പേജുകള്‍‌

oman എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
oman എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 മാർച്ച് 1, ചൊവ്വാഴ്ച

പൊതുമുതലുകളും സ്വകാര്യസ്വത്തുക്കളും സംരക്ഷിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങി

സൊഹാര്‍: പൊതുമുതലുകളും സ്വകാര്യസ്വത്തുക്കളും സംരക്ഷിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങി. സൊഹാര്‍ വിലായത്തിലെ വനിതാ സംഘടനാ പ്രവര്‍ത്തകരടക്കം ഇതിനായി മുന്നിട്ടിറങ്ങിയിട്ടുണ്ടെന്നും ഒൌദ്യോഗിക വാര്‍ത്താ ഏജന്‍സി ഒമാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
വിദേശികളടക്കം നൂറുകണക്കിന് പേര്‍ അണിനിരന്ന ബഹുജന റാലിയും സൊഹാറില്‍ നടത്തി. എന്റെ മതവും എന്റെ ദേശവും പറയുന്നു; പൊതുമുതല്‍ നശിപ്പിക്കരുത് എന്ന പ്ളക്കാര്‍ഡേന്തിയായിരുന്നു റാലി. സൊഹാറിനെ സ്നേഹിക്കുന്നവര്‍ അക്രമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് അഭ്യര്‍ഥിച്ചു.
ഇന്നലെ(ഞായര്‍) രാത്രി സൊഹാറില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കൊള്ളയടിക്കുകയും തീ വെച്ച് നശിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ജനങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഒരു ആരോഗ്യ കേന്ദ്രം കത്തിക്കാനുള്ള ശ്രമവും നടന്നിരുന്നു.
അടിസ്ഥാന സൌകര്യങ്ങള്‍ നശിപ്പിക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്തിരിയണമെന്നും സമാധാനപരമായി ആവശ്യങ്ങള്‍ ഉന്നയിക്കണമെന്നും പറഞ്ഞ് സംഘങ്ങള്‍ ചേര്‍ന്ന് പ്രോക്ഷോഭകാരികളെ സമീപിച്ചു തുടങ്ങിയിട്ടുണ്ട്.

സൊഹാറില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് കൊള്ളയടിച്ച് കത്തിച്ചു


സൊഹാര്‍: ഒമാനിലെ സൊഹാറില്‍ പ്രക്ഷോഭകാരികള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കൊള്ളയടിച്ച ശേഷം കത്തിച്ചു. ആളപായമില്ല; വന്‍ നാശനഷ്ടം.ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. മസ്കറ്റില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സൊഹാറിലെ വ്യവസായ മേഖലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി തൊഴിലാളികള്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ നടത്തി വരികയാണ്.

സൊഹാറിലെ എര്‍ത്ത് റൌണ്ടെബൌട്ടിലാണ് പ്രക്ഷോഭകാരികള്‍ തമ്പടിച്ചിരിക്കുന്നത്. ഇതിനു സമീപമുള്ള ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റാണ് തീവച്ചത്. അതേസമയം കടയിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ലുലു അറിയിച്ചു. കടയിലുണ്ടായിരുന്ന വസ്തുക്കളെല്ലാം കൊള്ളയടിച്ച ശേഷമാണ് കെട്ടിടത്തിനു തീവെച്ചത്.

2010 ഡിസംബർ 29, ബുധനാഴ്‌ച

മസ്ക്കത്തില്‍ കനത്ത മഴ

മസ്ക്കത്ത് : മസ്ക്കത്തിലും പ്രാന്ത പ്രദേശങ്ങളിലും കനത്ത മഴ. വെള്ളിയാഴ്ച്ച പുലര്‍ച്ചെ  പെയ്ത  മഴ ഇപ്പോഴും ഇടവിട്ട് പെയ്തു കൊണ്ടിരിക്കുന്നു. തുടര്‍ ദിവസങ്ങളിലും ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്െടന്നു  ഡയറക്ടറേറ്റ്്് ഓഫ്  മെറ്റീയോരോളജി  
ആന്റ്  എയര്‍  നാവിഗേഷന്‍  അറിയിച്ചു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത്  തീരാ പ്രദേശത്ത് താമസിക്കുന്നവരും മത്സ്യ ബന്ധനത്തിന് പോകുന്നവരും വാഹനങ്ങളില്‍  സഞ്ചരിക്കുന്നവരും വിനോദ സഞ്ചാരികളും അതീവ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ്  മുന്നറിയിപ്പ് നല്‍കി.

2010 ഡിസംബർ 16, വ്യാഴാഴ്‌ച

സൗഹൃദ സന്ദേശവുമായി 'സീനത്ത് അല്‍ ബിഹാര്‍'


മസ്‌കത്ത്: അയല്‍ രാജ്യങ്ങള്‍ക്ക് സൗഹൃദ സന്ദേശവുമായി 'സീനത്ത് അല്‍ ബിഹാര്‍' എന്ന കപ്പലിന്റെ യാത്ര തുടങ്ങി. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശപ്രകാരമാണ് ഒമാന്റെ സമുദ്ര യാത്രാ ചരിത്രത്തില്‍ മറ്റൊരധ്യായം കുറിക്കാന്‍  'സീനത്ത് അല്‍ ബിഹാര്‍' ഇന്നലെ സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തുനിന്ന് പുറപ്പെട്ടത്. നേരത്തെ 'ജുവല്‍ ഓഫ് മസ്‌കത്ത്' നടത്തിയ ലോക പര്യടനം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
കുവൈത്ത് തുറമുഖമായ അല്‍ ശുവൈഖിലേക്കാണ് 'സീനത്ത് അല്‍ ബിഹാറി'ന്റെ ആദ്യ യാത്ര. ഈ മാസം 20ന് അവിടെയെത്തുന്ന കപ്പല്‍ മൂന്നു ദിവസം തങ്ങും. തുടര്‍ന്ന് ബഹ്‌റൈനിലെ സല്‍മാന്‍ തുറമുഖത്തെത്തും. 25ന് എത്തുന്ന കപ്പല്‍ 28 വരെ ബഹ്‌റൈനിലുണ്ടാകും.
ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ തുറമുഖമാണ് മൂന്നാമത്തെ കേന്ദ്രം. അവിടെ നിന്ന് ഇറാനിലെ ബന്ദര്‍ അബ്ബാസ്, മക്‌റാന്‍ തുറമുഖങ്ങളിലേക്കാണ്  'സീനത്ത് അല്‍ ബിഹാര്‍' എത്തുക. ഇറാന്‍ പര്യടനം പൂര്‍ത്തിയാക്കിയ ശേഷം  'സീനത്ത് അല്‍ ബിഹാര്‍' ജനുവരി രണ്ടാം വാരം മസ്‌കത്തിലെ സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് തിരിച്ചെത്തും.
പൗരാണിക കപ്പലുകളുടെ മാതൃകയില്‍ സലാലയിലാണ് 'സീനത്ത് അല്‍ ബിഹാര്‍' നിര്‍മിച്ചത്. 61 മീറ്റര്‍ നീളമുള്ള ഈ റോയല്‍ കപ്പലില്‍ 75 പേര്‍ക്ക് യാത്ര ചെയ്യാം. ആദ്യമായി യാത്ര നടത്തിയത് 1988 മാര്‍ച്ചിലാണ്
.

2010 ഡിസംബർ 12, ഞായറാഴ്‌ച

ഒമാനില്‍ ദേശീയ അവധിദിനം പ്രഖ്യാപിച്ചു

മസ്ക്കത്ത്: ഒമാനില്‍ ദേശീയ അവധിദിനം പ്രഖ്യാപിച്ചു. ഡിസംബര്‍ 25 മുതല്‍ ഡിസംബര്‍ 29 വരെ സര്‍ക്കാര്‍ തലത്തില്‍ അവധിയായിരിക്കുമെന്ന് ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് അലി ബിന്‍ ഹമൂദ് അല്‍ ബുസയിദി അറിയിച്ചു.ഡിസംബര്‍ 30,31 വാരാന്ത അവധിക്കു ശേഷം 2011 ജനുവരി ഒന്നിനാണു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുക.
  സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 25 മുതല്‍ ഡിസംബര്‍ 27 വരെ അവധിയായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഡിസംബര്‍ 28 ചൊവ്വാഴ്ച്ച സ്വകാര്യ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നാതായിരിക്കും.

2010 നവംബർ 19, വെള്ളിയാഴ്‌ച

ഒമാന്റെ നാല്‍പതാം ദേശീയദിനാഘോഷത്തിനു രാജകീയ തുടക്കം

മസ്കറ്റ്: വികസനപാതയില്‍ വിജയഭേരി മുഴക്കി ഒമാന്റെ നാല്‍പതാം ദേശീയദിനാഘോഷത്തിനു രാജകീയ തുടക്കം. രാജ്യത്തിന്റെ കരുത്തും കുതിപ്പും പ്രകടമാക്കി സൈനിക ബാന്‍ഡിന്റെ അകമ്പടിയോടെ നടന്ന പരേഡ് ആയിരങ്ങള്‍ക്ക് ആവേശമായി. രാഷ്ട്രനേതാക്കളും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഹിസ്ന്‍ അല്‍ ഷുമൂഖില്‍ നടന്ന പരേഡില്‍ പങ്കെടുത്തു. റോയല്‍ ആര്‍മി ഒാഫ് ഒമാന്‍, എയര്‍ഫോഴ്സ്, നേവി, റോയല്‍ ഗാര്‍ഡ് ഒാഫ് ഒമാന്‍ തുടങ്ങിയവയുടെ സംഗീത ട്രൂപ്പുകളും പരേഡില്‍ അണിനിരന്നു. പരേഡിന് അശ്വാരൂഢ സേന അകമ്പടി നല്‍കി. വിവിധ ദിവസങ്ങളിലായി നടക്കുന്ന കലാ-സാംസ്കാരിക പരിപാടികളില്‍ സാധാരണക്കാര്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെയുള്ളവര്‍ പങ്കെടുക്കും. കുട്ടികള്‍ ഒരുക്കുന്ന കലാപരിപാടികളും ഉണ്ടാകും. വര്‍ണാഭമായ കരിമരുന്നു പ്രയോഗമാണു മറ്റൊരു പ്രത്യേകത.
1970 ല്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദ് ഭരണസാരഥ്യം ഏറ്റെടുത്തശേഷം രാജ്യം കൈവരിച്ച നേട്ടങ്ങളുടെ സുവര്‍ണശോഭ എല്ലായിടത്തും പ്രകടം. വഴിയോരങ്ങളും ഷോപ്പിങ് മാളുകളും വീടുകളും സ്ഥാപനങ്ങളും അലങ്കാരദീപങ്ങളില്‍ കുളിച്ചുനില്‍ക്കുകയാണ്. അടുത്തമാസം പകുതിവരെ നീളുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ യുഎഇ അടക്കമുള്ള അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ബന്ധുക്കളും സുഹൃത്തുക്കളും എത്തിക്കഴിഞ്ഞു.
ഗള്‍ഫിലെ കേരളം എന്നറിയപ്പെടുന്ന സലാലയില്‍ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ദേശീയദിനം പ്രമാണിച്ചു സുല്‍ത്താന്‍ ഖാബൂസിനു ലോകനേതാക്കളുടെ അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്. വിവിധ ദിവസങ്ങളിലായി നടക്കുന്ന പരിപാടികളില്‍ വിദേശ രാഷ്ട്രത്തലവന്‍മാര്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നു

2010 നവംബർ 8, തിങ്കളാഴ്‌ച

'സുല്‍ത്താന്‍ ഖാബൂസ്': ദീര്‍ഘദര്‍ശിയായ രാജ്യശില്‍പി

മസ്കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദിന്റെ ജീവിതകഥ പറയുന്ന പുസ്തകത്തിന്റെ മലയാളം പതിപ്പ് ഒമാന്റെ 40-ാമതു ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കി. ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി അനില്‍ വാധ്വ, ഗള്‍ഫാര്‍ കോണ്‍ട്രാക്ടിങ് കമ്പനി മാനേജിങ് ഡയറക്ടര്‍ ഡോ. പി. മുഹമ്മദാലി എന്നിവര്‍ ചേര്‍ന്നു പുസ്തകം ഒമാന്‍ എസ്റ്റാബ്ലിഷ്മെന്റ് ഫോര്‍ പ്രസ്, പബ്ലിക്കേഷന്‍ ആന്‍ഡ് അഡ്വര്‍ടൈസിങ് സിഇഒ: അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ മുസാലം അല്‍ റഹ്ബിക്കു കൈമാറി. ’സുല്‍ത്താന്‍ ഖാബൂസ്: ദീര്‍ഘദര്‍ശിയായ രാജ്യശില്‍പി എന്ന പുസ്തകത്തിന്റെ രചന നിര്‍വഹിച്ചിട്ടുള്ളത് മാധ്യമപ്രവര്‍ത്തകന്‍ കബീര്‍ യൂസഫാണ്.