 ഡിസംബർ 21, ചൊവ്വാഴ്ച

ഖത്തറില്‍ മലയാളി യുവാക്കളുടെ വധശിക്ഷ ജീവപര്യന്തമാക്കി

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തറില്‍ ഇന്തോനേഷ്യന്‍ യുവതി കൊലചെയ്യ്‌ത കേസില്‍ രണ്ട് മലയാളികളുടെയും ഒരു നേപ്പാള്‍ സ്വദേശിയടക്കം മൂന്നുപേരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു.
കുന്നംകുളം ചൊവ്വന്നൂര്‍ മാച്ചാലങ്ങത്ത് ശ്രീധരന്റെ മകന്‍ മണികണ്ഠന്‍ (31), തൃശൂര്‍ മണ്ണുത്തി സ്വദേശി മഹാദേവന്റെ മകന്‍ ഉണ്ണികൃഷ്ണന്‍ (34), നേപ്പാള്‍ സ്വദേശി ചന്ദ്രശേഖരന്‍ യാദവ് എന്നിവരുടെ വധശിക്ഷയാണ് ജീവപര്യന്തമാക്കിയത്. മലയാളികള്‍ 25 വര്‍ഷവും നേപ്പാളിക്ക് 15 വര്‍ഷവും തടവനുഭവിക്കണമെന്നാണ് കോടതി ഇപ്പോള്‍ വിധിച്ചിരിക്കുന്നത്.
2003 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഇന്തോനേഷ്യക്കാരിയായ യുവതിയുടെ അഴുകിയ മൃതദേഹം വക്ര ബീച്ചില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂവരും അറസ്റ്റിലായത്. പ്രതികള്‍ സഞ്ചരിച്ച കാറില്‍ കണ്ട കറ മനുഷ്യരക്തമല്ലെന്നും ഇവരെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പ്രതിഭാഗം അഭ്യര്‍ഥിച്ചിരുന്നു.
2007ലാണ് വധശിക്ഷ ലഭിച്ച ഇവരെ അതില്‍ നിന്നും ഒഴിവാക്കാനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. അല്‍ അന്‍സാരി ലോ ഓഫീസിലെ അഡ്വ. നിസാര്‍ കോച്ചേരിയാണ് ഇവര്‍ക്ക് വേണ്ടി അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്.
കേസിലെ മൂന്നു പ്രതികള്‍ക്ക് വധശിക്ഷയും നാലാമന് രണ്ടുവര്‍ഷം തടവും 2000 റിയാല്‍ പിഴയും വിധിച്ച് 2006 നവംബറില്‍ ക്രിമിനല്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. വധശിക്ഷക്കെതിരെ പ്രതിഭാഗം ഹരജി നല്‍കിയെങ്കിലും 2008 ജൂണ്‍ 25ന് അപ്പീല്‍ കോടതിയും ശിക്ഷ ശരിവെച്ചു. ഇതിനെതിരായ ഹരജിയില്‍ വിധി പുന:പരിശോധിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന വിചാരണയിലാണ് വധശിക്ഷ റദ്ദാക്കിയത്. മണികണ്ഠന്‍ വെല്‍ഡറും ഉണ്ണികൃഷ്ണന്‍ ടാക്‌സി ഡ്രൈവറും നേപ്പാളിയായ ചന്ദ്രശേഖരന്‍ യാദവ് സെക്യൂരിറ്റി ജീവനക്കാരുമായരുന്നു.

2010 ഡിസംബർ 20, തിങ്കളാഴ്‌ച

തൊഴില്‍ കരാറിന്റെ കാലാവധി കഴിഞ്ഞ ഒരാള്‍ക്ക് പുതിയ വിസ കിട്ടാനുള്ള ആറുമാസത്തെ വിലക്ക് നീക്കി

അബൂദബി: രാജ്യത്ത് തൊഴില്‍ കരാറിന്റെ കാലാവധി കഴിഞ്ഞ ഒരാള്‍ക്ക് പുതിയ തൊഴില്‍ പെര്‍മിറ്റ് കിട്ടണമെങ്കില്‍ ആറ് മാസം കഴിയണമെന്ന വ്യവസ്ഥ നീക്കി. ഇതടക്കം തൊഴില്‍ മാറ്റവും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റവുമായി ബന്ധപ്പെട്ട് തൊഴില്‍ നിയമത്തില്‍ വരുത്തിയ ഇളവുകള്‍ 2011 ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരുമെന്ന് തൊഴില്‍ മന്ത്രി സഖര്‍ ഗൊബാഷ് പ്രഖ്യാപിച്ചു. 25/ 2010 നമ്പര്‍ കാബിനറ്റ് തീരുമാനം അനുസരിച്ചാണ് തൊഴില്‍ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.
കരാറിന് ശേഷം മറ്റൊരു ജോലിയില്‍ പ്രവേശിക്കണമെങ്കില്‍ മുന്‍ തൊഴിലുടമയുടെ മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥയും നീക്കിയിട്ടുണ്ട്. എന്നാല്‍, മുന്‍ സ്‌പോണ്‍സറുമായുള്ള തൊഴില്‍ കരാര്‍ അവസാനിപ്പിച്ച ശേഷമേ വിസക്ക് അപേക്ഷിക്കാനാവൂയെന്ന് നിബന്ധനയുണ്ട്. തൊഴിലുടമയുടെ കീഴില്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ജോലി ചെയ്തിരിക്കണമെന്നാതാണ് മറ്റൊരു നിബന്ധന. അതായത്, ജനുവരി മുതല്‍ വിസ കാലാവധി രണ്ട് വര്‍ഷമായി ചുരുങ്ങുന്നതോടെ ഒരു സ്‌പോണ്‍സര്‍ക്ക് കീഴില്‍ മൂന്ന് വര്‍ഷം തൊഴിലെടുത്തിരിക്കണമെന്ന വ്യവസ്ഥ രണ്ട് വര്‍ഷമായി ചുരുങ്ങും.
തൊഴിലുടമയുടെയും തൊഴിലാളിയുടെയും സമ്മതമില്ലാതെ കരാര്‍ റദ്ദാക്കാനും പുതിയ വിസക്ക് അപേക്ഷിക്കാനും കഴിയുന്ന രണ്ട് സാഹചര്യങ്ങള്‍ ഏതൊക്കെയെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിയമപരമോ കരാറിലുള്ളതോ ആയ ഉപാധികള്‍ തൊഴിലുടമ ലംഘിക്കുന്ന സാചര്യമാണ് അതിലൊന്ന്. തൊഴിലാളിയുടേതല്ലാത്ത കാരണത്താല്‍ തൊഴില്‍ ബന്ധം അവസാനിക്കുകയും (സ്ഥാപനം അടച്ചുപൂട്ടലുള്‍പ്പെടെ) തൊഴിലാളി സ്ഥാപനത്തിനെതിരെ പരാതി നല്‍കുകയും ചെയ്യുന്ന സാഹചര്യമാണ് മറ്റൊന്ന്. ഇത്തരം സാഹചര്യങ്ങളില്‍ സ്ഥാപനം രണ്ട് മാസത്തിലേറെയായി പ്രവര്‍ത്തിക്കുന്നില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് വേണമെന്നും തൊഴിലാളി സ്ഥാപനത്തിനെതിരെ മന്ത്രാലയത്തില്‍ പരാതി നല്‍കിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.  
പരാതി മന്ത്രാലയം കോടതിക്ക് കൈമാറും. തുടര്‍ന്ന് കരാറോ അതിലെ എന്തെങ്കിലും അവകാശങ്ങളോ റദ്ദാക്കിയതിന് തൊഴിലാളിക്ക് രണ്ട് മാസത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നഷ്ടപരിഹാരവും നല്‍കാന്‍ കോടതി തൊഴിലുടമക്കെതിരെ അന്തിമ വിധി പ്രഖ്യാപിക്കണം.
ചുരുങ്ങിയത് രണ്ട് വര്‍ഷം തൊഴിലുടമക്ക് കീഴില്‍ ജോലി ചെയ്തിരിക്കണമെന്ന വ്യവസ്ഥ പാലിച്ചില്ലെങ്കിലും പുതിയ തൊഴില്‍ പെര്‍മിറ്റ് കിട്ടുന്നതിനുള്ള മൂന്ന് സാഹചര്യങ്ങളും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അവ ഇതാണ്: 
1) ജോലി ലഭിക്കുമ്പോള്‍ തൊഴിലാളി പ്രൊഫഷനല്‍ ക്ലാസിലെ ഒന്ന്, രണ്ട്, മൂന്ന് എന്നീ വിഭാഗങ്ങളില്‍ ഏതെങ്കിലുമൊന്നിലാണ് പെടുന്നത്. പുതുതായി വാഗ്ദാനം ചെയ്യപ്പെടുന്ന ശമ്പളം ഓരോ വിഭാഗത്തിനും യഥാക്രമം 12,000 ദിര്‍ഹം, 7,000 ദിര്‍ഹം, 5,000 ദിര്‍ഹം എന്നിവയില്‍ കുറവാകാന്‍ പാടില്ല.
2) തൊഴിലുടമ നിയമപരവും തൊഴില്‍പരവുമായ വ്യവസ്ഥകള്‍ പാലിക്കാതിരിക്കുകയോ തൊഴിലാളിയുടേതല്ലാത്ത കാരണത്താല്‍ തൊഴില്‍ ബന്ധം ഇല്ലാതാവുകയോ ചെയ്യുക.
3) തൊഴിലുടമയുടെ ഉടമസ്ഥതയിലുള്ളതോ അദ്ദേഹത്തിന് ഓഹരിയുള്ളതോ ആയ മറ്റ് സ്ഥാപനങ്ങളിലേക്ക് തൊഴിലാളിയെ മാറ്റുക.   
ഈ മൂന്ന് സാഹചര്യങ്ങളിലും തൊഴിലാളിക്ക് നിശ്ചിത കാലാവധി പൂര്‍ത്തിയാക്കാതെ തന്നെ പുതിയ വിസ ലഭിക്കും.
തൊഴില്‍ വിപണിയില്‍ കൂടുതല്‍ സുതാര്യത ഉറപ്പ് വരുത്തുകയാണ് നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് തൊഴില്‍ മന്ത്രി സഖര്‍ ഗൊബാഷ് പറഞ്ഞു. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാര്‍ ബന്ധത്തില്‍ സമത്വം വരുത്തുകയാണ് ലക്ഷ്യം. ഇരു കൂട്ടരുടെയും നിയമപരമായ അവകാശങ്ങള്‍ കാത്തുസൂക്ഷിക്കേണ്ട ബാധ്യത മന്ത്രാലയത്തിനുണ്ട്. നിയമപരമായി നിലനില്‍ക്കുന്ന വ്യവസ്ഥകളില്‍ വീഴ്ച സംഭവിച്ചാല്‍ മാത്രമേ മന്ത്രാലയം തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാര്‍ ബന്ധത്തില്‍ ഇടപെടൂ. തൊഴില്‍ വിപണിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന നിരവധി ക്രമക്കേടുകള്‍ക്ക് നിയമഭേദഗതികള്‍ പരിഹാരമാകും. വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം നിലവിലെ നിയമങ്ങളുടെ തുടര്‍ച്ചയായാണ് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പുരോഗതിക്ക് ഇവ സഹായകമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

2010 ഡിസംബർ 19, ഞായറാഴ്‌ച

ഖുര്‍ആന്‍ വിജ്ഞാനപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു: വനിതകള്‍ക്ക് മികച്ച വിജയം

ദുബൈ : യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യു.എ.ഇ. അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ വിജ്ഞാന പരിക്ഷാഫലം പ്രസിദ്ധീകരിച്ചു. 90 ശതമാനത്തിലധികം മാര്‍ക്ക് നേടി എ പ്ലസ് •ഡോടെ 7 വനിതകള്‍ക്കാണു  ഉന്നതവിജയം.
എപ്ലസ് •ഡ് നേടിയവരുടെ പേരു വിവരങ്ങള്‍ ചുവടെ:-
അനീസ നസീം എം.സി. (ദേരാ), ജസീല പി.എം. (അല്‍മനാര്‍), തസ്നീം ഫൌസി (ഷാര്‍ജ), ഷബ്ന ഫൈസല്‍(ഷാര്‍ജ), താഹിറ സിദ്ദീഖ് (ബര്‍ദുബൈ), മറിയം മഹ്നാസ് (ഷാര്‍ജ), ഫാഹിദ നവീദ് (ഷാര്‍ജ).
80 ശതമാനത്തിലധികം മാര്‍ക്ക് നേടി 23 പേര്‍ക്ക് ഏ •ഡും ലഭിച്ചുട്ടെണ്ടെന്നും  പരീക്ഷാ വിഭാ•ം കണ്‍വീനര്‍മാരായ ഹുസൈന്‍ കക്കാട്, പി.സി. കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ അറിയിച്ചു. ഇവരില്‍  21 പേരും സ്ത്രീകളാണു.
ഈ മാസം 3നായിരുന്നു യു.എ.ഇ.യിലെ 12 കേന്ദ്രങ്ങളില്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ഫൈനല്‍ നടന്നത്. നവംബര്‍ 26നു നടന്ന ഒന്നാംഘട്ടപരീക്ഷയില്‍ 80 ശതമാനം മാര്‍ക്ക് നേടിയവരായിരുന്നു രണ്ടാംഘട്ട പരീക്ഷ എഴുതാന്‍ യോ•്യത നേടിയത്.  വിജ്ഞാനപരീക്ഷയുടെ പൂര്‍ണ്ണഫലം യു.എ.ഇ.ലെ പന്ത്രണ്ട് കേന്ദ്രങ്ങളിലും ലഭ്യമാണെന്ന് പരീക്ഷാ കണ്‍വീനര്‍മാര്‍ അറിയിച്ചു. ദുബായില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന പൊതു പരിപാടിയില്‍ വെച്ച് ഖുര്‍ആന്‍ വിജ്ഞാനപരീക്ഷയില്‍ ഉന്നതവിജയം നേടിയവരെ ആദരിക്കുമെന്നും അവര്‍ അറിയിച്ചു.
വിജയികളെ അഭിനന്ദിച്ചു
ഖുര്‍ആന്‍ വിജ്ഞാനപരീക്ഷയില്‍ ഉന്നത വിജയം നേടിയ പ്രതിഭകളെ
യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് എ.പി.അബ്ദുസ്സമദ് സാബീല്‍ ജനറല്‍ സെക്രട്ടറി സി.ടി.ബഷിര്‍ എന്നിവര്‍ അഭിനന്ദിച്ചു. ഖുര്‍ആന്‍ പഠിക്കുവാന്‍ സ്ത്രീകള്‍ കാണിക്കുന്ന താത്പര്യം ഏറെ മാത്യകാപരമെന്ന് അവര്‍ പറഞ്ഞു.
 

ഇന്ത്യന്‍ മീഡിയാ ഫോറം ഭാരവാഹികള്‍

ദുബയ്: യു.എ.ഇയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയാ ഫോറം(ഐ.എം.എഫ്)പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.  പ്രസിഡന്റ്, ഇ സതീഷ് (ഏഷ്യാനെറ്റ്), ജനറല്‍ സെക്രട്ടറി, ജലീല്‍ പട്ടാമ്പി)മിഡിലീസ്റ് ചന്ദ്രിക), ഖജാഞ്ചി, സാദിഖ് കാവില്‍(മനോരമ ഓണ്‍ലൈന്‍), വൈസ് പ്രസിഡന്റ്, എല്‍വിസ് ചുമ്മാര്‍(ജയ് ഹിന്ദ്), ജോയിന്റ് സെക്രട്ടറി, ഫൈസല്‍ ബിന്‍ അഹമ്മദ്(ഏഷ്യാനെറ്റ്), ജോയിന്റ് ട്രഷറര്‍, പ്രമദ് ബി കുട്ടി(മനോരമ ന്യൂസ്). നിര്‍വാഹക സമിതി അംഗങ്ങള്‍: ഭാസ്കര്‍ രാജ്, ബിജു ആബേല്‍ ജേക്കബ്, ആല്‍ബര്‍ട്ട് അലക്സ്, അലി അക്ബര്‍, റഹ്്മാന്‍ എലമങ്കല്‍, റോണി എം പണിക്കര്‍, നാസര്‍ ബേപ്പൂര്‍, അനില്‍ വടക്കേക്കര, കെ എ ജബ്ബാരി. ഓഡിറ്റര്‍: വി എം സതീഷ്. ഇ എം അഷ്റഫ് അധ്യക്ഷത വഹിച്ചു. ഇ മൊയ്തീന്‍ കോയ, ഇസ്മായില്‍ മേലടി എന്നിവര്‍ വരണാധികാരികളായിരുന്നു.

ഖത്തര്‍ ദേശീയദിനമാഘോഷിച്ചു

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തര്‍ ദേശീയദിനം അതിവിപുലമായി ആഘോഷിച്ചു‍. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ സപ്തംബര്‍ 3നായിരുന്നു ഖത്തര്‍ സ്വാതന്ത്രദിനം ആഘോഷിച്ചിരുന്നത്. ബ്രിട്ടീഷാധിപത്യത്തില്‍നിന്ന് ഖത്തര്‍ പൂര്‍ണമായും മോചിതമായ 1971 സപ്തംബര്‍ 3ന് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തെ അനുസ്മരിച്ചുകൊണ്ട് അതേദിവസമായിരുന്നു നേരത്തെ ദേശീയ ദിനമായി കൊണ്ടാടിയിരുന്നത്.
2007ല്‍ ഗവണ്മെന്റ് ആ തീരുമാനം മാറ്റി ആധുനിക ഖത്തറിന്റെ സ്ഥാപകനായ ശൈഖ് ജാസിം 1873ല്‍ തന്റെ പിതാവ് ശൈഖ് മുഹമ്മദ് ബിന്‍ഥാനിയുടെ പിന്‍ഗാമിയായി അധികാരമേറ്റെടുത്തതിന്റെ സ്മരണാര്‍ത്ഥം ഡിസംബര്‍ 18ന് ഖത്തര്‍ ദേശീയദിനമായി പ്രഖ്യാപിക്കുന്നത്.
ഖത്തറിന്റെ മുഖ്യ തെരുവുകളിലെല്ലാം ദേശീയ പതാകകള്‍ പാറിക്കളിക്കുന്ന ഒരു പുലര്‍ക്കാലം സമ്മാനിച്ചായിരുന്നു ഖത്തര്‍ മിഴിതുറന്നത്. കുങ്കുമവും വെള്ളയും ഇടകലര്‍ന്ന ദേശീയ പതാകകളും വഹിച്ചുകൊണ്ടായിരുന്നു മിക്ക വാഹനങ്ങളും റോഡിലിറങ്ങിയത്. ഒട്ടുമിക്ക വാഹനങ്ങള്‍ക്കു പുറത്ത് ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ ഖലീഫാ അല്‍താനിയുടെയും കിരീടാവകാശി ശൈഖ് തമീമിന്റെയും ചിത്രങ്ങള്‍ ഒട്ടിച്ച് അതിമനോഹരമക്കിയാണ് തെരുവുകളില്‍ ഓടിയിത്.
നഗരത്തിലെ എല്ലാ വലിയ കെട്ടിടങ്ങള്‍ക്ക് മുകളിലെല്ലാം ദേശീയ പതാകകളോടൊപ്പം ഭരണാധികാരിയുടെയും കിരീടാവകാശിയുടെയും ചിത്രങ്ങളും മറ്റും സ്ഥാപിച്ചും ദീപാലങ്കാരങ്ങള്‍ തൂക്കിയും മനോഹാരിതമാക്കിയിരിക്കുന്ന കാഴ്ച്ച എങ്ങും കാണാമായിരുന്നു.
കാലത്ത് 8.30ന് തന്നെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. സൈനിക പരേഡായിരുന്നു ആദ്യം. കരസേനയും നാവികസേനയും വ്യോമസേനയും നടന്നു സൈനിക പരേഡുകള്‍ക്ക് അകമ്പടി സേവിച്ചുകൊണ്ട് വിമാനങ്ങള്‍ ആകാശത്ത് വട്ടമിട്ടു പറന്ന് കൗതുക ദൃശ്യങ്ങള്‍ വിരിയിച്ചു. പത്ത് മണി വരെ നീണ്ടുനിന്ന പരേഡില്‍ വിദേശികളും സ്വദേശികളുമായ ആയിരങ്ങള്‍ പങ്കെടുത്തു.
കോര്‍ണിഷിലും അല്‍ ബിദാ പാര്‍ക്കിലുമുള്ള ഈന്തപ്പനയിലെല്ലാം വൈദ്യുതിയുടെ റാന്തല്‍ വിളക്കുകള്‍ തുക്കി പഴമയെ വിളിച്ചോതുന്ന കലാവിരുത് കുറച്ചു നേരത്തിനെങ്കിലും എല്ലാ ദേശിയവാസികളിലും തങ്ങളുടെ പഴയകാലം ഓര്‍മിപ്പിച്ചു. ആകെ ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു ദോഹയുടെ തെരുവിലെങ്ങും.
സന്ധ്യയായതോടെ വാഹനങ്ങളുമായി യുവാക്കള്‍ തെരുവിലിറങ്ങി ഒപ്പം വാഹനങ്ങള്‍ക്ക് പുറത്ത്‌നിന്ന് നൃത്തവും പാട്ടുമായി ജാഥകണക്കെ ഹോണുകള്‍ മുഴക്കി വരിവരിയായി നീങ്ങുന്ന കാഴ്ച്ച കണിനുകുളിര്‍മയേകുന്നതായിരുന്നു. ലേസര്‍രശ്മികളുടെ മാസ്‌കരീക പ്രയോഗങ്ങളും അതോടൊപ്പം രാത്രി എട്ടുമണിയോടെ തുടങ്ങിയ വെടിക്കെട്ട് 15 മിനിറ്റിലധികം നീണ്ടുനിന്നു.ഈ വര്‍ണവിസ്മയത്തോടെ ഔദ്ദ്യോധികമായി ദേശിയദിനം സ്മാപിച്ചുവെങ്കിലും. അര്‍ദ്ധരാത്രി വരെ ദേശവാസികളുടെ തെരുവിലിറങ്ങിയുള്ള ആഘോഷങ്ങള്‍ ഉണ്ടായിരിയിരുന്നു.

രാത്രി സമയങ്ങളില്‍ ഡോക്ടര്‍മാരില്ലാത്തതു മൂലം രോഗികള്‍ ദുരിതത്തില്‍

ചാവക്കാട്: കടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രാത്രി സമയങ്ങളില്‍ ഡോക്ടര്‍മാരില്ലാത്തതു മൂലം രോഗികള്‍ ദുരിതത്തില്‍.
മല്‍സ്യതൊഴിലാളികളടക്കം നിര്‍ധന കുടുംബങ്ങള്‍ തിങ്ങി പ്പാര്‍ക്കുന്ന മേഖലയില്‍ ഇതു മൂലം രാത്രി സമയങ്ങളിലെ ചി കില്‍സ തേടി സ്വകാര്യ ആശു പത്രകളെ ആശ്രയിക്കേ ണ്ട ഗതികേടിലാണ് ജനങ്ങള്‍.
വര്‍ഷ ങ്ങ ള്‍ക്ക് മുന്‍പ് പ്രാഥ മികാരോഗ്യ കേന്ദ്രത്തോടു ചേര്‍ ന്നുള്ള ക്വാര്‍ട്ടേഴ്സില്‍ ഡോക്ടര്‍ ചികില്‍സ നടത്തിയിരുന്നെങ്കിലും ക്രമേണ അത് നിലയ്ക്കുകയായിരുന്നു. മറ്റു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ അപേക്ഷിച്ച് സൌകര്യങ്ങള്‍ ഏറെയുള്ള ഇവിടെ രാത്രി സമയങ്ങളില്‍ ചികില്‍സക്കായി ഡോക്ടറെ നിയോഗിക്കണമെന്ന് നിരന്തര ആവശ്യംഉയര്‍ന്നിരുന്നുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
പഴയ കെട്ടിടത്തോട് ചേര്‍ന്ന് പുതിയ കെട്ടിടം പണിതീര്‍ത്ത് പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും രാവിലെ മണിക്കൂറുകള്‍ മാത്രം നേരമാണ് ഡോക്ടര്‍മാരുടെ ഡ്യൂട്ടി.

അനധികൃത മണല്‍ശേഖരം പിടികൂടി

പാവറട്ടി: അനധികൃതമായി ശേഖരിച്ച പത്ത് ലോഡ് മണല്‍ പാവറട്ടി പോലിസ് പിടികൂടി നിര്‍മ്മിതി കേന്ദ്രക്ക് കൈമാറി.
മുനയ്്ക്കകടവ് പരിസരത്തെ കനോലി കനാലിനോട് ചേര്‍ന്ന് കിടക്കുന്ന സ്വകാര്യവ്യക്തിയുടെപറമ്പില്‍ ശേഖരിച്ച നിലയിലായിരുന്നു മണല്‍.
പോലിസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ്.ഐ പി വി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധയിലാണ് മണല്‍ പിടികൂടിയത്. അനധികൃതമായി മണല്‍ ശേഖരിക്കുകയും ഫില്‍റ്റര്‍ ചെയ്ത വില്‍ക്കുകയും ചെയ്യുന്ന സംഘമാണ് പിന്നിലെന്ന് പോലിസ് പറയു ന്നു. പുളിപൂഴി ശേഖരിക്കുകയും വലിയവിലക്ക് ഭാരതപ്പുഴ മണല്‍ എന്ന ലേബലില്‍ വില്‍ക്കുകയുമാണ് സംഘം ചെയ്യുന്നതെന്നും പോലിസ് പറയുന്നു.
മണല്‍ ശേഖരം പിടികൂടിയതുമായി ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും പോലിസ് പറഞ്ഞു.

ചാവക്കാട്ടുകാരനായ കാര്‍ ഡ്രൈവറെ സേലത്ത് അബോധാവസ്ഥയില്‍ കുറ്റിക്കാട്ടില്‍ കണ്െടത്തി

ചാവക്കാട്: പോത്തിനെ വാങ്ങാന്‍ തമിഴ്നാട്ടിലേക്കു പോയ ചാവക്കാട്ടുകാരനായ കാര്‍ ഡ്രൈവറെ സേലത്ത് അബോധാവസ്ഥയില്‍ കുറ്റിക്കാട്ടില്‍ കണ്െടത്തി. ചാവക്കാട് പാലയൂര്‍ അമ്പലത്ത് വീട്ടില്‍ കാസിമി(30)നെയാണ് അബോധാവസ്ഥയില്‍ കണ്െടത്തിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. ഗുരുവായൂരുള്ള സുഹൃത്തുക്കളുമായി കഴിഞ്ഞ ദിവസമാണ് കാസിം കാറില്‍ തമിഴ്നാട്ടിലേക്ക് പോയത്. എന്നാല്‍  സേലത്തു വെച്ച് കാസിമിനെ കാണാതാവുകയായിരുന്നുവത്രെ. വിവരമറിഞ്ഞ് സേലത്തെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും കാസിമുമായി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. തമിഴ് ഡ്രൈവര്‍മാരാണ് കാസിമിനെ അവശനിലയില്‍ കണ്െടത്തി ആശുപത്രിയിലെത്തിച്ചത്.

2010 ഡിസംബർ 18, ശനിയാഴ്‌ച

തെര്‍മോക്കോള്‍ മല്‍സ്യബന്ധനയാനത്തില്‍ അര്‍ഷാദിന്റെ മല്‍സ്യബന്ധനം

കെ എം അക്ബര്‍
ചാവക്കാട്: കടപ്പുറം ഇരട്ടപ്പുഴ കോളനിപ്പടിക്കടുത്ത് പുളിച്ചാറം വീട്ടില്‍ റഷീദിന്റെ മകന്‍ അര്‍ഷാദിന് കടലില്‍ പോയി മല്‍സ്യ ബന്ധനം നടത്താന്‍ യന്ത്രവല്‍കൃത ബോട്ടും ഫൈബര്‍ വഞ്ചിയൊന്നും വേണ്ട. തെര്‍മോകോള്‍ ഷീറ്റുകള്‍ ഘടിപ്പിച്ച പാളിയിലിരുന്ന് മുളവടിയുടെ ഇരുവശങ്ങളിലും സ്റ്റീല്‍ പാത്രം ഘടിപ്പിച്ച് തയ്യാറാക്കിയ പങ്കായം കൊണ്ട് തുഴഞ്ഞാണ് അര്‍ഷാദിന്റെ വ്യത്യസ്ത മല്‍സ്യബന്ധനം. ആലപ്പുഴയില്‍ നിന്നാണ് പ്രത്യേകമായി തയ്യാറാക്കിയ തെര്‍മോക്കോള്‍ പാളികള്‍ കൊണ്ടുവന്നത്. രണ്ടു പേര്‍ക്ക് ഇരുന്ന് മല്‍സ്യം ബന്ധനം നടത്താന്‍ കഴിയുന്ന ഈ തെര്‍മോക്കോള്‍ മല്‍സ്യബന്ധനയാനത്തിലിരുന്ന് അര്‍ഷാദ് കടലിലിറങ്ങുമ്പോള്‍ കഴ്ചക്കാര്‍ക്ക് കൌതുകത്തോടെ നോക്കിനില്‍ക്കും. രാവിലെ ഏഴുമണിയോടെ ആരംഭിക്കുന്ന മല്‍സ്യ ബന്ധനം വൈകുന്നേരത്തോടെ അവസാനിപ്പിച്ച് തെര്‍മോക്കോള്‍ മല്‍സ്യബന്ധനയാനം നിറയെ മല്‍സ്യവുമായായിരിക്കും പത്തൊന്‍പതുകാരന്റെ വരവ്.

മുസ്ലിം വേട്ടക്കെതിരെ പോപുലര്‍ഫ്രണ്ട്

കെ എം അക്ബര്‍
ചാവക്കാട്: പോപുലര്‍ ഫ്രണ്ടിനെ വേട്ടയാടുന്നത് മുസ്ലിം ശാക്തീകരണത്തെ അടിച്ചമര്‍ത്താനാണെന്ന് പോപുലര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി മുഹമ്മദാലി കൂറ്റനാട് അഭിപ്രായപ്പെട്ടു. മുസ്ലിം വേട്ടക്കെതിരെ പോപുലര്‍ഫ്രണ്ട് തൃശൂര്‍ ജില്ലാ കമ്മിറ്റി നടത്തുന്ന നയവിശദീകരണ ജാഥയുടെ ആറാം ദിവസത്തെ സമാപനത്തോടനുബന്ധിച്ച് ചാവക്കാട് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചക നിന്ദ നടത്തിയ ജോസഫിനെ ആക്രമിച്ചെന്ന പേരുപറഞ്ഞ് പോപുലര്‍ഫ്രണ്ടിനെ അടിച്ചൊതുക്കാനാണ് ഭരണകൂടത്തിന്റെ ശ്രമമെന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കരിനിയമങ്ങള്‍ക്കെതിരെ സമരം ചെയ്ത സി.പി.എമ്മുകാര്‍ ടാഡയേക്കാളും പോട്ടയേക്കാളും ഭീകരമായ യു.എ.പി.എ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡിവിഷന്‍ പ്രസിഡന്റ് നാസര്‍ ചാവക്കാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അക്ബര്‍ എടക്കഴിയൂര്‍, ബി ടി സലാഹുദീന്‍ തങ്ങള്‍ സംസാരിച്ചു.

മോഷണം തടയാന്‍ പോലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തുമ്പോഴും ഗുരുവായൂരില്‍ മോഷ്ടാക്കളുടെ വിളയാട്ടം

ഗുരുവായൂര്‍: മോഷണം തടയാന്‍ പോലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തുമ്പോഴും പുല്ലുവില കല്പിച്ച് ഗുരുവായൂരില്‍ മോഷ്ടാക്കളുടെ വിളയാട്ടം വീണ്ടും. ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ രണ്ടുപവന്‍ സ്വര്‍ണമാല കവര്‍ന്നു. നാലുവീടുകളില്‍ മോഷണശ്രമവും ഉണ്ടായി.
കാരക്കാട് മമ്പറമ്പത്ത് റസാഖിന്റെ ഭാര്യ ഉമ്മുവിന്റെ (45) മാലയാണ് കവര്‍ന്നത്. മല്ലിശ്ശേരി പറമ്പില്‍ വേളുവീട്ടില്‍ വേലായുധന്‍, ചെമ്പകശ്ശേരി പത്മാവതിയമ്മ, കറപ്പംവീട്ടില്‍ ബീബി അഹമ്മദ്, കാരക്കാട് കോടനായില്‍ ജയപ്രകാശ് എന്നിവരുടെ വീടുകളില്‍ മോഷണശ്രമവും നടന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മമ്പറമ്പത്ത് ഉമ്മുവിന്റെ മാല കവര്‍ന്നത്. വീടിന്റെ പിന്‍വശത്തെ ഗ്രില്‍ തുറന്ന് അടുക്കള വാതിലിന്റെ ഓടാമ്പല്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. അകത്തെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഉമ്മുവിന്റെ കഴുത്തില്‍നിന്ന് മാല മോഷ്ടിക്കുകയായിരുന്നു. അവര്‍ ഉണര്‍ന്നപ്പോഴേക്കും മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് വിവരമറിയിച്ചപ്പോള്‍ ഗുരുവായൂര്‍ പോലീസ് എത്തി പരിശോധന നടത്തി.
ഉമ്മുവിന്റെ വീട്ടില്‍ മോഷണം നടന്നതിന് ഏകദേശം ഒരുമണിക്കൂര്‍ മുമ്പാണ് വേളുവീട്ടില്‍ വേലായുധന്റെ വീട്ടില്‍ മോഷണശ്രമം ഉണ്ടായത്. പിന്‍വശത്തെ വാതില്‍ തള്ളിത്തുറന്ന് മോഷ്ടാക്കള്‍ അകത്തു കയറിയെങ്കിലും വോലയുധന്‍ ശബ്ദംവെച്ചു. അടിവസ്ത്രം മാത്രം ധരിച്ചിരുന്ന മോഷ്ടാവ് ശബ്ദിക്കരുതെന്ന് ഭീഷണിപ്പെടുത്തിയത്രെ. പ്രതിരോധിക്കാനായി വേലായുധന്‍ എഴുന്നേല്‍ക്കുന്നതിനിടെ മോഷ്ടാവ് രക്ഷപ്പെട്ടോടി.
പത്മാവതിയമ്മയുടെ വീടിന്റെ ഓടും ഷീറ്റുകളും ഇളക്കിമാറ്റി മോഷ്ടാക്കള്‍ അകത്തുകടന്നുവെങ്കിലും ആളനക്കം കേട്ടതിനാല്‍ അവര്‍ ഓടി.
കറപ്പംവീട്ടില്‍ ബീബി അഹമ്മദിന്റെ വീടിന്റെ മുന്‍വാതില്‍ തകര്‍ത്തശേഷം അകത്തുകടന്ന മോഷ്ടാക്കള്‍ അലമാര തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. ഈ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. രാവിലെ വീട്ടുകാര്‍ എത്തിയപ്പോഴായിരുന്നു മോഷണശ്രമം ശ്രദ്ധയില്‍പ്പെട്ടത്. കോടാനയില്‍ ജയപ്രകാശിന്റെ വീടിന്റെ വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടപ്പോള്‍ മോഷ്ടാക്കള്‍ ഓടിപ്പോയതായി പറയുന്നു.

2010 ഡിസംബർ 17, വെള്ളിയാഴ്‌ച

ചാവക്കാട് ഉപജില്ലാ കലോല്‍സവത്തിന് തിരിതെളിഞ്ഞു

കെ എം അക്ബര്‍
ചാവക്കാട്: ഉപജില്ലാ കലോല്‍സവത്തിന് എടക്കഴിയൂര്‍ സീതി സാഹിബ് മെമ്മോറിയല്‍ വി.എച്ച്.എസ്.എസ് സ്കൂളില്‍ തിരിതെളിഞ്ഞു. കെ വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കമറുദീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആര്‍ പി ബഷീര്‍, ഡി.ഇ.ഒ തങ്കം പോള്‍, നഫീസകുട്ടി വലിയകത്ത്, ടി എ ആയിഷ, ഉമ്മര്‍ മുക്കണ്ടത്ത്, സുനിതാ ബാലന്‍, ആര്‍ പി അബൂബക്കര്‍ സിദീഖ്, എ ടി അബ്ദുള്‍റഷീദ്, കെ എം ലൈ, സുലൈമു വലിയകത്ത്, റാഫി നീലങ്കാവില്‍, ബിജോയ് പി മാത്യു, എം വി സെയ്നുദീന്‍, ബാബു പി ആളൂര്‍, എ എസ് രാജു, എ.ഇ.ഒ കെ വി അന്നാമ്മ, സ്കൂള്‍ ലീഡര്‍ കിരണ്‍, വല്‍സല കുമാരി സംസാരിച്ചു. 22 വരെ നീളുന്ന കലോല്‍സവത്തില്‍ 98 സ്കൂളുകളില്‍ നിന്നായി 3000 ഓളം കലാപ്രതിഭകള്‍ മാറ്റുരക്കും.

നയവിശദീകരണ ജാഥ ഇന്ന് ചാവക്കാട്ട്

 
കെ എം അക്ബര്‍

ചാവക്കാട്: പോലിസും ഭരണകൂടവും നടത്തുന്ന മുസ്ലിം വേട്ടക്കെതിരെ പോപുലര്‍ഫ്രണ്ട് തൃശൂര്‍ ജില്ലാ കമ്മിറ്റി നടത്തുന്ന നയവിശദീകരണ ജാഥ ഇന്ന് ചാവക്കാട്ടെത്തും. രാവിലെ മന്ദലാംകുന്ന് കിണര്‍ സെന്ററില്‍ നിന്നും ആരംഭിക്കുന്ന ജാഥ വൈകീട്ട് 4.30ന് ചാവക്കാട് സെന്ററില്‍ സമാപിക്കും. പോപുലര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി മുഹമ്മദാലി കൂറ്റനാട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് ചാവക്കാട് ഡിവിഷന്‍ കമ്മിറ്റി അറിയിച്ചു.

2010 ഡിസംബർ 16, വ്യാഴാഴ്‌ച

സൗഹൃദ സന്ദേശവുമായി 'സീനത്ത് അല്‍ ബിഹാര്‍'


മസ്‌കത്ത്: അയല്‍ രാജ്യങ്ങള്‍ക്ക് സൗഹൃദ സന്ദേശവുമായി 'സീനത്ത് അല്‍ ബിഹാര്‍' എന്ന കപ്പലിന്റെ യാത്ര തുടങ്ങി. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശപ്രകാരമാണ് ഒമാന്റെ സമുദ്ര യാത്രാ ചരിത്രത്തില്‍ മറ്റൊരധ്യായം കുറിക്കാന്‍  'സീനത്ത് അല്‍ ബിഹാര്‍' ഇന്നലെ സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തുനിന്ന് പുറപ്പെട്ടത്. നേരത്തെ 'ജുവല്‍ ഓഫ് മസ്‌കത്ത്' നടത്തിയ ലോക പര്യടനം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
കുവൈത്ത് തുറമുഖമായ അല്‍ ശുവൈഖിലേക്കാണ് 'സീനത്ത് അല്‍ ബിഹാറി'ന്റെ ആദ്യ യാത്ര. ഈ മാസം 20ന് അവിടെയെത്തുന്ന കപ്പല്‍ മൂന്നു ദിവസം തങ്ങും. തുടര്‍ന്ന് ബഹ്‌റൈനിലെ സല്‍മാന്‍ തുറമുഖത്തെത്തും. 25ന് എത്തുന്ന കപ്പല്‍ 28 വരെ ബഹ്‌റൈനിലുണ്ടാകും.
ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ തുറമുഖമാണ് മൂന്നാമത്തെ കേന്ദ്രം. അവിടെ നിന്ന് ഇറാനിലെ ബന്ദര്‍ അബ്ബാസ്, മക്‌റാന്‍ തുറമുഖങ്ങളിലേക്കാണ്  'സീനത്ത് അല്‍ ബിഹാര്‍' എത്തുക. ഇറാന്‍ പര്യടനം പൂര്‍ത്തിയാക്കിയ ശേഷം  'സീനത്ത് അല്‍ ബിഹാര്‍' ജനുവരി രണ്ടാം വാരം മസ്‌കത്തിലെ സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് തിരിച്ചെത്തും.
പൗരാണിക കപ്പലുകളുടെ മാതൃകയില്‍ സലാലയിലാണ് 'സീനത്ത് അല്‍ ബിഹാര്‍' നിര്‍മിച്ചത്. 61 മീറ്റര്‍ നീളമുള്ള ഈ റോയല്‍ കപ്പലില്‍ 75 പേര്‍ക്ക് യാത്ര ചെയ്യാം. ആദ്യമായി യാത്ര നടത്തിയത് 1988 മാര്‍ച്ചിലാണ്
.

ഉപ്പുവെള്ള ഭീഷണിയെ അതിജീവിച്ചു പാടൂര്‍ പുഴയോരത്ത് പച്ചക്കറി കൃഷി

പാവറട്ടി: ഉപ്പുവെള്ള ഭീഷണിയെ അതിജീവിച്ചു പാടൂര്‍ പുഴയോരത്ത് പച്ചക്കറി കൃഷിയുടെ പച്ചപ്പ്. ശുദ്ധജലക്ഷാമം രൂക്ഷമായ പണ്ടറമാടില്‍ എട്ട് ഏക്കറിലും ആന്തുരമാടില്‍ രണ്ട് ഏക്കറിലുമാണ് കൃഷിയിറക്കിയത്. പ്രതികൂല സാഹചര്യത്തിലും നൂറുമേനി വിളഞ്ഞ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉല്‍സവഛായയില്‍ വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. സത്യന്‍ ഉദ്ഘാടനം ചെയ്തു.
എസ്എച്ച്എം പദ്ധതി പ്രകാരം നാടന്‍ ഇനങ്ങളായ ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍ എന്നിവയാണ് തെങ്ങിന്‍തോപ്പുകളില്‍ ഇടവിളയായി കൃഷിയിറക്കിയത്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ വേലിയേറ്റംമൂലം ഉപ്പുവെള്ളം വ്യാപിക്കുന്ന പ്രദേശത്ത് പച്ചക്കറികൃഷി മരീചികയായിരുന്നു. ഭക്ഷ്യസുരക്ഷ പദ്ധതിപ്രകാരം കൃഷി ഓഫിസര്‍ ഡോ. എ.ജെ. വിവെന്‍സിയുടെ നിര്‍ദേശപ്രകാരം മനിത പട്ടികജാതി വനിത കാര്‍ഷിക സമിതിയാണ് പുതിയ പരീക്ഷണത്തിലൂടെ പച്ചക്കറികൃഷിയില്‍ വെന്നിക്കൊടി പാറിച്ചത്. പൂര്‍ണമായും മഴവെള്ളത്തെ ആശ്രയിച്ചായിരുന്നു കൃഷി. തരിശ് കിടന്നിരുന്ന തെങ്ങിന്‍തോപ്പുകളില്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ നിലം ഒരുക്കി റോട്ടോവേറ്റര്‍ ഉപയോഗിച്ചു വിത്ത് പാകി.
ജൂണ്‍ മാസത്തില്‍ തുടങ്ങിയ മഴ കൃഷിക്കായി ഉപയോഗിച്ചെങ്കിലും തുലാംമാസം കഴിഞ്ഞിട്ടും തകര്‍ത്തു പെയ്ത മഴ ഇഞ്ചിയേയും ചേനയേയും പ്രതികൂലമായി ബാധിച്ചു. എങ്കിലും പത്ത് ടണ്‍ പച്ചക്കറി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. തെങ്ങിന്‍തോപ്പിലെ ഇടവിള കൃഷി, തെങ്ങിന്റെ വളര്‍ച്ചയ്ക്കു കാരണമായതായും മണ്ണൊലിപ്പ് തടയാന്‍ സഹായിച്ചതായും കര്‍ഷകര്‍ പറഞ്ഞു. വിളവെടുത്ത പച്ചക്കറി ഉല്‍പന്നങ്ങളില്‍ ഒരു ഭാഗം വെങ്കിടങ്ങ് പഞ്ചായത്തിന്റെ മറ്റിടങ്ങളില്‍ കൃഷി വ്യാപിപ്പിക്കുന്നതിനു വിത്തായി ഉപയോഗിക്കുമെന്നും ബാക്കി വിപണനം നടത്തുമെന്നും കര്‍ഷകര്‍ പറഞ്ഞു. 

ഇന്റര്‍നെറ്റ്: ചൈനയും യു.എസും കഴിഞ്ഞാല്‍ അടുത്ത സ്ഥാനത്ത് ഇന്ത്യ

ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ കാര്യത്തില്‍ ചൈനയും യു.എസും കഴിഞ്ഞാല്‍ അടുത്ത സ്ഥാനത്ത് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. 100 മില്യണ്‍ ഇന്റര്‍നെറ്റ് ഉപഭോക്തളാണ് ഇന്ത്യയിലുള്ളത്. അതില്‍ 40 ശതമാനം പേരും മൊബൈല്‍ഫോണ്‍ വഴിയാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഗൂഗിളിന്റെ ഇന്ത്യയിലെ പ്രോഡക്ട്‌സ് മേധാവി വിനയ് ഗോയെലിനെ ഉദ്ധരിച്ച്
'ഹിന്ദുസ്ഥാന്‍ ടൈംസ്' ആണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്ത്. ലോകത്ത് ഏറ്റവുമധികം ഇന്റര്‍നെറ്റ് ഉപഭോക്താക്കളുള്ള ചൈനയില്‍ 300 മില്യണ്‍ ആണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ സംഖ്യ. യു.എസില്‍ ഇത് 207 മില്യണ്‍ ആണ്-വിനയ് ഗോയെല്‍ പറഞ്ഞു.

ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ കാര്യത്തില്‍ ഏറ്റവും ശ്രദ്ധേയമായ വസ്തുത, മൊബൈല്‍ ഫോണ്‍ വഴി ഇന്റര്‍നെറ്റിലെത്തുന്നവരുടെ അനുപാതം വര്‍ധിക്കുന്നു എന്നതാണ്. ഇന്ത്യയിലിപ്പോള്‍ 40 മില്യണ്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുണ്ട്. 2007-ല്‍ ഇത് വെറും രണ്ട് മില്യണ്‍ ആയിരുന്നു. രണ്ട് വര്‍ഷത്തിനകം പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ സംഖ്യയെ, മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം മറികടക്കുമെന്ന് വിനയ് ഗോയെല്‍ അഭിപ്രായപ്പെട്ടു.

യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ വെറും എട്ടു ശതമാനം മാത്രമാണ് 40 മില്യണ്‍ എന്നത്. അതിനാല്‍, മൊബൈല്‍ ഇന്റര്‍നെറ്റിന് ഇന്ത്യയില്‍ ഇനിയും ഏറെ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയുമെന്ന് തീര്‍ച്ച. ഇന്ത്യന്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഗാനങ്ങള്‍ക്കായാണ് ഇന്റര്‍നെറ്റില്‍ കൂടുതല്‍ തിരയുന്നതെന്നും ഗോയെല്‍ അറിയിച്ചു.

നിലവില്‍ ഇന്ത്യന്‍ ജനസംഖ്യ 1.2 ബില്യന് മേലാണ്. എന്നുവെച്ചാല്‍, 1200 മില്യണ്‍. ഇതിനര്‍ഥം ഇന്ത്യയുടെ മൊത്തം ജനസംഖ്യയില്‍ പത്തിലൊന്ന് പോലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നില്ല എന്നാണ്. വരും വര്‍ഷങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ ഏറെ മുന്നോട്ടു പോകുമെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

2010 ഡിസംബർ 15, ബുധനാഴ്‌ച

ഗുരുവായൂരിലെ ലോഡ്ജ്മുറിയില്‍ കമിതാക്കള്‍ മരിച്ച നിലയില്‍

ഗുരുവായൂര്‍: ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജ്മുറിയില്‍ കമിതാക്കള്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു.
കോഴിക്കോട് ചേവായൂര്‍ കാളാണ്ടിത്താഴം തൈപ്പറമ്പില്‍ അനില്‍കുമാര്‍ (35), ചേവായൂര്‍ തെരുവത്ത്കടവില്‍ പള്ളിയേടത്ത്കണ്ടിവീട്ടില്‍ സജിയുടെ ഭാര്യ സലിത (30) എന്നിവരാണ് മരിച്ചത്.
മുറിയിലെ ഫാനില്‍ ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ചാണ് സലിത കെട്ടിത്തൂങ്ങിയത്. ഇതേ ഫാനില്‍ത്തന്നെ മുണ്ടുപയോഗിച്ച് തൂങ്ങിയെങ്കിലും അനില്‍കുമാറിന്റെ ജഡം മുണ്ടുമുറിഞ്ഞ് താഴെ വീണ നിലയിലായിരുന്നു.
ഇതുസംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ: അനില്‍കുമാറും സലിതയും പ്രണയത്തിലായിരുന്നു. ഡ്രൈവറായ അനില്‍കുമാറിന് ഭാര്യയും കുട്ടികളുമുണ്ട്. സലിതയുടെ കുട്ടികളെ കൊണ്ടുപോകുന്ന സ്‌കൂള്‍ബസ്സിന്റെ ഡ്രൈവറാണ് അനില്‍. ഈ പരിചയമായിരുന്നു ഇവരെ പിന്നീട് പ്രണയത്തിലെത്തിച്ചത്. അനില്‍കുമാറുമായുള്ള അടുപ്പം സലിതയോട് ഭര്‍ത്താവ് സജി ചോദ്യംചെയ്യുകയും ഇതേത്തുടര്‍ന്ന് വഴക്കുണ്ടാകുകയും ചെയ്തു. പിന്നീട് സലിതയെ സ്വന്തംവീട്ടില്‍ കൊണ്ടാക്കി.
ചൊവ്വാഴ്ച വെളുപ്പിനാണ് രണ്ടുപേരും ഗുരുവായൂരിലെ ലോഡ്ജില്‍ മുറിയെടുത്തത്. ഉച്ചതിരിഞ്ഞിട്ടും മുറി തുറക്കാതായപ്പോള്‍ ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി പൂട്ടുപൊളിച്ച് അകത്തു കടന്നു.
ഇവര്‍ ലോഡ്ജില്‍ വ്യാജവിലാസമായിരുന്നു നല്‍കിയത്. അനില്‍കുമാറിന്റെ മഹീന്ദ്ര ടെമ്പോയിലായിരുന്നു ഇരുവരും വന്നത്. കെ.എല്‍. 11- 7997 ആയിരുന്നു വണ്ടിനമ്പര്‍. ഇതുപ്രകാരം അന്വേഷിച്ചപ്പോഴാണ് വിലാസം പോലീസിന് ലഭിച്ചത്.

സ്ത്രീത്വത്തിന്റെ തേങ്ങലിന് സാന്ത്വനമായി ചാവക്കാട് പോലിസ് സ്റ്റേഷനില്‍ വനിതാ സൌഹൃദവേദി

കെ എം അക്ബര്‍
ചാവക്കാട്: സ്ത്രീത്വത്തിന്റെ തേങ്ങലിന് സാന്ത്വനമായി ചാവക്കാട് പോലിസ് സ്റ്റേഷനില്‍ വനിതാ സൌഹൃദവേദി. സ്ത്രീകള്‍ക്കെതിരെ അടിക്കടിയുണ്ടാകുന്ന ഗാര്‍ഹിക പീഡനം, തൊഴില്‍ സ്ഥലങ്ങളിലുണ്ടാകുന്ന പീഡനം, പൂവാലശല്ല്യം, മൊബൈല്‍ ഫോണ്‍ വഴിയുള്ള ശല്ല്യം തുടങ്ങിയവക്ക് പരിഹാരം കാണാനാണ് പോലിസ് സ്റ്റേഷനില്‍ വനിതാ സൌഹൃദവേദി ആരംഭിച്ചത്.സ്ത്രീകള്‍ ഇരയാകുന്ന ക്രിമിനല്‍ കേസുകളില്‍ അവര്‍ക്ക് നിയമ സഹായം നല്‍കല്‍, വിവിധ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് കൌണ്‍സിലിങ് നല്‍കല്‍ എന്നിവയും വനിതാ സൌഹൃദവേദിയില്‍ ഉണ്ടാകും. ഇതിനായി പോലിസ് സ്റ്റേഷനോട് ചേര്‍ന്ന് അതിമനോഹരമായ മുറി ഒരുക്കിയിട്ടുണ്ട്.
വനിതാ സൌഹൃദവേദിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10ന് നഗരസഭ ചെയര്‍പേഴ്സണ്‍ എ കെ സതിരത്നം നിര്‍വഹിക്കും. പോലിസും ജനങ്ങളും ഒന്നാണെന്നറിഞ്ഞു കൊണ്ട് ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ഈ പദ്ധതി സഹായകമാവുമെന്ന് സി.ഐ എസ് ഷംസുദീന്‍, എസ്.ഐ പി അബ്ദുള്‍മുനീര്‍ പറഞ്ഞു.

2010 ഡിസംബർ 14, ചൊവ്വാഴ്ച

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എ സി അഹമ്മദ് നിര്യാതനായി

ചാവക്കാട്: മുസ്്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എ സി അഹമ്മദ് (76) നിര്യാതനായി. ഇന്നലെ രാവിലെ ചാവക്കാട് ബ്ളാങ്ങാട്ടുള്ള മകളുടെ വസതിയിലായിരുന്നു അന്ത്യം. ഭാര്യ: ആമിന. മക്കള്‍: ഷാജി അഹമ്മദ് (ദുബയ്), ബീന, ഷീജ, ബിനി. മരുമക്കള്‍: അഹമ്മദ് കബീര്‍ (ഷാര്‍ജ), നൌഷാദ് (അബൂദബി), ജലീല്‍ (ദുബയ്). സഹോദരന്‍: എ സി നൂറുദ്ദീന്‍.
ചാവക്കാട് ബ്ളാങ്ങാട് അറക്കല്‍ ചേര്‍ക്കല്‍ കുടുംബാംഗമായ എ സി അഹമ്മദിന്റെ അഞ്ചുപതിറ്റാണ്േടാളം നീണ്ട തിളക്കമാര്‍ന്ന പൊതുപ്രവര്‍ത്തനം തലപ്പിള്ളി താലൂക്കിലായിരുന്നു. 45 വര്‍ഷമായി ചേലക്കരക്കടുത്ത് മുള്ളൂര്‍ക്കരയിലായിരുന്നു താമസം. മുള്ളൂര്‍ക്കര ഗ്രാമപ്പഞ്ചായത്ത് നേടിയെടുക്കുന്നതിന് നേതൃത്വം വഹിക്കുകയും ആദ്യത്തെ പ്രസിഡന്റാവുകയും ചെയ്തു. തൃശൂര്‍ ജില്ലയില്‍ മുസ്ലിം ലീഗ് കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ലീഗിന്റെ തലപ്പിള്ളി താലൂക്ക് കമ്മിറ്റി സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയ പദവികളിലൂടെ ജില്ലാ കമ്മിറ്റിയിലെത്തിയ ഇദ്ദേഹം ഖജാഞ്ചി, ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികളും വഹിച്ചു. റൂറല്‍ ഡവലപ്മെന്റ് ബോര്‍ഡ് മെംബര്‍, തൃശൂര്‍ സ്പിന്നിങ് മില്‍ വൈസ് പ്രസിഡന്റ്, തൃശൂര്‍ അര്‍ബര്‍ ഡവലപ്മെന്റ് അതോറിറ്റി മെംബര്‍ തുടങ്ങി നിരവധി ഔദ്യോഗിക ചുമതലകളും വഹിച്ചിട്ടുണ്ട്.
പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി  പി കെ കുഞ്ഞാലിക്കുട്ടി, കല്ലടി മുഹമ്മദ്,  ടി എ അഹമ്മദ് കബീര്‍, കെ പി എ മജീദ്, ടി പി എം സാഹിര്‍, പി വി അബ്ദുല്‍ വഹാബ്, സ്പീക്കര്‍ കെ രാധാകൃഷ്ണന്‍, പി കെ കെ. ബാവ, വി കെ ഇബ്രാഹീംകുഞ്ഞ് എം.എല്‍.എ, സി എ എം എ കരീം, യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് കെ എം ഷാജി, ജന. സെക്രട്ടറി  അഡ്വ. എന്‍ ഷംസുദ്ദീന്‍, ഖജാഞ്ചി പി എം സാദിഖലി, ടി എന്‍ പ്രതാപന്‍ എം.എല്‍.എ,   സി.പി.എം ജില്ലാ സെക്രട്ടറി ബേബി ജോണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ദാസന്‍, കെ വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ പരേതന്റെ വസതിയിലെത്തി. ബ്ളാങ്ങാട് ജുമാമസ്ജിദില്‍ നടന്ന ജനാസ നമസ്കാരത്തിന് മുസ്്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. മുള്ളൂര്‍ക്കര പഞ്ചായത്തില്‍ ഇന്നലെ അനുശോചകസൂചകമായി ഹര്‍ത്താലാചരിച്ചു.

2010 ഡിസംബർ 13, തിങ്കളാഴ്‌ച

മുസ്ലിം ലീഗില്‍ നിന്നും സസ്പെന്റ് ചെയ്ത പഞ്ചായത്ത് അംഗങ്ങള്‍ കോണ്‍ഗ്രസിലേക്ക്

കെ.എം അക്ബര്‍
കടപ്പുറം: മുസ്ലിം ലീഗ് നേതൃത്വത്തിന്റെ വിപ്പ് ലംഘിച്ച് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെട്ട പഞ്ചായത്ത് അംഗങ്ങള്‍ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നു. മുസ്ലിം ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറിയും 15-ാം വാര്‍ഡ് അംഗവുമായ എ കെ അബ്ദുള്‍കരീമും മുസ്ലിം ലീഗ് പ്രാദേശിക നേതാവും 13-ാം വാര്‍ഡ് അംഗവുമായ ആര്‍ കെ ഇസ്മായിലുമാണ് കോണ്‍ഗ്രസിലേക്ക് ചേക്കാറാനൊരുങ്ങുന്നത്. പാര്‍ട്ടി വിപ്പ് ലംഘിച്ചതിനെ തുടര്‍ന്ന് ഇരുവരെയും പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയത്. ലീഗില്‍ നിന്നും സസ്പെന്റ് ചെയ്തവരെയും കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയായി ലീഗ് സ്ഥാനാര്‍ഥിക്കെതിരെ മല്‍സരിച്ച് വിജയിച്ച സി മുസ്താക്കലിയേയും കൂടി ഉള്‍പ്പെടുത്തിയാല്‍ പഞ്ചായത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഇതോടെ കോണ്‍ഗ്രസിന് വരാനാകും. പഞ്ചായത്തില്‍ ഇതുവരെ മുസ്ലിം ലീഗാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടുള്ളത്. അബ്ദുള്‍കരീമിനും ഇസ്മായിലിനും പുറമെ മുസ്ലിം ലീഗ് ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മല്‍സരിച്ച് ഉജ്ജ്വല വിജയം നേടിയ 10-ാം വാര്‍ഡ് അംഗം ബി ടി പൂക്കോയ തങ്ങളേയും മുസ്ലിം ലീഗില്‍ നിന്നും സസ്പെന്റ് ചെയ്തിട്ടുണ്ട്. മുസ്ലിം ലീഗ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തതിനെ തുടര്‍ന്ന് ഒരു വിഭാഗം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം അഞ്ചങ്ങാടിയില്‍ പടക്കം പൊട്ടിച്ച് ആഹ്ളാദം പ്രകടിപ്പിച്ചിരുന്നു.

പോപുലര്‍ ഫ്രണ്ടിനെ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആരും കരുതേണ്ട: നസറുദീന്‍ എളമരം

കെ എം അക്ബര്‍
പെരുമ്പിലാവ്: ക്ഷമാപണത്തിന്റെ ഭാഷയറിയാത്ത പോപുലര്‍ ഫ്രണ്ടിനെ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആരും കരുതേണ്ടെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദീന്‍ എളമരം അഭിപ്രായപ്പെട്ടു. പോലിസും ഭരണകൂടവും നടത്തുന്ന മുസ്ലിം വേട്ടക്കെതിരെ പോപുലര്‍ഫ്രണ്ട് തൃശൂര്‍ ജില്ലാ കമ്മിറ്റി നടത്തുന്ന നയവിശദീകരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. പോലിസും ഭരണകൂടവും ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് നടത്തുന്ന ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെയുള്ള മുസ്ലിം പക്ഷത്തു നിന്നുള്ള സ്വരമാണ് പോപുലര്‍ ഫ്രണ്ടിന്റെതെന്നും പ്രവാചകനെ അവഹേളിച്ച വ്യക്തിയെ കൂടെയിരുത്തി സെമിനാര്‍ നടത്തി ന്യൂനപക്ഷ വിരുദ്ധതക്ക് ആക്കം കൂട്ടുകയാണ് സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയനെന്നും നസറുദീന്‍ എളമരം കുറ്റപ്പെടുത്തി. പെരുമ്പിലാവ് സെന്ററില്‍ നടന്ന ചടങ്ങില്‍ പോപുലര്‍ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എം ഫാറൂഖിന് പതാക കൈമാറിയാണ് ഈ മാസം 23 വരെ നീണ്ടുനില്‍ക്കുന്ന ജാഥ അദ്ധേഹം ഉദ്ഘാടനം ചെയ്തത്. ജില്ലാ പ്രസിഡന്റ് എം ഫാറൂഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ കെ ഹുസൈര്‍, തൃശൂര്‍ ഡിവിഷന്‍ പ്രസിഡന്റ് അബ്ദുള്‍ഖാദര്‍ സംസാരിച്ചു. സമ്മേളനത്തിനു മുന്നോടിയായി നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. തൃശൂര്‍ ഡിവിഷന്‍ പ്രസിഡന്റ് അബ്ദുള്‍ഖാദര്‍, സെക്രട്ടറി ഷംസുദീന്‍, ഏരിയ പ്രസിഡന്റുമാരായ ദിലീഫ്, സുബൈര്‍, ലത്തീഫ് നേതൃത്വം നല്‍കി.  

കുരുന്നുമനസ്സുകളില്‍ നന്മയുടെ തിരിനാളം തെളിക്കുക - കെ.എ.ജബ്ബാരി

ദുബൈ: പിഞ്ചുകുട്ടികളിലാണു ഭാവിയുടെ പ്രതീക്ഷയെന്നും അവരുടെ കുരുന്നുമനസ്സുകളില്‍ നന്മയുടെ തിരിനാളം തെളിക്കേണ്ടത് നമ്മുടെ കടമയാണെന്നും പ്രവാസിമലയാളമാധ്യമതറവാട്ടിലെ കാരണവരും എഴുത്തുകാരനുമായ കെ.എ.ജബ്ബാരി അഭിപ്രായപ്പെട്ടു. ഖിസൈസ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററിലെ മദ്രസ്സാവിദ്യാര്‍ഥികള്‍ ഒരുക്കൂട്ടിയ ‘‘കിളിക്കൂട്’’ കയെîഴുത്ത് പ്രസിദ്ധീകരണം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തിനെയും സാഹിത്യത്തെയും ഭാഷയെയും സ്നേഹിക്കുന്ന ഒരു തലമുറ ഇനിയും വളര്‍ന്നുവരുന്നുണ്ടെന്നത് ഏറെ ആശക്ക് വകനല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കലയോടും എഴുത്തിനോടും താത്പര്യം കാണിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന ഖിസൈസ് ഇസ്ലാഹി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണു.
ഖിസൈസ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അങ്കണത്തില്‍ ചേര്‍ന്ന പരിപാടിയില്‍ ഹുസൈന്‍ കക്കാട് അദ്ധ്യക്ഷത വഹിച്ചു. കെ.എ.ജബ്ബാരിയുടെ കയîില്‍ നിന്നും ഒരു കൂട്ടം വിദ്യാര്‍ഥികളാണു ‘‘കിളിക്കൂട്’’ഏറ്റു വാങ്ങിയത്.
രമേഷ് പയîന്നൂര്‍, ജലീല്‍ പട്ടാമ്പി, റഹ്മാന്‍ എളം•മലം, സബാജോസഫ്, ആരിഫ് സൈന്‍, അബ്ദുറഹ്മാന്‍ ചീക്കുന്ന്, വി.കെ.സക്കരിയî, എ.പി.അബ്ദുസ്സമദ് സാബീല്‍, സി. ടി. ബഷിര്‍, അബ്ദുല്‍ മജീദ് സ്വലാഹി തുടങ്ങിയവര്‍ ചടങ്ങിനു സാക്ഷികളായി.
അധ്യാപകരുടെ മേല്‍നോട്ടത്തില്‍ ഖിസൈസ് ഇസ്ലാഹ് വിദ്യാര്‍ഥികളായിരുന്നു ‘‘കിളിക്കൂട്’’ ഒരുക്കിയത്.

2010 ഡിസംബർ 12, ഞായറാഴ്‌ച

ഗുരുവായൂരില്‍ വീട്ടുകാരെ മുറിയില്‍ പൂട്ടിയിട്ട് കവര്‍ച്ച

രണ്ടു വീടുകളില്‍ കവര്‍ച്ചാ ശ്രമം
കെ എം അക്ബര്‍
ഗുരുവായൂര്‍: കവര്‍ച്ച പതിവായ ഗുരുവായൂരില്‍ വീട്ടുകാരെ മുറിയില്‍ പൂട്ടിയിട്ട് കവര്‍ച്ച. മമ്മിയൂര്‍ എല്‍.എഫ് കോണ്‍വെന്റിനടുത്ത് പനക്കല്‍ വീട്ടില്‍ ഡോ. കുര്യാക്കോസിന്റെ വീട്ടിലാണ് കവര്‍ച്ച. 4000 രൂപയും വിലപിടിപ്പുള്ള നിരവധി വസ്തുക്കളും മോഷ്ടാക്കള്‍ കവര്‍ന്നു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. വീടിനു പുറകിലെ വാതിലിന്റെ താഴ് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ കുര്യാക്കോസും ഭാര്യയും ഉറങ്ങിക്കിടക്കുകയായിരുന്ന മുറിയുടെയും മകനും മരുമകളും ഉറങ്ങിക്കിടക്കുകയായിരുന്ന മുറിയുടെയും വാതിലുകള്‍ പുറത്തു നിന്നും പൂട്ടിയിട്ട ശേഷം കവര്‍ച്ച നടത്തുകയായിരുന്നു. രാവിലെ വാതില്‍ തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കവര്‍ച്ച നടന്ന വിവരമറിഞ്ഞത്. ഫോണില്‍ ബന്ധുക്കളെ വിളിച്ചറിയിച്ചതോടെ അവരെത്തിയാണ് വാതില്‍ തുറക്കാനായത്. മുറിക്കകത്തെ മേശയും അലമാരയും കുത്തിത്തുറന്നാണ് മോഷണം നടത്തിയിട്ടുള്ളത്. മമ്മിയൂര്‍ രാമചന്ദ്രന്‍, പടിഞ്ഞാറെ നട അന്തിക്കോട് വീട്ടില്‍ ഗീത, ചൊവ്വല്ലൂര്‍ പണിക്കവീട്ടില്‍ അസീസ് എന്നിവരുടെ വീടുകളിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. ഗീതയുടെ വീട്ടില്‍ കവര്‍ച്ചാശ്രമത്തിനിടെ ശബ്ദംകേട്ട് എഴുന്നേറ്റ വീട്ടുകാര്‍ മോഷ്ടാക്കളെ പിടികൂടാന്‍ ശ്രമിച്ചതോടെ കുതറിയോടി രക്ഷപ്പെടുകയായിരുന്നു. മോഷ്ടാവിന്റെതെന്ന് കരുതുന്ന ബൈക്ക് പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മേഖലയില്‍ അടിക്കടിയുണ്ടാകുന്ന കവര്‍ച്ചകള്‍ ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്. ഒരാഴ്ച്ചക്കിടെ മേഖലയില്‍ ഇരുപതോളം കവര്‍ച്ചകളാണ് നടന്നിട്ടുള്ളത്.

കടപ്പുറത്ത് മുസ്ലിം ലീഗില്‍ ചേരിപ്പോര് ശക്തം; എരിവേകാന്‍ കൈപുസ്തകവും


കെ.എം അക്ബര്‍
ചാവക്കാട്: മുസ്ലിം ലീഗിലെ ചേരിപ്പോരിന് എരിവേകാന്‍ കൈപുസ്തകം. ഗ്രൂപ്പിസവും കാലുവാരലും മൂലം ഉഴലുന്ന കടപ്പുറം പഞ്ചായത്തിലാണ് മുസ്ലിം ലീഗ് നേതാക്കളെ തൊലിയുരിച്ചു കാട്ടിയുള്ള കൈപുസ്തകമിറങ്ങിയിട്ടുള്ളത്. 'ആദര്‍ശമില്ലാത്ത നേതാക്കള്‍' എന്ന തലക്കെട്ടോടു കൂടി പുറത്തിറക്കിയിട്ടുള്ള കൈപുസ്തകത്തിന് 12 പേജാണുള്ളത്. മുസ്ലിം ലീഗിന് കടപ്പുറത്ത് വളക്കൂറുണ്ടാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച മണ്‍മറഞ്ഞ നേതാക്കളായ ബി കെ സി തങ്ങള്‍, എ കെ സെയ്തുമുഹമ്മദ് ഹാജി, ബി കെ ആറ്റക്കോയ തങ്ങള്‍, പി സി ഹമീദ് ഹാജി, മെയ്തുണ്ണി ഹാജി, പി വി മൊയ്തീന്‍ എന്നിവരെ വാനോളം പ്രശംസിച്ച് തുടങ്ങുന്ന കൈപുസ്തകം ലീഗ് മുന്നേറ്റം എന്നപേരിലാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുള്ളത്. മുസ്ലിം ലീഗ് തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് റഷീദിനെ കടപ്പുറത്തെ കൌണ്ടര്‍ ഓഫ് ഹോണര്‍ (സി.എച്ച്) എന്ന് പുസ്തകത്തില്‍ വിശേഷിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ നിയമസഭയിലേക്ക് മല്‍സരിച്ച റഷീദിനെ തോല്‍പ്പിച്ചത് പാര്‍ട്ടി നേതാക്കള്‍ തന്നെയാണെന്ന് പുസ്തകം അക്കമിട്ട് നിരത്തുന്നു. ഞങ്ങളുടെ സഹോദരന്‍ ജയിക്കാത്ത ഗുരുവായൂരില്‍ കോമുക്കാട്ത്തെ ചെക്കന്‍ ജയിച്ച് കയറിയാല്‍ പിന്നെ ഞങ്ങള്‍ എന്തിനു പറ്റുമെന്നായിരുവത്രേ റഷീദിനെ കാലുവാരിയവര്‍ അടക്കം പറഞ്ഞിരുന്നത്. പ്രമാണി വര്‍ഗങ്ങളുമായി ഏറെ ചങ്ങാത്തം പുലര്‍ത്തുന്ന റഷീദ് പാവങ്ങളെ തഴയുകയും മറക്കുകയും ചെയ്യുന്നുവെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു. കെ.എസ്.യു വിട്ട് മുസ്ലിം ലീഗില്‍ ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് വരെയായ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി വി ഉമര്‍കുഞ്ഞിയെ മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാജാവിനോടാണ് ഉപമിച്ചിട്ടുള്ളത്. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പി കെ ബഷീറിനെ അഹന്തക്ക് കയ്യും കാലും വെച്ചയാളെന്നും യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സെയ്നുല്‍ ആബിദിനെ ചാരപ്പണിക്കാരനെന്നും ബ്ളോക്ക് പഞ്ചായത്ത് അംഗം പി എം മുജീബിനെ മാര്‍ക്കിസ്റ്റുകാരെ ജയിപ്പിക്കാന്‍ തലയില്‍ മുണ്ടിട്ട് പ്രചരണം നടത്തിയയാളെന്നും വിശേഷിപ്പിക്കുന്ന പുസ്തകം പാര്‍ട്ടി വിപ്പ് ലംഘിച്ച് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് മല്‍സരിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെട്ട എ കെ അബ്ദുള്‍ കരീമിനെ അശ്ളീല പദമുപയോഗിച്ചാണ് പരിചയപ്പെടുത്തിയിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് അംഗം വി കെ ഷാഹുഹാജിയെ പോലീസ് സ്റ്റേഷന്‍ കാണുന്നത് പേടിയുള്ളയാളെന്ന്് പറഞ്ഞ് കളിയാക്കിയും പാര്‍ട്ടി പത്രത്തിന്റെ ലേഖകന്‍ റാഫിയെ ഗ്രൂപ്പു നോക്കി പേനയുന്തുന്ന ആളെന്നും സഹോദരി റംലാ അഷറഫിനെ അഴിമതി മുഖമുദ്രയാക്കിയ മെംബറെന്നും പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി പി മന്‍സൂര്‍അലിയെ ദീപം കൊളുത്തിയെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ഇഖ്ബാല്‍, പഞ്ചായത്ത് അംഗം ആര്‍ എസ് മുഹമ്മദ് മോന്‍ എന്നിവരുടെ തനിനിറവും പുസ്തകത്തലൂടെ വരച്ചു കാട്ടുന്നുണ്ട്. മുസ്ലിം ലീഗിന് കടപ്പുറം പഞ്ചായത്തില്‍ ഇപ്പോള്‍ സ്വാധീനം നിലനില്‍ക്കുന്നതിന് പ്രധാന കാരണം സി.പി.എം ലോക്കല്‍ സെക്രട്ടറി സി എസ് ഷാഹുല്‍ ഹമീദ് ഉള്‍പ്പെടുന്നവരാണെന്നും അവര്‍ക്കായി പ്രാര്‍ഥിക്കണമെന്ന് ആവശ്യപ്പെട്ടാണ് പുസ്തകം അവസാനിക്കുന്നത്.

ചാവക്കാട് പെരുമ ബീച്ച് ഫെസ്റ്റിവെല്‍ 30ന് തുടങ്ങും

കെ എം അക്ബര്‍
ചാവക്കാട്: മൂന്നാമത് പെരുമ ബീച്ച് ഫെസ്റ്റിവെല്‍ ഡിസംബര്‍ 30, 31 തിയ്യതികളില്‍ നടക്കും. 30ന് ഘോഷയാത്രും കലാപരിപാടികളും 31 ന് ഗാനമേള, മിമിക്സ് പരേഡ്, കടലില്‍ വര്‍ണമഴ എന്നിവയുമുണ്ടാകും. ഫെസ്റ്റിവെലിന്റെ നടത്തിപ്പിനായി നാളെ (ചൊവ്വ) രാവിലെ ഒന്‍പതിന് ചാവക്കാട് റസ്റ്റ് ഹൌസില്‍ യോഗം ചേരും. യോഗത്തില്‍ ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്ക്കാരിക സാമൂഹിക പ്രവര്‍ത്തകരും പങ്കെടുക്കും.

ഒമാനില്‍ ദേശീയ അവധിദിനം പ്രഖ്യാപിച്ചു

മസ്ക്കത്ത്: ഒമാനില്‍ ദേശീയ അവധിദിനം പ്രഖ്യാപിച്ചു. ഡിസംബര്‍ 25 മുതല്‍ ഡിസംബര്‍ 29 വരെ സര്‍ക്കാര്‍ തലത്തില്‍ അവധിയായിരിക്കുമെന്ന് ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് അലി ബിന്‍ ഹമൂദ് അല്‍ ബുസയിദി അറിയിച്ചു.ഡിസംബര്‍ 30,31 വാരാന്ത അവധിക്കു ശേഷം 2011 ജനുവരി ഒന്നിനാണു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുക.
  സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 25 മുതല്‍ ഡിസംബര്‍ 27 വരെ അവധിയായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഡിസംബര്‍ 28 ചൊവ്വാഴ്ച്ച സ്വകാര്യ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നാതായിരിക്കും.

2010 ഡിസംബർ 11, ശനിയാഴ്‌ച

ജോലിക്കായി വ്യാജ മലയാളി നഴ്‌സുമാര്‍ : ഖത്തര്‍ മന്ത്രാലയം കടുത്ത നടപടിക്ക്

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: കേരളത്തിലെ ചില ആശുപത്രികളില്‍ നിന്ന് പണംകൊടുത്ത് വ്യാജ തൊഴില്പടരിചയ സര്ട്ടികഫിക്കറ്റുമായി നഴ്‌സുമാര്‍ ഖത്തലെത്തുന്നത് സുപ്രീം ആരോഗ്യ കൗണ്സിില്‍ കണ്ടെത്തി.
ഇതേ തുടര്ന്ന്  ഇത്തരക്കാരെ തിരിച്ചയക്കപ്പെട്ടുവെന്നാലും.ഇത് ആവര്ത്തി ച്ചു കൊണ്ടിരിക്കുന്നതിന്റെ പശ്ചാതലത്തില്‍ ഇത്തരം വ്യാജ തൊഴില്പ രിചയ സര്ട്ടി ഫിക്കറ്റ് നല്കി യ കേരളത്തിലെ നാല് ആശുപത്രികളെ ഖത്തര്‍ കരിമ്പട്ടികയില്പ്പെരടുത്തി. ആലപ്പുഴ ചേര്ത്തിലയിലെ ശ്രീവെങ്കിടേശ്വര, കോട്ടയം ചിങ്ങവനത്തെ എലൈറ്റ്, കോട്ടയം രാമപുരം ബസാറിലെ സെന്റ് അഗസ്റ്റിന്‍ , എറണാകുളം തൃപ്പൂണിത്തുറയിലെ ജനത എന്നീ ആശുപത്രികളെയാണ് എസ്.സി.എച്ചിലെ മെഡിക്കല്‍ ലൈസന്സിം ഗ് വിഭാഗം കരിമ്പട്ടികയില്പ്പെസടുത്തിയിരിക്കുന്നത്. ഈ ആശുപത്രികളില്‍ നിന്ന് നല്കുേന്ന സര്ട്ടിതഫിക്കറ്റുകള്‍ സ്വീകരിക്കുന്ന സ്ഥാപനങ്ങളെയും ഡോക്ടര്മാലരെയും കരിമ്പട്ടികയില്പ്പെ്ടുത്തുമെന്നും മുന്നറിയിപ്പ് നല്കിറയിട്ടുണ്ട്.
ഖത്തറില്‍ ജോലി ചെയ്യുന്നതിന് ലൈസന്സ്വ നേടാന്‍ കൗണ്സി്ലിന് സമര്പ്പിെക്കേണ്ട മൂന്നുവര്ഷസത്തെ തൊഴില്‍ പരിചയ സര്ട്ടിലഫിക്കറ്റിലെ വിവരങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടര്ന്നാ യിരുന്നു നടപടി. ലൈസന്സ്ങ എടുക്കുന്നതിന് മുന്നോടിയായി നഴ്‌സുമാര്‍ ഹാജരാക്കുന്ന സര്ട്ടി ഫിക്കറ്റുള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കണം. സിംഗപ്പൂര്‍ ആസ്ഥാനമായ ഏജന്സി്യുടെ ദുബൈയിലുള്ള ഓഫീസിനെയാണ് കൗണ്സി ല്‍ ഇതിനായി ചുമതലപ്പെുടുത്തിയിരിക്കുന്നത്. ആശുപത്രി അധികൃതര്‍ ഈ ഏജന്സി ക്കാണ് സര്ട്ടി ഫിക്കറ്റുകള്‍ അയച്ചുകൊടുക്കുക. സര്ട്ടിറഫിക്കറ്റുകളില്‍ പറയുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഏജന്സിി അന്വേഷണം നടത്തും. അന്വേഷണത്തില്‍ തൊഴില്‍ പരിചയ സര്ട്ടി ഫിക്കറ്റ് കൃത്രിമമാണെന്ന് കണ്ടെത്തിയതിനെത്തുടര്ന്ന്  ഏജന്സില നല്കിതയ റിപ്പോര്ട്ടി ന്റെ അടിസ്ഥാനത്തിലാണ് കൗണ്സി്ല്‍ ഇപ്പോള്‍ ഈ ആശുപത്രികളെ കരിമ്പട്ടികയില്പ്പെകടുത്തിയത്.
ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളില്ലാതെ നാട്ടിന്പു്റങ്ങളില്‍ പ്രവര്ത്തിറക്കുന്ന ഡിസ്‌പെന്സസറികളാണ് പലപ്പോഴും ഇങ്ങനെ വന്തുലക കോഴവാങ്ങി വ്യാജ സര്ട്ടിിഫിക്കറ്റുകള്‍ നല്കുമന്നത്. 250 ബെഡുകളുള്ള ആശുപത്രിയുടെ മെഡിക്കല്‍ ഐ.സി.യുവില്‍ ജോലിപരിചയമുണ്ടെന്ന തരത്തിലൊക്കെയാണ് സര്ട്ടി്ഫിക്കറ്റുകള്‍ നല്കുെന്നതെന്നും ഇത് ആരോഗ്യമേഖലക്ക് ഭീഷണിയാണ്‌ കൂടാതെ മലയാളി ഡോക്ടര്മാങരുടെയും നഴ്‌സുമാരുടെയും വിശ്വാസ്യത തകര്ക്കു ന്ന ഈ വിഷയം ഗൗരവമായി പരിഗണിക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐ.എം.എ) ഖത്തര്‍ ചാപ്റ്റര്‍ അറിയിച്ചു. 

ഷമീമിന്റെ മൃതദേഹം മറവ് ചെയ്യുതു

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ദുരൂഹസാഹചര്യത്തില്‍ കാണാതാവുകയും സൗദി മരുഭൂമിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത കാസര്ക്കോ ട് ഉദുമ സ്വദേശി ഷമീമിന്റെ (19) മൃതദേഹം ഇന്ന് (ഡിസംമ്പര്‍ 11 ശനി ) അല്ഹകസയിലെ സലഹിയ ഖബര്ഥാറ  നില്‍ മറവ് ചെയ്യുതു.
ആഗസ്റ്റ് 18നാണ് മുറയിലെ ഒരു വീട്ടില്‍ ജോലിക്കായി ഷമീം ഖത്തറിലെത്തിയത്. എന്നാല്‍ വീട്ടിലെ ജോലിയില്‍ താല്പാര്യമില്ലെന്നും നാട്ടിലേക്ക് പോകണമെന്നും ആവശ്യപ്പെട്ട് ഷമീം, തന്നെ ഖത്തറിലെത്തിച്ച മലയാളിയെ സമീപിച്ചു. എന്നാല്‍ വീണ്ടും ഷമീമിനെ അവിടേക്ക് തന്നെ തിരിച്ചയച്ചു. കുറച്ചുദിവസം കഴിഞ്ഞ് പിന്നെയും ഷമീം ജോലിവേണ്ടെന്ന് പറഞ്ഞ് മടങ്ങിവന്നെങ്കിലും ജോലിക്ക് നിന്ന വീട്ടില്‍ തന്നെ എത്തിക്കുകയായിരുന്നു. എന്നാല്‍ ,
സെപ്റ്റമ്പര്‍ തീയതിയോടെ ഷമീമിനെ ദോഹയില്‍ നിന്ന് കാണാതായി. അന്വേഷിച്ചപ്പോള്‍ തന്നോടൊപ്പം സൗദിയിലേക്ക് വന്ന ഷമീം ഇടക്കുവെച്ച് ചാടിപ്പോയെന്നായിരുന്നു വീട്ടുടമയുടെ മറുപടി.
ഇതേ തുടര്ന്ന്  ഷമീമിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വീട്ടുകാര്‍ മുഖ്യമന്ത്രിക്കും ഇന്ത്യന്‍ എംബസി വഴി സി.ഐ.ഡിയിലും പരാതി നല്കിുയതിന്റെ അടിസ്ഥാനത്തില്‍ സി.ഐ.ഡി വീട്ടുടമയെ വിളിച്ച് അന്വേഷിപ്പിച്ചപ്പോഴാണ് ഷമീം മരിച്ചെന്നും ഖത്തര്‍ അതിര്ത്തി യില്‍ നിന്ന് 80 കിലോമീറ്റര്‍ ദൂരെയുള്ള അല്‍ വുഫൂബ് ആശുപത്രിയുടെ മോര്ച്ചതറിയില്‍ മൃതദേഹമുണ്ടെന്നും അയാള്‍ പറയുന്നത്. മരിച്ചത് ഷമീം തന്നെയാണോ എന്ന് ഉറപ്പാക്കാന്‍ ദോഹയിലുള്ള ഷെമീമിന്റെ നാട്ടുകാരനായ മജീദ് രേഖകളും അടയാളങ്ങളും സൗദിയിലുള്ള സുഹൃത്തിന് കൈമാറി. ഇദ്ദേഹമാണ് മോര്ച്ച റിയിലെത്തി മരിച്ചത് ഷമീം തന്നെയാണെന്ന് സ്ഥിരീകരിച്ചത്. മൃതദേഹത്തോടൊപ്പം പാസ്‌പോര്ട്ടി ന്റെ പകര്പ്പു മുണ്ടായിരുന്നത്രെ.
സെപ്റ്റമ്പര്‍ 23ന് ഖത്തര്‍ - സൗദി അതിര്ത്തികക്കു സമീപം ഷമീമിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് സൗദി പോലിസ് പറയുന്നത്. ഇതിനിടെ, വീട്ടുടമയുടെ മൊഴിയില്‍ വൈരുധ്യങ്ങളുള്ളതായും പറയപ്പെടുന്നു.സെപ്റ്റമ്പര്‍ രണ്ടാം തീയ്യതി ഷമീമിന്റെ സ്‌പോണ്സീര്‍ ഷമീമിന്റെ ബന്ധുക്കളെ ബന്ധപ്പെടുകയും ഷെമീം എന്റെ ജോലിയില്‍ നിന്നും ചാടിപോയെന്നന്ന് പറഞ്ഞ് ഷെമീമിന്റെ മൊബൈല്‍ ഫോണ്‍ ഏല്പ്പി്ക്കുകയുണ്ടായി. സംഭവവുമായി തനിക്ക് ബന്ധമില്ലെന്ന് എഴുതി ഒപ്പിട്ട് നല്കെണമെന്നും വീട്ടുടമ ഷമീമുമായി അടുത്ത് പരിചയമുള്ള ചില മലയാളികളോട് ആവശ്യപ്പെട്ടിരുന്നത്രെ. എന്നാല്‍ , ഇവര്‍ ഇതിന് വഴങ്ങിയില്ല. ഇതൊക്കെ സ്പോണ്സളറെ സംശയിക്കാന്‍ ഇടയാക്കിയിരുന്നു.
സംഭവത്തിന്റെ നിജസ്ഥിതി അറിയുവാനും ദുരൂഹത നീക്കുവാനും മൃതദേഹം പോസ്റ്റ്‌മോര്ട്ടം  നടത്തി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ പ്രവാസികാര്യ വകുപ്പിനും സഊദി, ഖത്തര്‍ എംബസികള്കുംമ   മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും ഷമീമിന്റെ പിതാവ് തച്ചങ്ങാട് മുഹമ്മദ് കുഞ്ഞ് പരാതി നല്കിുയിരുന്നു. അതിന്റെ നടപടിയുടെ ഭാഗമായി ഹുഫൂഫ് കിംഗ് ഫഹദ് ആശുപത്രിയില്‍ ഒരു മാസം മുമ്പ് പോസ്റ്റുമോര്ട്ടം  നടത്തുകയും ചെയ്തു. പോസ്റ്റുമോര്ട്ടം  റിപ്പോര്ട്ടി ല്‍ മരണകാരണം ജലാംശം ശരീരത്തില്‍ നിന്നും നഷ്ടപ്പെട്ടതാണെന്ന് തെളിയുകയും ചെയ്തു. ഇതോടെ ദുരൂഹതകള്‍ നീങ്ങി.
തങ്ങളുടെ കുടുംബത്തിന്റെ ഏകപ്രതീക്ഷയായിരുന്ന മകന്റെ മരണം വിശ്വസിക്കാതെ മകന്‍ ജീവിച്ചിരിപ്പുണ്ടെന്ന് പറഞ്ഞതിനാലാണ് മൃതദേഹം മറവ് ചെയ്യുന്നത് നീണ്ടുപോയത്. മൃതദേഹത്തിന്റെ നടപടിക്രമങ്ങള്‍ പൂര്ത്തി യാക്കാന്‍ നാട്ടില്‍ നിന്ന് മാതാപിതാക്കള്‍ അല്ഹപസ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ടി.കെ കുഞ്ഞാലസന്‍ കുട്ടിയുടെ പേരില്‍ അധികാരപത്രം നല്കിഹയിരുന്നു. ഷമീമിന്റെ സ്‌പോണ്സാര്‍ ജാബിര്‍ അലി അല്ജിെഹായ്ഷ് അന്ത്യകര്മ്മരങ്ങളില്‍ പങ്കെടുത്തിരുന്നു.

പുന്നയൂര്‍ക്കുളം പ്രസ് ഫോറം ഉദ്ഘാടനം ചെയ്തു

.

ജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

പാവറട്ടി: തൃശ്ശൂര്‍ റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പാവറട്ടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനവും എം.എല്‍.എ. നിര്‍വ്വഹിച്ചു. പാവറട്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ റപ്പായി അധ്യക്ഷയായി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബേബി ഉമ കിരണ്‍, സ്‌കൂള്‍ മാനേജര്‍ സെബി പാലമറ്റത്ത്, ജനപ്രതിനിധികളായ ഏ.എല്‍. ആന്റണി, എ.ടി. ആന്‍േറാ, എന്‍.ജെ. ഷിയോ, ഫ്രാന്‍സീസ് പുത്തൂര്‍, ബഷീര്‍ ജാഫ്‌ന, പ്രധാനാധ്യാപകന്‍ എ.ടി. സ്റ്റീഫന്‍, ചാവക്കാട് ഡി.ഇ.ഒ. തങ്കം പോള്‍, പബ്ലിസിറ്റി കണ്‍വീനര്‍ സി.ജെ. ബേബി, മുല്ലശ്ശേരി എഇഒ ആന്റണി ഒലക്കേങ്കില്‍, വി.എസ്. സെബി എന്നിവര്‍ പ്രസംഗിച്ചു. ജനവരി 11, 12, 13, 14 തിയ്യതികളിലാണ് കലോത്സവം.